News - 2025
കുമ്പസാരം വിശ്വാസികളുടെ സ്വാതന്ത്ര്യം; നിരോധിക്കണമെന്ന ഹര്‍ജി തള്ളി
സ്വന്തം ലേഖകന്‍ 02-08-2018 - Thursday
കൊച്ചി: ക്രിസ്തീയ സഭകളിലെ കുമ്പസാരം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും കുമ്പസാരം നിരോധിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. കുമ്പസാരം വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്ന് പറയാൻ സാധിക്കില്ലായെന്നും കുമ്പസാരിക്കുമ്പോൾ എന്ത് പറയണമെന്നത് വിശ്വാസികളുടെ സ്വാതന്ത്ര്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. കുമ്പസാരിക്കണോ വേണ്ടയോ എന്നത് ഒരാളുടെ വ്യക്തി സ്വാതന്ത്ര്യമല്ലേയെന്ന് ഹൈക്കോടതി വാദത്തിനിടെ ചോദിച്ചു.
ഒരു വിശ്വാസം തെരഞ്ഞെടുക്കാനും അതിൽ നിന്ന് പുറത്തു പോകാനും അവകാശമുണ്ട്. കുമ്പസാരിക്കുമ്പോൾ എന്തു പറയണം പറയേണ്ട എന്നത് വിശ്വാസികളുടെ സ്വാതന്ത്ര്യമാണ്. കുമ്പസാരിക്കണമെന്നത് നിയമപരമായ നിർബന്ധമല്ല. ഒരാൾ സ്വന്തം ഇഷ്ടപ്രകാരമാണ് വിശ്വസിക്കുന്നതെന്നും കോടതി പറഞ്ഞു. എറണാകുളം സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.