News - 2024

പീഡിതരായ കോപ്റ്റിക് ക്രെെസ്തവ സമൂഹത്തിന് നൊബേൽ നാമനിർദ്ദേശം

സ്വന്തം ലേഖകന്‍ 30-09-2018 - Sunday

കെയ്റോ: വിശ്വാസത്തിന്റെ പേരിൽ തീവ്ര മുസ്ലിം വിഭാഗക്കാരിൽ നിന്നും നിരന്തരം പീഡനമേൽക്കേണ്ടി വരുന്ന ഈജിപ്തിലെ കോപ്റ്റിക് ക്രെെസ്തവ ന്യൂനപക്ഷം സമാധാന നൊബേൽ സമ്മാനത്തിനായുളള നാമനിർദ്ദേശ പട്ടികയിൽ ഇടം പിടിച്ചു. ഈജിപ്തിലെ ക്രെെസ്തവരുടെ ശാക്തീകരണത്തിനു വേണ്ടി നിലകൊളളുന്ന ചാരിറ്റി കോപ്റ്റിക് ഓർഫൻസ് എന്ന സംഘടനയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വാർത്ത പുറം ലോകം അറിഞ്ഞത്. ഇത് ആദ്യമായാണ് ഒരു മതവിഭാഗം പട്ടികയിൽ ഇടം പിടിക്കുന്നത്. വ്യക്തികളും, സംഘടനകളും ഉൾപ്പടെ മുന്നൂറ്റിമുപ്പത്തൊന്നു നാമനിർദ്ദേശങ്ങളാണ് ഈ വർഷത്തെ പട്ടികയിൽ ഉള്ളത്. ഇതിനേക്കാൾ കൂടുതൽ നാമനിർദ്ദേശം വന്നത് രണ്ടായിരത്തി പതിനാറിൽ മാത്രമാണ്.

ഒക്ടോബർ അഞ്ചിനാണ് നൊബേൽ സമ്മാന വിജയിയെ പ്രഖ്യാപിക്കുന്നത്. ഔദ്യോഗിക സമ്മാനദാന ചടങ്ങ് ഡിസംബറിലായിരിക്കും നടക്കുക. വാർത്തയെ അടിസ്ഥാനമാക്കി ചാരിറ്റി കോപ്റ്റിക് ഓർഫൻസ് സംഘടന ഇറക്കിയ പത്ര കുറിപ്പിൽ 2011-ൽ മുസ്ലിം ബ്രദർഹുഡിന്റെ ഹോസ്നി മുബാറക്കിന്റെ പതനത്തിനു ശേഷം ക്രെെസ്തവ വിശ്വാസികൾക്ക് വലിയ പീഡനങ്ങൾ നേരിടേണ്ടി വരുന്നുവെന്ന് വിവരിക്കുന്നു. ഒാപ്പൺ ഡോർസ് എന്ന സന്നദ്ധ സംഘടനയുടെ കണക്ക് അനുസരിച്ച് കഴിഞ്ഞ വർഷം നൂറ്റിഇരുപത്തിയെട്ട് കോപ്റ്റിക് ക്രെെസ്തവർ കൊല്ലപ്പെടുകയും, ഇരുനൂറിലധികം പേര്‍ ഭവനരഹിതരാകുകയും ചെയ്തു. കോപ്റ്റിക് ക്രെെസ്തവ സ്ത്രീകളും കടുത്ത വിവേചനമാണ് രാജ്യത്തു അനുഭവിക്കുന്നത്.


Related Articles »