News - 2025
ഒടുവിൽ നീതി; ഇറാഖി കന്യാസ്ത്രീക്ക് യുകെ സന്ദര്‍ശിക്കുവാന്‍ അനുമതി
സ്വന്തം ലേഖകന്‍ 18-07-2018 - Wednesday
ഇര്‍ബില്‍/ ലണ്ടന്‍: ബ്രിട്ടനിലെ രോഗിയായ സഹോദരിയെ സന്ദര്‍ശിക്കുവാന്‍ യുകെ വിസ തുടര്‍ച്ചയായി നിഷേധിക്കപ്പെട്ട ഇറാഖി കന്യാസ്ത്രിക്കു ഒടുവില്‍ സന്ദര്‍ശനാനുമതി. കണ്‍സര്‍വേറ്റീവ് പാര്‍ലമെന്റംഗങ്ങളായ ജേക്കബ് റീസ് മോഗ്ഗിന്റേയും, സര്‍ എഡ്വാര്‍ഡ് ലെയിഗിന്റേയും ഇടപെടല്‍ നിമിത്തമാണ് രണ്ടുപ്രാവശ്യത്തോളം ബ്രിട്ടീഷ് സര്‍ക്കാര്‍ വിസ നിഷേധിച്ച ഡൊമിനിക്കന്‍ സഭാംഗമായ സിസ്റ്റര്‍ ബാന്‍ മഡ്‌ലീന് ഒടുവില്‍ വിസ ലഭിച്ചത്. 2014-ല്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണത്തെ തുടര്‍ന്ന്‍ ഇറാഖിലെ ക്രിസ്ത്യന്‍ നഗരമായ ക്വാരക്കോഷില്‍ നിന്നും പലായനം ചെയ്ത് ഇര്‍ബിലില്‍ താമസമാക്കിയ സിസ്റ്റര്‍ ബാന്‍ പ്രീ സ്കൂള്‍ സെന്‍ററുകള്‍ നടത്തിവരികയാണ്.
യുകെയിലുള്ള രോഗിയായ തന്റെ സഹോദരിയേയും കുടുംബത്തേയും സന്ദര്‍ശിക്കുവാന്‍ വേണ്ടി സിസ്റ്റര്‍ ബാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ വിസക്കായി അപേക്ഷിച്ചിരുന്നുവെങ്കിലും ബ്രിട്ടന്‍ വിസ നിഷേധിക്കുകയാണ് ചെയ്തത്. സിസ്റ്റര്‍ ബാന്‍ വീണ്ടും വിസക്കായി അപേക്ഷിച്ചെങ്കിലും കഴിഞ്ഞ മാസവും അപേക്ഷ നിരസിക്കപ്പെട്ടു. ഇതേ തുടര്‍ന്നു ഇക്കഴിഞ്ഞ തിങ്കളാഴ്ച പാര്‍ലമെന്റംഗങ്ങളായ ജേക്കബ് റീസും, എഡ്വാര്‍ഡും സിസ്റ്റര്‍ ബാന്നിന്റെ കാര്യം ഹൗസ് ഓഫ് കോമ്മണ്‍സില്‍ ഉന്നയിക്കുകയായിരിന്നു. അതേ ദിവസം തന്നെ സിസ്റ്റര്‍ക്ക് വിസ അനുവദിക്കപ്പെടുകയും ചെയ്തു. ഇക്കാര്യം nasarean.org സ്ഥാപകനായ ഫാ. കിയലി ട്വിറ്ററിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ഐഎസ് ഇരയായ കന്യാസ്ത്രീക്ക് വിസ ലഭിക്കുവാന്‍ അന്താരാഷ്ട്ര ശ്രദ്ധ വേണ്ടിവന്നുവെന്നത് നിര്‍ഭാഗ്യകരമാണെന്നു അദ്ദേഹം കുറിച്ചു.
ഇതാദ്യമായല്ല ക്രിസ്ത്യന്‍ നേതാക്കള്‍ക്ക് യുകെയില്‍ വിസ നിഷേധിക്കപ്പെടുന്നത്. യുകെയിലെ ആദ്യത്തെ കല്‍ദായ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ സമര്‍പ്പണ കര്‍മ്മത്തില്‍ പങ്കെടുക്കുവാന്‍ കല്‍ദായ ഓര്‍ത്തഡോക്സ് സഭയുടെ ക്ഷണപ്രകാരം വിസക്കായി അപേക്ഷിച്ച മൂന്ന്‍ ഇറാഖി, സിറിയന്‍ മെത്രാപ്പോലീത്തമാരുടെ അപേക്ഷകള്‍ നിരസിക്കപ്പെട്ടത് 2016-ലാണ്. മറ്റൊരു ഇറാഖി ഡൊമിനിക്കന്‍ സിസ്റ്ററിന്റെ വിസ അപേക്ഷയും ഇതിന് മുന്‍പ് നിരസിച്ചിട്ടുണ്ട്. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വിസ നിഷേധിക്കുന്ന കാരണത്താല്‍ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും പരിശീലനം നല്‍കുന്ന മാര്‍ഗേറ്റിലെ സെന്റ് അന്‍സ്ലേം എന്ന കത്തോലിക്ക സ്ഥാപനം കഴിഞ്ഞ വര്‍ഷം അടച്ചു പൂട്ടിയിരിന്നു.