India - 2024

ധാര്‍മ്മികത കൈവെടിഞ്ഞ സുപ്രീംകോടതി വിധികള്‍ക്കെതിരെ ചങ്ങനാശേരി അതിരൂപത

സ്വന്തം ലേഖകന്‍ 27-10-2018 - Saturday

ആലപ്പുഴ: സ്വവര്‍ഗരതി, വിവാഹേതര ലൈംഗീക ബന്ധം, ദയാവധം എന്നിവയെ അനുകൂലിച്ചുകൊണ്ടുള്ള സംബന്ധിച്ച സുപ്രീംകോടതി ഉത്തരവുകള്‍ക്കെതിരേ നിയമനിര്‍മാണം നടത്തണമെന്ന ആവശ്യവുമായി ചങ്ങനാശേരി അതിരൂപത ജീവന്‍ജ്യോതിസ് പ്രോലൈഫ് സെല്‍. വിഷയത്തില്‍ അതിരൂപത ഫാമിലി അപ്പോസ്തലേറ്റ് ജീവന്‍ ജ്യോതിസ് പ്രോലൈഫ് സെല്‍, പിതൃവേദി, മാതൃവേദി സംഘടനാ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ, മേഖലാതല പ്രതിഷേധറാലി തുടങ്ങിയ വിവിധ പരിപാടികള്‍ നടത്തുമെന്ന് പ്രോലൈഫ് ഡയറക്ടര്‍ ഫാ. ജോസ് മുകളേല്‍, കോഓര്‍ഡിനേറ്റര്‍ ഏബ്രഹാം പുത്തന്‍കളം എന്നിവര്‍ പറഞ്ഞു. വിധിയില്‍ പുനര്‍വിചിന്തനം നടത്തണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയക്കുവാന്‍ തീരുമാനിച്ചതായും ഭാരവാഹികള്‍ പറഞ്ഞു.

ആദ്യഘട്ടമായി അതിരൂപതയിലെ 250 ഇടവകകളുടെ പരിധിയിലെ പോസ്റ്റ് ഓഫീസുകള്‍ക്ക് മുന്നില്‍ നവംബര്‍ അഞ്ചിന് രാവിലെ 10 മുതല്‍ 11 വരെ ഇടവക യൂണിറ്റുകളുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തും. അതിരൂപതയ്ക്കു കീഴിലെ ആലപ്പുഴ, കോട്ടയം, ചങ്ങനാശേരി തുടങ്ങിയ സ്ഥലങ്ങളില്‍ മേഖലാ തല പ്രതിഷേധ റാലിയും ധര്‍ണയും സംഘടിപ്പിക്കുന്നുണ്ട്. നവംബര്‍ ഒന്പതിന് നടക്കുന്ന ആലപ്പുഴ മേഖലാതല റാലിയുടെ ഭാഗമായി ഉച്ചകഴിഞ്ഞ് മൂന്നിന് പഴവങ്ങാടി പള്ളിയില്‍നിന്നും ഹെഡ് പോസ്‌റ്റോഫീസിലേക്ക് ജപമാല റാലിയും ധര്‍ണയും നടക്കും.

ആലപ്പുഴ, ചന്പക്കുളം, പുളിങ്കുന്ന്, എടത്വ ഫൊറോനകളുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടി ചങ്ങനശേരി അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. 15നു ഉച്ചകഴിഞ്ഞ് മൂന്നിന് അതിരന്പുഴ, കുടമാളൂര്‍, കോട്ടയം ഫൊറോനകളുടെ ആഭിമുഖ്യത്തില്‍ ഏറ്റുമാനൂര്‍ ക്രിസ്തുരാജ പള്ളിയില്‍നിന്നും ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിലേക്കും 19നു ഉച്ചകഴിഞ്ഞ് മൂന്നിന് ചങ്ങനാശേരി, തുരുത്തി, തൃക്കൊടിത്താനം, കുറുന്പനാടം, നെടുങ്കുന്നം, മണിമല ഫൊറോനകളുടെ നേതൃത്വത്തില്‍ ചങ്ങനാശേരി അരമനയില്‍ നിന്നും ഹെഡ്‌പോസ്റ്റ് ഓഫീസിനു മുന്നിലേക്കും ജപമാലറാലിയും ധര്‍ണയും നടത്തും. രണ്ടാംഘട്ടമായി തിരുവനന്തപുരത്തും കൊല്ലത്തും പരിപാടികള്‍ സംഘടിപ്പിക്കും.

More Archives >>

Page 1 of 200