News - 2024

ക്രൈസ്തവര്‍ നേരിടുന്ന മതപീഡനം: ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് ചോദ്യം ഉയർത്തി നിയമനിർമ്മാണ സഭാംഗം

സ്വന്തം ലേഖകന്‍ 24-07-2018 - Tuesday

ലണ്ടന്‍: വിശ്വാസത്തിന്റെ പേരിൽ ക്രിസ്‌ത്യാനികൾ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയോട് ചോദ്യം ഉയർത്തി നിയമനിർമ്മാണ സഭാംഗം. ക്രോയിഡൺ സൗത്തിൽ നിന്നുള്ള നിയമനിർമ്മാണ സഭാംഗമായ ക്രിസ്‌ ഫിലിപ്പാണ് ക്രൈസ്തവ പീഡനത്തെ പറ്റി ചോദ്യം ഉന്നയിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്‌ത്യാനികൾക്കു നേരേയുളള അക്രമങ്ങളും, പീഡനങ്ങളും വർദ്ധിച്ചു വരികയാണെന്നും, ഈ കാര്യത്തിൽ തനിക്കുളള ആശങ്ക പ്രധാനമന്ത്രിക്കുണ്ടോയെന്നും ക്രിസ് ഫിലിപ്പ്, തെരേസ മേയോട് ചോദിച്ചു.

പാക്കിസ്ഥാനിലെ ആശുപത്രിയിൽ അടിയേറ്റ് കൊല്ലപ്പെട്ട ക്രൈസ്തവ വിശ്വാസി സുനിൽ സലിമിന്റെ കാര്യവും, പ്രാർത്ഥിച്ചതിന്റെ പേരിൽ എറിത്രിയയിലെ ജയിലിലടയ്ക്കപ്പട്ട മുപ്പത്തി മൂന്ന് സ്ത്രീകളുടെ കാര്യവുമാണ് ക്രിസ്‌തീയ പീഡനത്തിന്റെ ഉദാഹരണങ്ങളായി ക്രിസ് ഫിലിപ്പ് ചൂണ്ടിക്കാട്ടിയത്. ഒരു ഗവണ്‍മെന്റ് എന്ന നിലയ്ക്ക് തന്റെ സർക്കാർ പീഡിപ്പിക്കപ്പെടുന്ന ക്രെെസ്തവർക്കൊപ്പം നിൽക്കുമെന്നും, അവരെ തങ്ങൾ പിന്‍തുണയ്ക്കുമെന്നും തെരേസ മേയ് ചോദ്യത്തിനു മറുപടിയായി പറഞ്ഞു.

ഇക്കാലഘട്ടത്തിലും ക്രെെസ്തവ വിശ്വാസികൾ അവരുടെ വിശ്വാസത്തിന്റെ പേരിൽ ആക്രമിക്കപ്പെടുകയും, കൊല്ലപ്പെടുകയും ചെയ്യുന്നത് ഉൾക്കൊളളാൻ പ്രയാസമാണെന്നും, എന്നാൽ ഏതു മതത്തിലും ഏതു വിശ്വാസത്തിലും ഉൾപ്പെട്ട ആളാണെങ്കിലും അവരുടെ വിശ്വാസം പിന്തുടരാനായുള്ള സ്വാതന്ത്യത്തിനായി നിലകൊള്ളുമെന്ന് ആവർത്തിച്ചു പറയാൻ നാം തയാറാകണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി രാഷ്ട്രീയ നേതാക്കളോടായി പറഞ്ഞു. പീഡനമേൽക്കുന്ന ക്രിസ്‌ത്യാനികൾക്കായി ബ്രിട്ടണിലെ രാഷ്ട്രീയ വേദികളിൽ നിരന്തരം ശബ്ദമുയർത്തുന്ന ചുരുക്കം ചില ബ്രിട്ടീഷ് നേതാക്കൻമാരിൽ ഒരാളാണ് ക്രിസ്‌ ഫിലിപ്പ്.


Related Articles »