Monday Mirror - 2025
ഏതു മതത്തിൽ പെട്ടവനാകട്ടെ; യേശുവിനെ അറിയാതെ ആരും ദൈവത്തെ അറിയുന്നില്ല
അരവിന്ദാക്ഷ മേനോൻ 29-02-2016 - Monday
അദ്ദേഹത്തിന്‍റെ ഈ ഉപദേശം കേട്ടപ്പോള്‍ സത്യത്തില്‍ എന്‍റെ മനസ്സിലേക്കു വന്നത് എന്‍റെ ഭാര്യ തന്നെയാണ്. വലിയ വിദ്യാഭ്യാസ യോഗ്യതയൊന്നുമില്ലാത്ത ഒരു നാട്ടിന്‍പുറത്തുകാരി. വിവാഹം കഴിഞ്ഞ് എന്‍റെ വീട്ടിലേക്കു വന്നു കഴിഞ്ഞപ്പോള്‍ അവള്‍ എന്നോടൊരു നിവേദനം നടത്തി: എന്നെപ്പോലെ തന്നെ ഒരു ഹൈന്ദവ കുടുംബത്തിലാണ് ജനിച്ചു വളര്‍ന്നത്; പക്ഷെ അവളുടെ വീടിനടുത്തുള്ള എല്ലാ വീടുകളും ക്രിസ്ത്യാനികളുടെ വീടുകളായിരുന്നു. വെറും ക്രിസ്ത്യാനികള്‍ എന്നു പറഞ്ഞാല്‍ പോരാ വളരെ യാഥാസ്ഥിതികരായ റോമന്‍ കത്തോലിക്കരായ ക്രിസ്ത്യാനികള്‍ എല്ലാ വീട്ടിലും ഒരച്ചനും രണ്ടും മൂന്നും കന്യാസ്ത്രീകളുമുണ്ട്. കൂടെപ്പഠിച്ചവരില്‍ പലരും അച്ചന്‍മാരാകാനും കന്യാസ്ത്രീകളാകാനും പഠിക്കാന്‍ പോയിരിക്കുകയാണ്. പഠിപ്പ് മുഴുവന്‍ കോണ്‍വെന്‍റെ് സ്കൂളില്‍ കന്യാസ്ത്രീകളുടെ കീഴില്‍, ഇങ്ങനെയുള്ള വീടുകളുമായുള്ള സംസര്‍ഗ്ഗത്തിലും സഹവാസത്തിലും കുട്ടിക്കാലം മുതല്‍ എന്‍റെ ഭാര്യ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നു. ദിവസവും കുരിശു വരയ്ക്കുകയും പ്രാര്‍ത്ഥിക്കുകയുമൊക്കെ ചെയ്യും. എല്ലാ ഞായറാഴ്ചയും പള്ളിയില്‍ പോയി കുര്‍ബാന കാണും. അതിലൊന്നും വിരോധം തോന്നരുത്. തടസ്സപ്പെടുത്തരുത് എന്നായിരുന്നു എന്നോടുളള കുമ്പസാരം.
ഞാന്‍ പറഞ്ഞു: "ഞാനൊരു കമ്മ്യൂണിസ്റ്റുകാരനാണ്, നിരീശ്വരവാദിയാണ് എനിക്കീവക വിശ്വാസമൊന്നുമില്ല. ഞാന്‍ പള്ളിയിലും പോകാറില്ല. എങ്കിലും മറ്റൊരാളുടെ വിശ്വാസത്തെ ഞാനൊരിക്കലും ചോദൃം ചെയ്യില്ല. അതുകൊണ്ട് തനിക്ക് തന്‍റെ വിശ്വാസമാകാം എനിക്കൊരു വിരോധവുമില്ല." "നിങ്ങളും കൂടിയങ്ങനെയാകണം" എന്നൊന്നു പറഞ്ഞു നോക്കി എന്‍റെ ഭാര്യ. ഞാന്‍ പറഞ്ഞു: "അതുവേണ്ട! ഒന്നാമത് ഞാന്‍ കമ്മ്യുണിസ്റ്റുകാരനാണ്. വിശ്വാസമില്ല. രണ്ടാമത് നാം ജനിച്ചു വളര്‍ന്ന ഹിന്ദുമതം അത്ര മോശമാണെന്നുള്ള അഭിപ്രായവും എനിക്കില്ല!" ഞങ്ങള്‍ക്കുണ്ടായ രണ്ടു മക്കളെയും ആ വിശ്വാസത്തില്‍ തന്നെ വളര്‍ത്തി.
