News

ഫിലിപ്പീന്‍സ് തിരുശേഷിപ്പ് തീർത്ഥാടനത്തില്‍ പങ്കുചേര്‍ന്നത് അരക്കോടി വിശ്വാസികള്‍

സ്വന്തം ലേഖകന്‍ 02-11-2018 - Friday

മനില: ഫിലിപ്പീൻസിൽ വിശുദ്ധ പാദ്രെ പിയോയുടെ തിരുശേഷിപ്പുമായി നടന്ന ചരിത്രപരമായ തീർത്ഥാടനത്തിൽ പങ്കുചേര്‍ന്നത് അരക്കോടിയോളം വിശ്വാസികൾ. ഒക്ടോബർ ആറ് മുതൽ ഇരുപത്തിയാറ് വരെ വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിച്ച തിരുശേഷിപ്പ് വണക്കം വി. പാദ്രെ പിയോയുടെ ബറ്റാങ്ക്സിലെ സാന്റോ തോമാസ് ദേശീയ തീർത്ഥാടന കേന്ദ്രത്തിലെ റെക്ടർ ഫാ. ജോജോ ഗോണ്ട ഏകോപിപ്പിച്ചു. വിശുദ്ധ പാദ്രെ പിയോയുടെ അഴുകാത്ത ഹൃദയവുമായി തീർത്ഥാടനം നടത്തുന്ന നാലാമത്തെ രാജ്യമാണ് ഫിലിപ്പീൻസ്. നേരത്തെ അമേരിക്ക, പാരഗ്വേ, അർജന്റീന തുടങ്ങിയ രാജ്യങ്ങളിൽ വിശുദ്ധന്റെ തിരുശേഷിപ്പ് പ്രദക്ഷിണം നടത്തിയിരുന്നു.

ഏഷ്യയിലെ ഏറ്റവും വലിയ കത്തോലിക്ക രാജ്യമായ ഫിലിപ്പീൻസിൽ തിരുശേഷിപ്പ് വണങ്ങാൻ പ്രതീക്ഷിച്ചതിലധികം ജനങ്ങൾ വന്നു ചേർന്നതായി പ്രാദേശിക നേതൃത്വവും വ്യക്തമാക്കി. അനേകം രാജ്യങ്ങളിൽ തിരുശേഷിപ്പിനെ അനുഗമിച്ച തന്നെ ഫിലിപ്പീൻ ജനതയുടെ വിശ്വാസം ആശ്ചര്യപ്പെടുത്തിയതായി സാന്‍ ജിയോവാനി റോട്ടോണ്ടോ ഫ്രാൻസിസ്കൻ കപ്പൂച്ചിൻ സമൂഹത്തിന്റെ സൂപ്പീരിയറും ഇറ്റാലിയൻ വൈദികനുമായ ഫാ. കാർലോ ലബോർഡേ പറഞ്ഞു.

ഇക്കഴിഞ്ഞ ഇരുപത്തിയാറിന് കൊറ്റബാറ്റോ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഓർലാന്റോയുടെ കാർമ്മികത്വത്തിൽ നടന്ന ദിവ്യബലിക്കു ശേഷമാണ് തിരുശേഷിപ്പ് ഇറ്റലിയിലേക്ക് തിരിച്ചു കൊണ്ടുപോയത്. രാജ്യം നേരിടുന്ന അരക്ഷിതാവസ്ഥയിലും അഴിമതിയിലും ജനങ്ങൾ ക്രിസ്തീയ അച്ചടക്കം പാലിക്കണമെന്ന് ആർച്ച് ബിഷപ്പ് ദിവ്യബലിയിൽ സന്ദേശം നല്കി. ഫിലിപ്പീൻസിന്റെ കറുത്ത ദിനങ്ങളാണിതെന്നും അധപതിച്ച സംസ്കാരം നിലനിൽക്കുമ്പോൾ ജനങ്ങൾ ക്രൈസ്തവ മൂല്യങ്ങളിൽ വിശ്വസിക്കുക മാത്രം ചെയ്യാതെ അത് സ്വജീവിതത്തില്‍ പ്രവർത്തികമാക്കണെന്നും അദ്ദേഹം നിർദേശിച്ചു.

മൂല്യച്യുതിയാണ് രാജ്യത്ത് വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങൾക്ക് കാരണം.വിശുദ്ധ പാദ്രെ പിയോ പോലെയുള്ളവരുടെ നന്മകൾ വാക്കുകളാൽ വർണ്ണിക്കാതെ ജീവിതത്തിൽ പകർത്തുമ്പോൾ ഉത്തമ മാതൃകകളാകാൻ ക്രൈസ്തവർക്ക് സാധിക്കും. ദൈവത്തിന്റെ കൃപാവരും ജീവിത വിശുദ്ധിയും അതിന് ആവശ്യമാണ് പ്രാർത്ഥനയാണ് ദൈവത്തിന്റെ ഹൃദയത്തിലേക്കുള്ള താക്കോലെന്ന് വിശുദ്ധൻ നമ്മെ അനുസ്മരിപ്പിക്കുന്നു. പ്രാർത്ഥനയിലൂടെ ക്രിസ്തുവിന്റെ സഹനത്തിലും പരിശുദ്ധിയിലും ഐക്യപ്പെടാമെന്ന ആഹ്വാനത്തോടെയാണ് കർദ്ദിനാൾ ഓർലാന്റോയുടെ സന്ദേശം സമാപിച്ചത്.


Related Articles »