News

ഇസ്ലാം മത വിശ്വാസം ഉപേക്ഷിച്ച് കത്തോലിക്ക വിശ്വാസം സ്വീകരിച്ച യുവാവ് വെെദികനായി അഭിഷിക്തനായി

സച്ചിൻ ജോസ് എട്ടിയിൽ 29-07-2018 - Sunday

യോഗ്യകർത്ത: ഇസ്ലാം മത വിശ്വാസം ഉപേക്ഷിച്ച് കത്തോലിക്ക വിശ്വാസം സ്വീകരിച്ച യുവാവ് ഇന്തോനേഷ്യയിൽ വെെദികനായി അഭിഷിക്തനായി. 'യേശു ഏകരക്ഷകന്‍' എന്നു തിരിച്ചറിഞ്ഞു ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഹെൻറിച്ച് അൻഗ എന്ന യുവാവാണ് കഴിഞ്ഞ ദിവസം തിരുപട്ടം സ്വീകരിച്ചത്. ഇന്തോനേഷ്യയിലെ വളരെ പ്രശസ്തമായ കുടുംബത്തിലാണ് ഹെൻറിച്ച് അൻഗ ജനിച്ചത്. അൻഗയുടെ പിതാവും, മാതാവും ഇസ്ലാം മത വിശ്വാസികളായിരുന്നു.

പിതാവ് പ്രശസ്തമായ ഒരു യൂണിവേഴ്സിറ്റിയുടെ റെക്ടറായിരുന്നു. മാതാവ് കർലീനോ സുപ്പേലി ഇന്തോനേഷ്യയിലെ ആദ്യത്തെ വനിത ജ്യോതിശ്ശാസ്‌ത്രജ്ഞയായാണ് അറിയപ്പെടുന്നത്. കർലീനോ അറിയപ്പെടുന്ന ഒരു തത്ത്വചിന്തകകൂടിയാണ്. ഒരിക്കൽ കർലീനോ ഒരു കത്തോലിക്കാ തത്വചിന്താ ക്ലാസിൽ പങ്കെടുക്കാനിടയായി. അന്ന് കേട്ട ചില കാര്യങ്ങൾ കർലീനോയുടെ ജീവിതത്തെ മാറ്റി മറിക്കുകയായിരിന്നു. അവൾ പിന്നീട് കത്തോലിക്കാ വിശ്വാസത്തിലേയ്ക്ക് കടന്നു വന്നു.

അമ്മയോടൊപ്പം മകനും കത്തോലിക്കാ വിശ്വാസം പുൽകുകയായിരിന്നു. പിതാവ് ഇസ്ലാം മതത്തിൽ തന്നെ തുടർന്നു. അധികം വൈകാതെ അൻഗ വെെദിക പഠനത്തിനായി ജെസ്യൂട്ട് സഭയിൽ ചേർന്നു. ഇക്കഴിഞ്ഞ ഇരുപത്തി അഞ്ചാം തീയതിയോഗ്യകർത്ത എന്ന സ്ഥലത്തുള്ള സെന്റ് ആന്‍റണീസ് ദേവാലയത്തിൽ വച്ചാണ് അൻഗ പുരോഹിതനായി അഭിഷിക്തനായത്. അൻഗയുടെ പിതാവ് മകന്റെ പട്ടം സ്വീകരണം കാണാൻ ദേവാലയത്തിൽ എത്തിയിരുന്നു. ലോകത്തെ ഏറ്റവും വലിയ ഇസ്ളാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ തിരുപട്ടം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് സമീപകാലത്ത് ഉണ്ടായിരിക്കുന്നത്.


Related Articles »