News

മഴയെ അവഗണിച്ചും വിശ്വാസ സാക്ഷ്യം; ദിവ്യകാരുണ്യനാഥനെ കുമ്പിട്ട് ആരാധിച്ച് ബ്രിട്ടീഷ് ജനത

സ്വന്തം ലേഖകന്‍ 10-09-2018 - Monday

ലിവര്‍പ്പൂള്‍: രണ്ടായിരം വർഷങ്ങൾക്കു മുൻപ് മനുഷ്യരൂപത്തിൽ ഈ ഭൂമിയിലൂടെ നടന്നുനീങ്ങിയ ദൈവപുത്രനായ യേശുക്രിസ്തു ഇന്നലെ ദിവ്യകാരുണ്യരൂപനായി ബ്രിട്ടനിലെ ലിവർപൂൾ നഗരത്തിലൂടെ എഴുന്നള്ളിയപ്പോൾ പതിനായിരങ്ങൾ അവിടുത്തെ കുമ്പിട്ട് ആരാധിക്കാൻ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ് 'അഡോറംസ് 2018' ഇന്നലെ ഞായറാഴ്ച പൊതുനിരത്തിലൂടെ നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെയാണ് സമാപിച്ചത്. 'പില്‍ഗ്രിമേജ് ഡേ' എന്ന് നാമകരണം ചെയ്തിരിക്കുന്ന സമാപന ദിനത്തിലെ തിരുക്കര്‍മ്മങ്ങള്‍ ലിവര്‍പൂളിലെ ക്രൈസ്റ്റ് ദ കിംഗ് മെട്രോപ്പൊളീറ്റന്‍ കത്തീഡ്രലിലാണ് നടന്നത്.

രാവിലെ 9. 30ന് അര്‍പ്പിച്ച ദിവ്യബലിയില്‍ ലിവര്‍പ്പൂള്‍ ആര്‍ച്ച് ബിഷപ്പ് മാല്‍ക്കം മക്മഹന്‍ മുഖ്യകാര്‍മികനായിരുന്നു. തുടര്‍ന്ന് 11ന് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ബിഷപ്പ് കൗണ്‍സില്‍ അധ്യക്ഷനും വെസ്റ്റ്മിനിസ്റ്റര്‍ ആര്‍ച്ച് ബിഷപ്പുമായ വിന്‍സെന്റ് നിക്കോള്‍സിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദിവ്യബലി അര്‍പ്പണം നടന്നു. ആര്‍ച്ച് ബിഷപ്പ് മക്മഹന്‍ വചനസന്ദേശം നല്‍കി. 1 മണിക്ക് ആണ് യുകെയുടെ പൊതുവീഥിയിലൂടെ ദിവ്യകാരുണ്യ ഈശോയെ എഴുന്നള്ളിച്ചുകൊണ്ട് പ്രദിക്ഷണം നടന്നത്. ക്രിസ്തുരാജന് ഓശാന പാടി നീങ്ങിയ പതിനായിരങ്ങള്‍ മഴയെ അവഗണിച്ചാണ് ദിവ്യകാരുണ്യ പ്രദിക്ഷണത്തില്‍ ഭാഗഭാക്കായത്.

ഇടവകകളിലെ ദിവ്യകാരുണ്യ ആരാധന പുനരുജ്ജീവിപ്പിക്കുക, ദിവ്യബലിയോടുള്ള മഹത്തായ സ്നേഹം പ്രോത്സാഹിപ്പിക്കുക, സഭാ ചരിത്രത്തില്‍ ദിവ്യകാരുണ്യത്തിനുള്ള പ്രാധാന്യത്തെ കുറിച്ച് ആഴമായ ബോധ്യം പകര്‍ന്ന് നല്‍കുക, വിദ്യാലയങ്ങളിലും ഇടവകകളിലും ദിവ്യകാരുണ്യ ആരാധനയ്ക്കുള്ള അവസരങ്ങളൊരുക്കുക, ഇടവകകളിലെ മതാധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ദിവ്യകാരുണ്യനാഥനെ ആരാധിക്കാന്‍ ഒരുക്കുക, ഇടവക ശുശ്രൂഷയുടെ കേന്ദ്രസ്ഥാനം ദിവ്യകാരുണ്യമാണെന്ന ബോധ്യം പകരുക എന്നിവയായിരുന്നു 'അഡോറംസ് 2018' ന്റെ ലക്ഷ്യങ്ങള്‍.

മൂന്നു മണിയോടെ നല്‍കിയ ദിവ്യകാരുണ്യ ആശീര്‍വ്വാദത്തോടെയാണ് ദിവ്യകാരുണ്യ കോൺഗ്രസിന് തിരശീല വീണത്. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും രൂപതാ പ്രതിനിധികളും ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുത്തിരിന്നു. ഒരു നൂറ്റാണ്ട് മുന്‍പാണ് ഇതിന് മുന്നേ ദിവ്യകാരുണ്യ കോണ്‍ഗ്രസ് ബ്രിട്ടനില്‍ നടന്നത്.

കൂടുതല്‍ ചിത്രങ്ങള്‍ കാണാം


Related Articles »