India - 2024

കോടതിവിധികള്‍ നിയമപരവും ധാര്‍മ്മികവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും: കെസിബിസി പ്രൊലൈഫ് സമിതി

സ്വന്തം ലേഖകന്‍ 30-10-2018 - Tuesday

കൊച്ചി: സ്വവര്‍ഗരതി, വിവാഹേതരലൈംഗികബന്ധം, ദയാവധം തുടങ്ങിയ വിഷയങ്ങളില്‍ സമീപകാലത്തുണ്ടായ കോടതിവിധികള്‍ നിയമപരവും ധാര്‍മികവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് പാലാരിവട്ടം പിഒസിയില്‍ നടന്ന കെസിബിസി സംസ്ഥാനതല പ്രൊലൈഫ് യോഗം വിലയിരുത്തി. ഇതു ഭാരതസമൂഹത്തില്‍ ദൂരവ്യാപക ഫലങ്ങളുണ്ടാക്കും. കൂടാതെ ഇതു വിവാഹപൂര്‍വ്വ, വിവാഹേതര ലൈംഗികബന്ധങ്ങളെയും അനിയന്ത്രിതമായ സ്വവര്‍ഗലൈംഗികതയെയും പ്രോത്സാഹിപ്പിക്കും.

വ്യക്തിജീവിതത്തിലും കുടുബജീവിതത്തിലും പൊതുസമൂഹത്തിലും ഉന്നതമായ ധാര്‍മിക നിലവാരം പ്രതീക്ഷിക്കുന്ന ഭാരതീയ സമൂഹത്തിന് ഈ കോടതിവിധി ഉയര്‍ത്തുന്ന ധാര്‍മിക പ്രശ്‌നങ്ങളും നിയമപരമായ പ്രത്യാഘാതങ്ങളും കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ വര്‍ഗീസ് വള്ളിക്കാട്ട് ഓര്‍മ്മപ്പെടുത്തി.

ഇതു ഭാരതീയ സംസ്‌കാരത്തിന് അനുയോജ്യമാണോയെന്നും സമൂഹജീവിതത്തിനും കുടുംബഭദ്രതയ്ക്കും ധാര്‍മികപുരോഗതിക്കും സഹായകരമാണോയെന്നും കോടതി ഗൗരവപൂര്‍വ്വം പരിഗണിച്ചതായി കാണുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി റവ. ഫാ. പോള്‍ മാടശേരി അധ്യക്ഷത വഹിച്ചു. പ്രൊ-ലൈഫ് സമിതി പ്രസിഡന്റ് ജോര്‍ജ്ജ് എഫ് സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബുജോസ്, ട്രഷറര്‍ ജെയിംസ് ആഴ്ചങ്ങാടന്‍, സിസ്റ്റര്‍ മേരി ജോര്‍ജ്ജ്, ഷൈനി തോമസ് എന്നിവര്‍ പ്രസംഗിച്ചു.


Related Articles »