India - 2024

എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ പുനരുദ്ധാരണം സാധ്യമാകൂ: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

സ്വന്തം ലേഖകന്‍ 06-09-2018 - Thursday

കൊച്ചി: മനുഷ്യന്റെ കൂട്ടായ്മ അതിശക്തമായി പ്രകടനമാകുന്നതിനാണ് പ്രളയസമയത്ത് സാക്ഷ്യം വഹിച്ചതെന്നും എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ പുനരുദ്ധാരണം സാധ്യമാകൂയെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. എറണാകുളം ടിഡിഎം ഹാളില്‍ പ്രളയ ദുരിതാശ്വാസ മേഖലയില്‍ പ്രവര്‍ത്തിച്ചവരുടെ കൂട്ടായ്മയ്ക്കായി സംഘടിപ്പിച്ച 'നമ്മളൊന്ന് നാം അതിജീവിക്കും' എന്ന പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മാനവികത ഏറ്റവും ഉന്നതിയില്‍ പ്രകടമായ സമയമായിരുന്നു അത്. സാംസ്‌കാരികമായി നമ്മള്‍ കുറേക്കൂടി ശക്തരായി. വിഭാഗീയത ചില വ്യക്തികളും സംഘടനകളും പര്‍വതീകരിച്ചു വന്ന സമയത്താണു പ്രളയം സംഭവിച്ചത്. ദുരന്തസമയത്തു രൂപപ്പെട്ട ഐക്യം വിഭാഗീയതയെ ഇല്ലാതാക്കി. ജാതി, മത വ്യത്യാസമില്ലാതെ എല്ലാവരും ഒന്നിച്ചുനിന്നതാണ് ദുരന്തത്തിലെ മരണസംഖ്യ കുറയാനുള്ള യഥാര്‍ഥ കാരണം. ഈ മാനവികതയ്ക്കു ലോകത്തിന്റെ അംഗീകാരം നേടാന്‍ കഴിഞ്ഞത് അഭിനന്ദനാര്‍ഹമാണ്. ഏവരും സഹായവുമായി മുന്നോട്ടുവരുന്‌പോള്‍ ഐക്യദാര്‍ഢ്യം കൂടുതല്‍ ശക്തിപ്പെടുമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.

ദുരന്തത്തില്‍ മരിച്ചവരുടെ സ്മരണയ്ക്കായി പുഷ്പാര്‍ച്ചനയും നടന്നു.ഡോ. കെ.എസ്. രാധാകൃഷ്ണന്‍, കെ.എല്‍. മോഹനവര്‍മ, സ്വാമി സുരേശ്വരാനന്ദ, പി.ബി. മേനോന്‍, വി. സലിം, അസിസ്റ്റന്റ് കമ്മീഷണര്‍ ലാല്‍ജി, ഐഎന്‍എസ് ഗരുഡ ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഫീസര്‍ കെ. സുരേന്ദ്രന്‍, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ജനറല്‍ മാനേജര്‍ എംഡി വര്‍ഗീസ്, റോട്ടറി പ്രതിനിധി രാജ് മോഹന്‍ നായര്‍, സിഐസിസി ജയചന്ദ്രന്‍, സി.ജി. രാജഗോപാല്‍, ലിനോ ജേക്കബ്, കെ. റജികുമാര്‍, ടി.ആര്‍. ദേവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Related Articles »