പിന്നീട് എന്‍റെ ജോലിയും വരുമാനവും നഷ്ടപ്പെട്ട് ഞങ്ങളുടെ ജീവിതം വലിയ ദുഃഖത്തിലും ദുരിതത്തിലുമായി കഴിഞ്ഞപ്പോഴും എന്‍റെ ഭാര്യ പറഞ്ഞു: "കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക; നമ്മുടെ കുടുംബം രക്ഷ പ്രാപിക്കും." ഞാന്‍ കേട്ടില്ല. ഞാന്‍ വീണ്ടും ക്ഷേത്രങ്ങളിലേക്കു മടങ്ങി. നേര്‍ച്ച കാഴ്ചകളും പ്രാര്‍ത്ഥനയും വഴിപാടുമൊക്കെയായി നടന്നു. ഈ ദേവീ ദേവന്മാരുടെ വിഗ്രഹങ്ങള്‍ക്ക് മുമ്പില്‍ നിന്ന്‍ യാതൊരു പ്രയോജനവുമില്ലാതെ നിരാശനായി ദുഃഖിതനായി മടങ്ങി വന്നപ്പോഴും എന്‍റെ ഭാര്യ പറഞ്ഞു: "കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിക്കുക; നമ്മുടെ കുടുംബം രക്ഷ പ്രാപിക്കും" ഞാന്‍ കേട്ടില്ല എന്നു മാത്രമല്ല അവളുടെ നേരെ തട്ടിക്കയറി: "പത്തു മുപ്പത്തഞ്ചു വര്‍ഷം മുട്ടുകുത്തി പ്രാര്‍ത്ഥിക്കുകയും കുരിശു വരയ്ക്കുകയും കൊന്ത ജപിക്കുകയും പള്ളിയില്‍ പോവുകയും ചെയ്തിട്ട് നിനക്കെന്തു കിട്ടി? ഇതല്ലേ അനുഭവം എന്നോടിതൊന്നും പറയണ്ട."
ഞാന്‍ യുക്തിവാദിയും നിരീശ്വരവാദിയുമൊക്കെയായി നടന്നുവെങ്കിലും എന്‍റെ ഉള്ളിന്‍റെയുള്ളില്‍ ഞാന്‍ വിശ്വസിച്ചഭിമാനിച്ചിരുന്ന എന്‍റെ മതം ആ മതത്തിന്‍റെ- യഥാര്‍ത്ഥ മതഗ്രന്ഥത്തിന്‍റെ ശാസനങ്ങള്‍ ബോധനങ്ങള്‍ ഉപദേശങ്ങള്‍! സര്‍വോപരി എന്നെ ഉപദേശിക്കുന്ന ബ്രാഹ്മണനായ ആ ഗുരുനാഥന്‍റെ ഉപദേശം! എല്ലാം ചേര്‍ന്ന് എന്നെ വീണ്ടും ക്രൂശിതനായ ക്രിസ്തുവിന്‍റെ മുന്നില്‍ കൊണ്ടുവന്നു നിര്‍ത്തിയപ്പോള്‍ സത്യത്തില്‍ ഞാനോര്‍ത്തത് എന്‍റെ വിവരവും വിദ്യാഭ്യാസവുമില്ലാത്ത ഭാര്യയെയാണ് എന്നെക്കാള്‍ എത്രയോ വലിയ വിവരം! എന്നേക്കാള്‍ എത്രയോ വലിയ വിദ്യാഭ്യാസം! എന്നേക്കാള്‍ എത്രയോ വര്‍ഷം മുമ്പെ ഈ പാവം സ്ത്രീക്കു ലഭിച്ചിരിക്കുന്നു. മാത്രമല്ല ജോലിയും വരുമാനവും നഷ്ടപ്പെട്ട് ഒരു നേരത്തെ ആഹാരത്തിനുള്ള വകപോലും സമ്പാദിച്ചു കൊടുക്കാന്‍ കഴിവില്ലാത്ത കുടുംബനാഥനും ഭര്‍ത്താവുമായി അവളുടെയും കുഞ്ഞുങ്ങളുടെയും മുന്നില്‍ നിരാശനായി നിസ്സഹായനായി ഞാന്‍ നില്‍ക്കുമ്പോഴും യാതൊരു പരാതിയും പരിഭവവുമില്ലാതെ പണ്ടത്തെപ്പോലെ സ്നേഹത്തോടെ, സന്തോഷത്തോടെ എന്നോടു പെരുമാറാന്‍, എന്നെ ആശ്വസിപ്പിക്കാന്‍ പോലും ഇവള്‍ക്കു സന്മനസ്സു കൊടുത്തത് ഈ വിശ്വാസവും അതിന്‍റെ പിന്‍ബലമായ യേശുവിന്‍റെ നിറയുന്ന സ്നേഹവുമാണെന്ന് എനിക്ക് ബോധ്യമായി.
