India - 2024
മഹത്തായ പൈതൃകമുള്ള ഭാഷയാണ് സുറിയാനി: ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത
സ്വന്തം ലേഖകന്‍ 09-09-2018 - Sunday
കോട്ടയം: പൗരസ്ത്യ ക്രിസ്ത്യന്‍ അനുഷ്ഠാനങ്ങളുടെയും ആരാധനയുടെയും അടിത്തറ സുറിയാനിയിലാണെന്നും സംസ്‌കൃതവും അറബിയും പോലെ മഹത്തായ പൈതൃകവും പാരന്പര്യവുമുള്ള ഭാഷയാണു സുറിയാനിയെന്നും ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത. കോട്ടയം സെന്റ് ഇഫ്രേം എക്യൂമെനിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഒന്‍പതാമത് ലോക സുറിയാനി സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
അധിനിവേശങ്ങളും സങ്കരവത്കരണവും ഏറെയുണ്ടായെങ്കിലും സിറിയന്‍ പാരന്പര്യം നഷ്ടപ്പെടാതിരിക്കുന്നത് അതിനെ സ്‌നേഹിക്കുന്ന സമൂഹങ്ങള്‍ എക്കാലത്തുമുണ്ടായതിനാലാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക സംസ്‌കാരത്തെയും ആധ്യാത്മികതയെയും സന്പന്നമാക്കിയ ഭാഷയാണ് സുറിയാനിയെന്നു എംജി വാഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. സാബു തോമസ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ഉദ്ഘാടനസമ്മേളനത്തില്‍ ഡോ. ഹെറാള്‍ഡ് സ്യുവര്‍മാന്‍ (ജര്‍മനി), ഡോ. ദാനിയേല്‍ മക്‌ണോഗി (കലിഫോര്‍ണിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി), ഡോ. അലിസണ്‍ സാല്‍വെസണ്‍ (ഓക്‌സ്ഫഡ്), ഡോ.എ.എം. തോമസ് (ഡയറക്ടര്‍, സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, എംജി വാഴ്‌സിറ്റി), ഡോ. ഹിദേമി തകാഹാഷി (ടോക്യോ), സീരി ഡയറക്ടര്‍ റവ. ഡോ. ജേക്കബ് തെക്കേപ്പറന്പില്‍ എന്നിവര്‍ പ്രസംഗിച്ചു. തിരുവല്ല രൂപത വികാരി ജനറാള്‍ ഫാ. ചെറിയാന്‍ താഴമണ്‍ സ്വാഗതവും ഡോ. രാജു പറക്കോട്ട് കൃതജ്ഞതയും പറഞ്ഞു. വിവിധ രാജ്യങ്ങളില്‍നിന്നായി നൂറിലേറെ ഗവേഷകരും അധ്യാപകരും ഒരാഴ്ചത്തെ സെമിനാറില്‍ പങ്കെടുക്കും.