News

സീറോ മലബാർ സഭയുടെ മഹിമ അറിഞ്ഞു ഓക്സ്ഫോർഡ് ഗവേഷകരും വിദ്യാർത്ഥികളും

ഫാ. ബിജു കുന്നയ്ക്കാട്ട് 10-11-2018 - Saturday

ഓക്സ്ഫോർഡ്: ലോകപ്രശസ്ത പഠനകേന്ദ്രമായ ഓക്സ്ഫോർഡ് സർവകലാശാലയിൽ, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ പ്രബന്ധം അവതരിപ്പിച്ചു. സർവകലാശാലയിലെ ന്യൂമാൻ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വ്യാഴാഴ്ച സെമിനാറുകളുടെ പരമ്പരയിൽ 'സിറോ മലബാർ സഭയും അതിന്റെ പൗരസ്ത്യ സുറിയാനി പാരമ്പര്യവും ' എന്ന വിഷയത്തെ അധികരിച്ചാണ് മാർ സ്രാമ്പിക്കൽ വിഷയാവതരണം നടത്തിയത്.

ഓസ്‌ഫോർഡ് സർവകലാശാലയിലെ കാത്തലിക് ചാപ്ലൈൻസ് റവ ഫാ. മാത്യു പവർ എസ് ജെ, റവ. ഫാ യാൻ തോമിലിസൺ എസ് ജെ, പ്രശസ്ത ബൈബിൾ പണ്ഡിതൻ റവ ഫാ നിക്കൊളാസ് കിംഗ് എസ് ജെ എന്നിവർ പങ്കെടുത്ത ഈ യോഗത്തിൽ ഓസ്‌ഫോർഡ് സർവകലാശാലയിലെ നിരവധി വിദ്യാർത്ഥികളും ഗവേഷകരും ശ്രോതാക്കളായി എത്തി. സിറോ മലബാർ സഭയുടെ അപ്പോസ്തോലിക പാരമ്പര്യം, പൗരസ്ത്യ സുറിയാനി ആരാധന ക്രമ സവിശേഷതകൾ, മാർ അദ്ദായി മാറി അനാഫറായുടെ പ്രത്യേകതകൾ എന്നിവ അടിവരയിട്ട പ്രബന്ധ അവതരണത്തിനു ശേഷം അരമണിക്കൂർ ചോദ്യോത്തരവേളയും ഉണ്ടായിരുന്നു.

ഓക്സ്ഫോർഡ് സർവകലാശാലയിലെ പൂർവ്വവിദ്യാർഥി കൂടിയാണ് മാർ ജോസഫ് സ്രാമ്പിക്കൽ. പൗരസ്ത്യ ദൈവശാസ്ത്രത്തിൽ അദ്ദേഹം മാസ്റ്റർ ബിരുദം നേടിയത് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നായിരുന്നു. ഓക്സ്ഫോർഡിലെ ബിരുദം കൂടാതെ, മറ്റു മൂന്നു യുണിവേഴ്സിറ്റികളിൽനിന്നായി മൂന്നു വിഷയങ്ങളിൽ കൂടി ബിരുദാനന്തരബിരുദങ്ങൾ മാർ സ്രാമ്പിക്കൽ നേടിയിട്ടുണ്ട്. ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ പ്രഥമ മെത്രാനായി തിരഞ്ഞെടുക്കപ്പെടുമ്പോൾ, റോമിലെ പ്രശസ്തമായ 'കോളേജിയോ ഉർബാനോ'യിൽ വൈസ് റെക്ടറായി സേവനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ ഭാഷകളിൽ പ്രാവീണ്യമുള്ള അദ്ദേഹം, 'കരുണയുടെ വര്ഷത്തിൽ' ഫ്രാൻസിസ് മാർപാപ്പ പ്രത്യേകമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത ആയിരം കുമ്പസാരക്കാരിൽ (കരുണയുടെ മിഷനറിമാർ) ഒരാളായിരുന്നു മാർ സ്രാമ്പിക്കൽ.


Related Articles »