ജീവിതത്തില്‍ ആദ്യമായി ഞാനൊരു ബൈബിള്‍ കയ്യിലെടുത്തു വിശ്വാസത്തിലൊന്നുമല്ല. ഈ പഠനത്തിന്‍റെ ഭാഗമായി മാത്രം. ഞങ്ങള്‍ ഹിന്ദുക്കള്‍ മതഗ്രന്ഥങ്ങള്‍ വായിക്കാനെടുത്താല്‍ - വിശുദ്ധ ഗ്രന്ഥങ്ങള്‍ കൈയ്യിലെടുത്താല്‍ - ആദ്യത്തെ പേജിലെ ആദ്യത്തെ വരിമുതല്‍ വായിച്ചു തുടങ്ങുക പതിവില്ല. അങ്ങനെ വായിക്കാന്‍ പാടില്ല. വെറുതെ മറിച്ചെടുത്ത് വലത്തെ പേജില്‍ ആദ്യത്തെ എഴുവരിയും പിന്നീടുള്ള ഏഴ് അക്ഷരവും തള്ളിക്കളഞ്ഞ് ബാക്കി വായിക്കണം. അങ്ങനെ വായിക്കുമ്പോള്‍ അതില്‍ ദൈവത്തിന്‍റെ സന്ദേശം ഉണ്ടാകും. എന്നാണ് ഹിന്ദുക്കളുടെ വിശ്വാസം. ഈ വിശ്വാസത്തോടെ, ഇക്കാര്യത്തില്‍ ദൈവത്തിന് എന്നോടുള്ള സന്ദേശം എന്താണെന്നറിയണം എന്നുള്ള വിചാരത്തോടെ ഞാന്‍ ബൈബിള്‍ തുറന്നെടുത്തു. ആദ്യത്തെ ഏഴ് വരിയും ഏഴ് അക്ഷരവും തള്ളി ബാക്കി വായിച്ചു നോക്കി. എനിക്ക് കിട്ടിയ ആദ്യത്തെ ബൈബിള്‍ വാക്യം - ജീവിതത്തിലാദ്യമായി ഞാന്‍ വായിച്ച ബൈബിള്‍ വചനം, ഞാനൊരിക്കലും മറക്കുകയില്ല. അതെന്‍റെ ജീവിതത്തില്‍ വ്യക്തമായ ചലനമുണ്ടാക്കി- "മറ്റൊരുവനിലും രക്ഷയില്ല ആകാശത്തിന്‍ കീഴില്‍ മനുഷ്യരുടെ ഇടയില്‍ നമ്മുടെ രക്ഷയ്ക്കായി നല്‍കപ്പെട്ട മറ്റൊരു നാമവും ഇല്ല" (അപ്പ: 4:12).
