News - 2025

340 സിറിയന്‍ അഭയാര്‍ത്ഥികളെ ദത്തെടുത്ത് ഇറ്റാലിയന്‍ രൂപതകള്‍

സ്വന്തം ലേഖകന്‍ 08-09-2018 - Saturday

റോം: തെക്കു പടിഞ്ഞാറന്‍ മെഡിറ്ററേനിയന്‍ തീരത്ത് എത്തിയ അഭയാര്‍ത്ഥികളെ സ്വീകരിച്ച് ഇറ്റലിയിലെ രൂപതകള്‍. ഇറ്റലിയിലെ ‘കാരിത്താസ്’ സന്നദ്ധ സംഘടനയും പാപ്പയുടെ ഉപവി പ്രവര്‍ത്തനങ്ങള്‍ക്കുള്ള കാര്യാലയവും ഇറ്റാലിയന്‍ സര്‍ക്കാരിനോടു കൈകോര്‍ത്താണ് കുട്ടികളും സ്ത്രീകളും അടക്കമുള്ള സിറിയന്‍ അഭയാര്‍ത്ഥി സംഘത്തെ 'പാപ്പ ദി റോക്കാ' എന്നസ്ഥലത്തുള്ള വത്തിക്കാന്‍റെ കേന്ദ്രത്തില്‍ എത്തിച്ചത്. ഇവരെ എല്ലാവരെയും ഒറ്റയായും കുടുംബങ്ങളുടെ കൂട്ടമായും ഇറ്റലിയിലെ വിവിധ രൂപതകള്‍ ദത്തെടുക്കുമെന്ന വിവരം കഴിഞ്ഞ ദിവസം ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരിന്നു.

ഫ്രാന്‍സിസ് പാപ്പയുടെ തീരുമാനത്തോടു ചേര്‍ന്നാണ് ഇറ്റലിയിലെ ദേശീയ മെത്രാന്‍ സമിതി സര്‍ക്കാര്‍ നിബന്ധനകള്‍ക്ക് അനുസൃതമായി സിറിയന്‍ കുടുംബങ്ങളെയും കുഞ്ഞുങ്ങളെയും യുവതീയുവാക്കളെയും ദത്തെടുക്കുന്നതെന്ന്, മാര്‍പാപ്പയുടെ ഉപവിപ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന കര്‍ദ്ദിനാള്‍ കൊണ്‍റാട് ക്രജേസ്ക്കി റോമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തങ്ങളെ സ്വീകരിച്ചതിലുള്ള സന്തോഷം അഭയാര്‍ത്ഥികള്‍ പങ്കുവെച്ചു. ഒരു മുസ്ലിം സ്ത്രീ കുടിയേറ്റയാത്രയില്‍ കരുതിയ കന്യകാമാതാവിന്റെ സിറിയന്‍ സിറാമിക് ചിത്രവും നന്ദിസൂചകമായി കര്‍ദ്ദിനാള്‍ ക്രജേസ്കിയുടെ കൈവശം പാപ്പായ്ക്കു സമ്മാനിക്കുവാന്‍ കൈമാറിയതായി വത്തിക്കാന്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്യുന്നു.


Related Articles »