News - 2024

യുവജനങ്ങളെ കേന്ദ്രീകരിച്ച് മെത്രാന്മാരുടെ സിനഡിന് ഇന്ന് ആരംഭം

സ്വന്തം ലേഖകന്‍ 03-10-2018 - Wednesday

വത്തിക്കാന്‍ സിറ്റി: യുവജനങ്ങളെ കേന്ദ്രീകരിച്ചുള്ള മെത്രാന്മാരുടെ സിനഡിന്‍റെ പതിനഞ്ചാം സാധാരണ പൊതു സമ്മേളനം ഇന്ന്‍ വത്തിക്കാനില്‍ ആരംഭിക്കും. യുവജനങ്ങള്‍, വിശ്വാസം, ദൈവവിളിയുടെ തിരിച്ചറിവ് എന്നതാണു സിനഡിന്റെ ചര്‍ച്ചാവിഷയം. കര്‍ദ്ദിനാള്‍മാര്‍, മെത്രാന്മാര്‍, വൈദികര്‍, സന്യസ്തര്‍, അല്മായര്‍ എന്നിവരടക്കം മുന്നൂറോളം പേരാണു സിനഡില്‍ സംബന്ധിക്കുന്നത്. സിനഡില്‍ അഞ്ചു ഭൂഖണ്ഡങ്ങളില്‍ നിന്നായി 36 യുവജനങ്ങളും പങ്കെടുക്കുന്നുണ്ട്. മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയോടെയാണ് സിനഡ് ആരംഭിക്കുക.

മെത്രാന്മാരുടെ സിനഡു സമ്മേളനങ്ങളുടെ നടത്തിപ്പിനെയും സിനഡിന്‍റെ പൊതുകാര്യാലയത്തിന്‍റെ പ്രവര്‍ത്തനങ്ങളെയും അധികരിച്ച് ഒരു പ്രബോധന രേഖ തിങ്കളാഴ്ച വത്തിക്കാനില്‍ പ്രകാശനം ചെയ്തിരിന്നു. മെത്രാന്മാരുടെ സിനഡിന്റെ സെക്രട്ടറി ജനറല്‍ കര്‍ദ്ദിനാള്‍ ലൊറേന്‍സോ ബാള്‍ഡിസേറി, ഉപ സെക്രട്ടറി ബിഷപ്പ് ഫാബിയോ ഫബേനെയും ആണ് ഇതില്‍ ഒപ്പു വച്ചിരിക്കുന്നത്. ദൈവജനമഖിലത്തിനും സമൂഹത്തിനു മൊത്തത്തിനും കേന്ദ്രപ്രാധാന്യമുള്ള ഒരു സംഭവമാണെന്നും സിനഡിലെ പല സമ്മേളനങ്ങളിലും ഫ്രാന്‍സിസ് മാര്‍പാപ്പ സന്നിഹിതനാകുമെന്നു കര്‍ദ്ദിനാള്‍ ലൊറേന്‍സോ ബാള്‍ഡിസേറി പറഞ്ഞു.

1965ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ മെത്രാന്മാരുടെ സിനഡിനു രൂപംകൊടുത്തശേഷം ഇതാദ്യമായി ചൈനയില്‍ നിന്നുള്ള രണ്ടു മെത്രാന്മാര്‍ സിനഡില്‍ സംബന്ധിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. മൂന്ന് കർദ്ദിനാൾമാർ, രണ്ട് ആർച്ച് ബിഷപ്പുമാർ, അഞ്ച് മെത്രാന്മാർ, രണ്ട് വൈദികർ, ഒരു യുവാവും യുവതിയും എന്നിങ്ങനെ പതിനാല് പേരടങ്ങുന്നതാണ് ഭാരതത്തെ പ്രതിനിധീകരിച്ചുള്ള സിനഡിൽ പങ്കെടുക്കുന്ന സംഘം. യുവജനങ്ങളെ പ്രതിനിധീകരിച്ച് ഇന്ത്യൻ കത്തോലിക്ക യൂത്ത് മൂവ്മെന്റ് പ്രസിഡൻറ് പെർസിവൽ ഹോൾട്ടും, ഫോക്ക്ലോർ മൂവ്മെൻറ് അംഗം ചെർലിൻ മെനെസസും സാന്നിധ്യം അറിയിക്കും.


Related Articles »