ഒരു നിമിത്തം പോലെ ഈ വാക്യം കണ്ണില്‍പെട്ടത് കൊണ്ടുമാത്രം എനിക്ക് വിശ്വാസം ഉണ്ടായില്ല. എങ്കിലും ഈ വാക്യം ഒരു ചലനമുണ്ടാക്കി. എന്‍റെ മനസ്സില്‍ എന്‍റെ മനസ്സിലെ സംശയങ്ങള്‍ക്ക്- എന്‍റെ മനസ്സിലെ ചോദ്യങ്ങള്‍ക്ക് ഞാനുത്തരം കാണാന്‍ തുടങ്ങുകയാണ്- എനിക്ക് മറുപടി ലഭിക്കാന്‍ തുടങ്ങുകയാണ് എന്നൊരു ബോധ്യം. ഈ ബോധ്യമുണ്ടായപ്പോള്‍ വര്‍ദ്ധിച്ച ഉത്സാഹത്തോടെ, പഠിക്കാനുള്ള ആഗ്രഹത്തോടെ, ശ്രദ്ധയോടെ മനസ്സിരുത്തി ഉല്‍പ്പത്തി പുസ്തകം ഒന്നാം അദ്ധ്യായം ഒന്നാം വാക്യം മുതല്‍ ഞാന്‍ വായിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു ചെറിയ അത്ഭുതം സംഭവിക്കാനും തുടങ്ങി. ചില വാക്യങ്ങള്‍ വായിക്കുമ്പോള്‍ എന്‍റെ മനസ്സില്‍ ഒരു മണി മുഴങ്ങും. ഈ മണിമുഴക്കം കേള്‍ക്കുമ്പോള്‍ എനിക്കറിയാം. ഈ വാക്യം എനിക്ക് പുതിയതല്ല. ഈ വാക്യം ഞാന്‍ ഇതിനു മുമ്പേ വായിച്ചിട്ടുണ്ട്. പഠിച്ചിട്ടുണ്ട്. ബൈബിള്‍ ഞാനാദ്യം കാണുകയാണ്. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഞാന്‍ ഒരു ബൈബിള്‍ വായിക്കുന്നത്. പക്ഷെ ബൈബിളിലെ ഇതേ വാക്യം ഞാനിതിനു മുമ്പേ വായിച്ചിട്ടുണ്ട്. പഠിച്ചിട്ടുണ്ട്. എവിടെ? വേദങ്ങളില്‍! ഉപനിഷത്തുകളില്‍! അരണ്യകങ്ങളില്‍! ബ്രാഹ്മണങ്ങളില്‍! ഏതോ ഹൈന്ദവ മതഗ്രന്ഥത്തില്‍ ഞാനിതേ വാക്യം വായിച്ചിട്ടുണ്ട്. ഞാനാ പുസ്തകങ്ങളൊക്കെ മറിച്ചു നോക്കാന്‍ തുടങ്ങി. അധികമൊന്നും പരതാതെ ഏറെയൊന്നും മിനക്കെടാതെ ആ ഇണ വാക്യങ്ങള്‍ എനിക്ക് കിട്ടാനും തുടങ്ങി.
ആദ്യമൊക്കെ അതെനിക്കൊരത്ഭുതമായിരുന്നു. പിന്നീട് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്തെക്കുറിച്ച് പഠിച്ചപ്പോള്‍ അത്ഭുതമൊക്കെ പോയി. ഞാന്‍ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുകയായിരുന്നു എന്നെനിക്കു മനസ്സിലായി. ഹൈന്ദവ വേദങ്ങളില്‍ ഉപനിഷത്തുകളില്‍ അരണ്യകങ്ങളില്‍ ബ്രാഹ്മണങ്ങളില്‍ ഞാന്‍ വായിച്ചു പഠിച്ച വാക്യങ്ങള്‍, അതെ വാക്യങ്ങള്‍ അങ്ങനെതന്നെ വി. ബൈബിളില്‍ പ്രത്യക്ഷപ്പെടുന്നു! അതേ വാക്യങ്ങള്‍! അല്ലെങ്കില്‍ അതെ അര്‍ത്ഥത്തിലുള്ള വാക്യങ്ങള്‍! അതുമല്ലെങ്കില്‍ ചോദ്യവും ഉത്തരവുമെന്ന നിലയില്‍ ബന്ധപ്പെട്ട വാക്യങ്ങള്‍! ഹൈന്ദവമത ഗ്രന്ഥങ്ങളില്‍ ഉയര്‍ത്തിയിരിക്കുന്ന നിരവധിയായ ചോദ്യങ്ങള്‍ക്ക്, സംശയങ്ങള്‍ക്ക്, പ്രാര്‍ത്ഥനകള്‍ക്ക് കൃത്യമായ ഉത്തരങ്ങള്‍ വി.ബൈബിളില്‍. ഈ താരതമ്യത്തിന്‍റെ വിശദാംശങ്ങള്‍ ഒന്നും ഇതുപോലെയൊരു സാക്ഷ്യത്തില്‍ വെളിപ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ട്. എങ്കിലും ഏതാനും ചില ഉദാഹരണങ്ങള്‍ മാത്രം നല്‍കാം.
