News - 2024

ക്രൈസ്തവര്‍ ഇല്ലെങ്കില്‍ മധ്യപൂര്‍വ്വേഷ്യയില്ല: ലെബനീസ് ഇസ്ളാമിക പണ്ഡിതന്‍

സ്വന്തം ലേഖകന്‍ 19-07-2018 - Thursday

ബെയ്റൂട്ട്: മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന്‍ ക്രൈസ്തവര്‍ ഇല്ലാതായാല്‍ അത് മധ്യപൂര്‍വ്വേഷ്യ ഇല്ലാതാകുന്നതിന് സമാനമാണെന്ന് ലെബനീസ് റിപ്പബ്ലിക്കിന്റെ ഗ്രാന്‍റ് മുഫ്തി ഷെയ്ഖ് അബ്ദൽ ലത്തീഫ് ദരിയന്‍. മധ്യപൂര്‍വ്വേഷ്യയില്‍ പലായനം മൂലം ക്രൈസ്തവ വിശ്വാസികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. മക്കസേദ് സ്ഥാപനങ്ങളിൽ പഠനം പൂർത്തിയാക്കിയവർക്ക് സര്‍ട്ടിഫിക്കറ്റ് നൽകി ആദരിക്കുന്ന ചടങ്ങിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ക്രൈസ്തവരോടൊപ്പം സഹവർത്തിക്കുന്നതിൽ സന്തുഷ്ടരാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ക്രൈസ്തവ നരഹത്യയ്ക്ക് ഗൗരവമായ ശിക്ഷ നൽകണമെന്നും ഓര്‍മ്മിപ്പിച്ചു.

ഇസ്ളാമിക് വിദ്യാലയങ്ങൾ മതസൗഹാർദത്തിന് മുൻതൂക്കം നൽകി ലോകത്തെ ഒരു കുടുംബമായി നോക്കി കാണാൻ തലമുറകൾക്ക് പരിശീലനം നൽകുമെന്നും ലബനീസ് സുന്നി വിഭാഗത്തിന്റെ പ്രതിനിധി കൂടിയായ അദ്ദേഹം കൂട്ടിച്ചേർത്തു. 2014 ൽ ലെബനീസ് റിപ്പബ്ളിക്ക് ഗ്രാന്‍റ് മുഫ്തിയായി തിരഞ്ഞെടുക്കപ്പെട്ട ഷെയ്ക്ക് അബ്ദുൽ ലത്തീഫ് സൗഹൃദ സംഭാഷണങ്ങൾക്ക് പ്രശസ്തനാണ്. ക്രൈസ്തവർക്ക് നേരെ നടക്കുന്ന മുസ്ളിം സുന്നി വിഭാഗത്തിന്റെ ആക്രമണങ്ങളെ അദ്ദേഹം നേരത്തെ അപലപിച്ചിരുന്നു.


Related Articles »