News - 2025

ലാവോസ് ഡാം ദുരന്തം: ദുഃഖം രേഖപ്പെടുത്തി ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 25-07-2018 - Wednesday

വത്തിക്കാന്‍ സിറ്റി: തെക്കു കിഴക്കന്‍ രാജ്യമായ ലാവോസില്‍ നിര്‍മ്മാണത്തിലിരുന്ന അണക്കെട്ട് തകര്‍ന്നു നിരവധി പേര്‍ മരിച്ച സംഭവത്തില്‍ ഫ്രാന്‍സിസ് പാപ്പയുടെ അനുശോചനം. മരണമടഞ്ഞവരു‌‌‌ടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും മുറിപ്പെട്ടവരെ സാന്ത്വനം അറിയിക്കുകയും ചെയ്ത പാപ്പ, കാണാതായവരെ തിരയുകയും, സംഭവ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുയും ചെയ്യുന്ന സര്‍ക്കാര്‍ സംവിധാനത്തിലെ ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ഇതര ഏജന്‍സികള്‍, സന്നദ്ധസേവകര്‍ എന്നിവരെ പ്രത്യേകം പ്രാര്‍ത്ഥനയില്‍ സമര്‍പ്പിക്കുന്നതായും അറിയിച്ചു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റ് വഴിയാണ് ലാവോസിലെ ഭരണകര്‍ത്താക്കളെയും സഭാനേതൃത്വത്തെയും പാപ്പ തന്റെ ദുഃഖം അറിയിച്ചത്.

തിങ്കളാഴ്ച രാത്രിയാണ് കമ്പോഡിയയുമായി അതിര്‍ത്തി പങ്കിടുന്ന ലാവോസിന്റെ തെക്കന്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഡാമില്‍ അപകടമുണ്ടായത്. ആറായിരത്തിലധികം പേരുടെ കിടപ്പാടം ദുരന്തത്തില്‍ നഷ്ടമായി. കനത്ത മഴയില്‍ അപ്രതീക്ഷിതമായി വെള്ളം കുത്തിയൊലിച്ചെത്തിയതാണ് നിര്‍മ്മാണത്തിലിരുന്ന ഡാമിന്റെ ഒരു ഭാഗം തകര്‍ന്നു വീഴാൻ കാരണം. അതിശക്തമായ ഒഴുക്കിൽ എത്ര പേ‍ർ പെട്ടിട്ടുണ്ടാകുമെന്നും എത്ര പേർ മരിച്ചുവെന്നും കണക്കാക്കാൻ കഴിയാത്ത അവസ്ഥയിലാണ് അധികൃതർ. 19 പേര്‍ ഇതിനോടകം മരിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.


Related Articles »