വി. ബൈബിളിലെ ആദ്യത്തെ പുസ്തകം ഉല്‍പ്പത്തി പുസ്തകമാണ്. പ്രപഞ്ച സൃഷ്ടിയുടെ ചരിത്രമാണ് ഉല്‍പ്പത്തി. സ്രഷ്ടാവും പിതാവുമായ ദൈവം ആറു ദിവസം കൊണ്ട് ഈ പ്രപഞ്ചം മുഴുവന്‍ സൃഷ്ടിച്ചു. ഇതില്‍ ഞാന്‍ ഇപ്രകാരം വായിച്ചു (ഉല്‍പ്പത്തി 1:3) ഒന്നാം ദിവസം "ദൈവം അരുളിച്ചെയ്തു വെളിച്ചമുണ്ടാകട്ടെ, അപ്പോള്‍ വെളിച്ചമുണ്ടായി." തുടര്‍ന്ന്‍ 16-ാം വാക്യത്തില്‍ നാമിപ്രകാരം വായിക്കുന്നു: "അന്ന്‍ ദൈവം സൂര്യനെയും ചന്ദ്രനേയും നക്ഷത്രങ്ങളെയും സൃഷ്ടിച്ചു. ഈ "അന്ന്‍" എന്നു പറയുന്നതു നാലാം ദിവസമാണ്. സൂര്യനെയും ചന്ദ്രനേയും നക്ഷത്രങ്ങളെയും - നമുക്കിന്നു പ്രകാശം തരുന്ന എല്ലാ പ്രകാശ ഗോളങ്ങളെയും ദൈവം സൃഷ്ടിച്ചതു നാലാം ദിവസമാണ്. അങ്ങനെയെങ്കില്‍ ഒന്നാം ദിവസം "ഉണ്ടാകട്ടെ" എന്നരുളിചെയ്തപ്പോള്‍ ഉണ്ടായ പ്രകാശം! ഏതു പ്രകാശം? എന്ത് പ്രകാശം? വി. യോഹന്നാന്‍റെ സുവിശേഷം ഒന്നാം അദ്ധ്യായം 1 മുതല്‍ 14 വരെയുള്ള വാക്യങ്ങളില്‍ ഈ ചോദ്യത്തിനുള്ള മറുപടിയുണ്ട് "ആദിയില്‍ വചനമുണ്ടായി." "ഉണ്ടാകട്ടെ" എന്നു ദൈവം ഇച്ഛിച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടായതു വെളിച്ചമല്ല. ദൈവത്തിന്‍റെ വചനമാണ്. ഈ വചനം വെളിച്ചമായി ഭൂമിയിലേക്കു വന്നു. വെളിച്ചമായി ഭൂമിയിലേക്കു വന്ന ദൈവവചനം മാംസം ധരിച്ച്, മനുഷ്യനായി, മനുസ്യനോടൊപ്പം വസിച്ചു. അത് ദൈവത്തിന്‍റെ ഏകജാതനായ പുത്രന്‍ യേശുക്രിസ്തുവാകുന്നു. "ഉണ്ടാകട്ടെ" എന്നു ദൈവം അരുളിച്ചെയ്തപ്പോള്‍ ദൈവത്തിന്‍റെ പരിശുദ്ധാത്മാവില്‍ നിന്നു പുറപ്പെട്ട് (ലൂക്കാ `1:35) വെളിച്ചമായി ഭൂമിയിലേക്കു വന്ന്‍ (യോഹ: 1:9) സകല മനുഷ്യര്‍ക്കും രക്ഷകനായിത്തീര്‍ന്ന ദൈവപുത്രന്‍, യേശുനാഥന്‍! (ലൂക്കാ 2:10,11)
ഹൈന്ദവ മതഗ്രന്ഥമായ ഋഗ്വേദം 10-ാം മണ്ഡലം, 121-ാം സൂക്തം, ഒന്നാമത്തെ മന്ത്രം:
"ഹിരണ്യ ഗര്‍ഭ: സമവര്‍ത്തതാഗ്രേ, ഭൂതസ്യജാത: പതിരേക ആസീത്, സദാധാര:പൃഥ്വി വീം ദ്യാമുതേമം, കസ്മൈ ദേവായ: ഹവിഷാ വിധേമ:"
ദൈവത്തിന്‍റെ പരമാത്മാവില്‍ നിന്ന്‍ തന്‍റെ ഏക ജാതനായ പുത്രന്‍, ഹിരണ്യഗര്‍ഭന്‍ എന്ന പ്രജാപതി വെളിച്ചമായി ഉത്ഭവിച്ചു. ഉത്ഭവിച്ച ഉടന്‍ തന്നെ അവന്‍ സകല ലോകങ്ങള്‍ക്കും സകല ചരാചരങ്ങള്‍ക്കുമുള്ള രക്ഷകനും പരിപാലകനുമായി ഭവിച്ചു." ദൈവത്തിന്‍റെ പരമാത്മാവില്‍ നിന്നു പുറപ്പെട്ടു വെളിച്ചമായി ഭൂമിയിലേക്കു വന്ന്‍ മനുഷ്യവംശത്തിന്‍റെ രക്ഷകനായിത്തീര്‍ന്ന ദൈവപുത്രന്‍റെ ജനനത്തെക്കുറിച്ചുള്ള മന്ത്രമാണ്.
