News
‘ഔര്‍ ലേഡി ഓഫ് അറേബ്യ’; ബഹ്‌റൈനിലെ ക്രിസ്ത്യന്‍ സമൂഹത്തിന് പുതിയൊരടയാളം
സ്വന്തം ലേഖകന്‍ 16-07-2018 - Monday
മനാമ: കത്തോലിക്ക വിശ്വാസികള്‍ക്കായി ബഹ്‌റൈന്‍ രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ സൗജന്യമായി അനുവദിച്ച സ്ഥലത്തു ‘ഔര്‍ ലേഡി ഓഫ് അറേബ്യ’ കത്തീഡ്രൽ ദേവാലയ നിര്‍മ്മാണം പുരോഗമിക്കുന്നു. അറേബ്യന്‍ ഉപദ്വീപിലെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ തിലകക്കുറിയെന്ന്‍ വിശേഷിപ്പിക്കാവുന്ന ദേവാലയത്തിന്റെ നിര്‍മ്മാണം ഇക്കഴിഞ്ഞ ജൂണ്‍ 10നാണ് ആരംഭിച്ചത്. ബഹ്‌റൈന്‍റെ തലസ്ഥാനമായ മനാമയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള അവാലിയില്‍ പണികഴിപ്പിക്കുന്ന കത്തീഡ്രല്‍ ദേവാലയത്തിന്റെ നിര്‍മ്മാണം 2021-ല്‍ പൂര്‍ത്തിയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
വടക്കന്‍ അറേബ്യയിലെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ അടയാളമായി മാറുവാന്‍ പോകുന്ന ദേവാലയം അറേബ്യന്‍ മേഖലയുടെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമാതാവിന്റെ നാമധേയത്തിലാണ് നിര്‍മ്മിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ വടക്കേ പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലെ സഭയുടെ ആസ്ഥാനകേന്ദ്രമായി ഈ ദേവാലയം മാറും. ഒരേസമയം രണ്ടായിരം വിശ്വാസികളെ ഉള്‍ക്കൊള്ളുവാന്‍ കഴിയുന്ന രീതിയിലാണ് പുതിയ ദേവാലയം നിര്‍മ്മിക്കുന്നത്. എപ്പിസ്കോപ്പല്‍ ക്യൂരിയയുടെ ഔദ്യോഗിക വസതി, അതിഥി മന്ദിരം, വിദ്യാഭ്യാസ-അജപാലക സൗകര്യങ്ങള്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് തുടങ്ങിയവയും പുതിയ കത്തീഡ്രലിനോടനുബന്ധിച്ചു നിര്‍മ്മിക്കുന്നുണ്ട്.
ഇതിനുപുറമേ സാമൂഹ്യ, വിദ്യഭ്യാസ, സാംസ്കാരിക പരിപാടികള്‍ നടത്തുവാനുള്ള സൗകര്യവുമുണ്ടായിരിക്കും. 15 ലക്ഷത്തോളം വരുന്ന ബഹ്റൈനിലെ ജനസംഖ്യയില്‍ ഏതാണ്ട് എണ്‍പത്തിനായിരത്തോളം കത്തോലിക്ക വിശ്വാസികളാണുള്ളത്. ആകെയുള്ള വിശ്വാസികളില്‍ ഇറാഖ്, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഭൂരിഭാഗവും. ഇന്ത്യ, ശ്രീലങ്ക, ലെബനന്‍, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ക്രിസ്ത്യാനികളും ബഹ്‌റൈനിലുണ്ട്.
നേരത്തെ ജൂണ്‍ 10നു നടന്ന തറക്കല്ലിടല്‍ കര്‍മ്മത്തില്‍ ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികള്‍, ബഹ്റൈന്‍ രാജാവിന്റെ പ്രതിനിധി, അപ്പസ്തോലിക ന്യൂണ്‍ഷോ മോണ്‍. ഫ്രാന്‍സിസ്കോ മോണ്ടെസില്ലോ പാഡില്ലാ, വടക്കന്‍ അറേബ്യയുടെ വികാര്‍ മോണ്‍. കാമില്ലോ ബാല്ലിന്‍ എന്നിവര്‍ പങ്കെടുത്തിരിന്നു. പ്രാദേശിക വിശ്വാസികള്‍ക്ക് പുറമേ കുവൈറ്റ്, ഖത്തര്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ള വിശ്വാസികളും ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയെന്നതും ശ്രദ്ധേയമാണ്.