90-ാം സൂക്തം 2-ാമത്തെ മന്ത്രം:
"പുരുഷ ഏവേദം സര്‍വ്വം, യദ്ഭുതം യച്ചഭവ്യം, ഉദാമൃതത്വസ്യഈശാന, യദാന്നേനതിരോഹതി."
"ദൈവത്തിന്‍റെ ഏക ജാതനായ പുത്രന്‍, പ്രജാപതി, കഴിഞ്ഞു പോയതും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതും ഇനി വരാനിരിക്കുന്നതുമായ സകലതും അവന്‍ തന്നെയാകുന്നു." ഭൂതവും വര്‍ത്തമാനവും ഭാവിയും സകലതും അവനില്‍ അടങ്ങിയിരിക്കുന്നു. വെളിപാട് പുസ്തകം 1-ാമദ്ധ്യായം 8-ാം വാക്യത്തില്‍ വി.യോഹന്നാനെഴുതി "ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനുമായ കര്‍ത്താവ്" ആയിരുന്നവന്‍ കഴിഞ്ഞു പോയത് ആയിരിക്കുന്നവന്‍ - ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്, വരാനിരിക്കുന്നവന്‍ - ഇനി വരാനിരിക്കുന്നവനുമായ കര്‍ത്താവ് - യേശുക്രിസ്തു! ഇതേ മന്ത്രത്തിന്‍റെ മൂന്നും നാലും പാദങ്ങള്‍ പറയുന്നു "അവന്‍ ജഗദവസ്ഥയെ പ്രാപിക്കുന്നത് - അവന്‍ ഭൂമിയിലേക്കു വരുന്നത് - സകല മനുഷ്യര്‍ക്കും കര്‍മ്മഫലാനുഭവം, അവരവരുടെ പ്രവര്‍ത്തിക്കനുസരിച്ച അനുഭവം നല്‍കാന്‍ വേണ്ടിയാണ്" വെളിപാട് പുസ്തകം 22-ാമദ്ധ്യായം 12-ാം വാക്യത്തില്‍ യേശുനാഥന്‍ അരുളിച്ചെയ്യുന്നു. "ഞാന്‍ ഭൂമിയിലേക്കു വരുന്നത് സകല മനുഷ്യര്‍ക്കും അവരവരുടെ പ്രവര്‍ത്തിക്കനുസരിച്ച പ്രതിഫലം നല്‍കാന്‍ വേണ്ടിയാണ്."
90-ാം സൂക്തം 7-ാമത്തെ മന്ത്രം:
"തം യജ്ഞം ബാര്‍ഹിഷിപ്രൌക്ഷന്‍, പുരുഷം ജാതമഗ്രത: തേനദേവാമയജന്ത: സാദ്ധ്യാ ഋഷയശ്ചയേ"
"ദൈവത്തിന്‍റെ ഏകജാതനായ പുത്രന്‍ പ്രജാപതിയെ മന്ത്രപുതമായ ജലം തളിച്ചു ശുദ്ധീകരിച്ച് യുപത്തില്‍ (മരത്തൂണില്‍) ബന്ധിച്ചു. സാദ്ധ്യന്‍മാരും (ഭാരണാധിപന്മാരും)ഋഷിമാരും (പുരോഹിതന്മാരും) ചേര്‍ന്ന്‍ യാഗം കഴിച്ചു." നാലു സുവിശേഷ പുസ്തകങ്ങളിലും നാം വായിക്കുന്നു: ദൈവത്തിന്‍റെ ഏകജാതനായ പുത്രന്‍ യേശുക്രിസ്തുവിനെ റോമാ സാമ്രാജ്യത്തിന്‍റെ പ്രതിപുരുഷന്‍ ദേശാധിപതി (ഭരണാധിപന്‍)പീലാത്തോസും യഹൂദരാജ്യത്തിന്‍റെ രാജാവ് (ഭരണാധിപന്‍) ഹേറോദേസും ഹന്നാസ് എന്നും കയ്യാഫാസ് എന്നും പേരുള്ള പുരോഹിതരുടെ നേതൃത്വത്തില്‍ ഒരു പുരോഹിതസംഘവും ചേര്‍ന്ന്‍ മരക്കുരിശിനേല്‍പിച്ചു കൊടുത്തു.
90-ാം സൂക്തം 16-ാമത്തെ മന്ത്രം പറയുന്നു:
"തമേവം വിദ്വാനമൃത: ഇഹഭവതി നാന്യപന്ഥാ, അയനായ വിദ്യതേ."
"ഈ ബലിപുരുഷനെ ഉപാസിക്കുന്നവര്‍ (ഹൃദയത്തില്‍ സ്വീകരിക്കുകയും അധരത്താല്‍ ജപിക്കുകയും ചെയ്യുന്നവര്‍)മോക്ഷം (രക്ഷ) പ്രാപിക്കുന്നു."
റോമാലേഖനം 10:8 ല്‍ വി.പൗലോസ് ശ്ലീഹാ എഴുതി: "ദൈവ പുത്രനെ ഹൃദയത്തില്‍ സ്വീകരിക്കുകയും അധരം കൊണ്ട് ഏറ്റു പറയുകയും ചെയ്യുന്നവര്‍ രക്ഷ പ്രാപിക്കുന്നു."
ഇങ്ങനെ നൂറു കണക്കിന് ഇണവാക്യങ്ങള്‍ എന്‍റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ എനിക്ക് വീണ്ടും സംശയം! വീണ്ടും ചിന്താക്കുഴപ്പം! വീണ്ടും ഞാൻ, ഹൈക്കൊടതിയുടെ ചീഫ്ജസ്റ്റിസ് ആയി പെന്‍ഷന്‍ പറ്റിയ ആ ബ്രാഹ്മണ പണ്ഡിതന്റെ അടുത്തുപോയി. അദ്ദേഹത്തോടു പറഞ്ഞു: "അത്ഭുതമായിരിക്കുന്നു." അദ്ദേഹം പറഞ്ഞു: "അത്ഭുതപ്പെടേണ്ട. ഞാന്‍ പറഞ്ഞല്ലോ. സ്വര്‍ഗ്ഗത്തിലെ ദൈവം അദൃശ്യനാണ്. മനുഷ്യന് ദൈവത്തെ കാണാന്‍ കഴിയില്ല. സ്വര്‍ഗ്ഗത്തിലെ ദൈവം മനുഷ്യന് അപ്രാപ്യമാണ്. ആര്‍ക്കും ദൈവത്തെ പ്രാപിക്കാന്‍ കഴിയില്ല. മനുഷ്യന് പുത്രനെ മാത്രമറിയാം. പുത്രനിലൂടെയല്ലാതെ ആരും ദൈവത്തെ അറിയുന്നില്ല. ഏക പുത്രന്‍ യേശുക്രിസ്തുവാണ്. നിങ്ങള്‍ ഏതു മതത്തില്‍ പെട്ടവനാകാം. പക്ഷെ യേശുവിനെ അറിയാതെ ദൈവത്തെ അറിയുന്നില്ല."
(തുടരും...)
(ഈ ലേഖനത്തിന്റെ ആദ്യ ഭാഗങ്ങൾ വായിക്കാൻ താഴെ click ചെയ്യുക)
ഭാഗം 1: സത്യ ദൈവത്തെ തിരിച്ചറിയുക
ഭാഗം 2: ഹൈക്കൊടതിയുടെ ചീഫ്ജസ്റ്റിസ് ആയിരുന്ന ഒരു ബ്രാഹ്മണ പണ്ഡിതനിലൂടെ യേശുവിനെ തിരിച്ചറിഞ്ഞു