News - 2024

പരിശുദ്ധ മാതാവിന്റെ വിമല ഹൃദയത്തിനു സമര്‍പ്പിക്കുവാന്‍ കാലിഫോര്‍ണിയ

സ്വന്തം ലേഖകന്‍ 23-11-2018 - Friday

ലോസ് ആഞ്ചലസ്: അമേരിക്കന്‍ സംസ്ഥാനമായ കാലിഫോര്‍ണിയയെ പരിശുദ്ധ കന്യകാമാതാവിന്റെ വിമല ഹൃദയത്തിനു സമര്‍പ്പിക്കുവാന്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. പരിശുദ്ധ മറിയത്തിന്റെ അമലോത്ഭവ തിരുനാള്‍ ദിനമായ ഡിസംബര്‍ 8 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് വിശുദ്ധ കുര്‍ബാനയോട് കൂടിയാണ് സമര്‍പ്പണ ചടങ്ങുകള്‍ നടക്കുക. ‘കോണ്‍സെക്രേറ്റ് കാലിഫോര്‍ണിയ’ എന്ന പേരില്‍ നടക്കുന്ന ശുശ്രൂഷയുടെ ഒരുക്കങ്ങള്‍ ലോസ് ആഞ്ചലസ്, ഓറഞ്ച് കൗണ്ടി, സാന്‍ ഡിയാഗോ, സാന്‍ ഫ്രാന്‍സിസ്കോ എന്നിവിടങ്ങളില്‍ പുരോഗമിക്കുകയാണ്.

സമര്‍പ്പണത്തോട് അനുബന്ധിച്ച് പ്രദിക്ഷിണവും, ജപമാലയും പ്രത്യേക പ്രാര്‍ത്ഥനകളും ഉണ്ടായിരിക്കും. സംസ്ഥാനത്തിന്റെ ധാര്‍മ്മിക അധപതനത്തേയും, തിന്മയെയും പ്രതിരോധിക്കുവാനാണ് കാലിഫോര്‍ണിയയെ പരിശുദ്ധ ദൈവമാതാവിന് സമര്‍പ്പിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. ഭ്രൂണഹത്യ, കൊലപാതകം, അക്രമം, ലഹരിയുടെ ഉപയോഗം, ലൈംഗീക അരാജകത്വം, മനുഷ്യക്കടത്ത് തുടങ്ങിയ പാപങ്ങളില്‍ നിന്നുള്ള വിടുതലിന് വേണ്ടി പരിശുദ്ധ കന്യകാമാതാവിന്റെ മാധ്യസ്ഥം അപേക്ഷിക്കുകയാണ് സമര്‍പ്പണത്തിന്റെ പിന്നിലെ ലക്ഷ്യം.

ഇതിനു പുറമേ രോഗികള്‍ക്കും, വയസ്സായവര്‍ക്കും വേണ്ടിയും, പ്രകൃതി ദുരന്തങ്ങള്‍, യുദ്ധം തുടങ്ങിയവയില്‍ നിന്നുള്ള സംരക്ഷണത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനകളും സമര്‍പ്പണത്തിന്റെ ഭാഗമായുണ്ടായിരിക്കും. ചലച്ചിത്ര മേഖലയിലെ സജീവസാന്നിധ്യവും, എഴുത്തുകാരനുമായ ആഞ്ചെലോ ലിബുട്ടി എന്ന ഗ്ലെന്‍ഡാലെ സ്വദേശിയുടെ മനസ്സിലാണ് ഈ ആശയം ആദ്യമായി ഉദിച്ചത്. തന്റെ ഈ ആശയത്തെക്കുറിച്ച് ലിബുട്ടി മെത്രാപ്പോലീത്തമാരുമായി പങ്കുവെച്ചതിനെ തുടര്‍ന്നാണ്‌ സമര്‍പ്പണത്തിനു കളമൊരുങ്ങിയത്‌.

സമര്‍പ്പണ ചടങ്ങുകള്‍ക്ക് മുന്നോടിയായി www.consecratecalifornia.com എന്ന പേരില്‍ ഒരു വെബ്സൈറ്റും സംഘാടകര്‍ ആരംഭിച്ചിട്ടുണ്ട്. സമര്‍പ്പണത്തില്‍ പങ്കെടുക്കുവാന്‍ കഴിയാത്തവര്‍ക്ക് വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള ജപമാലയും, പ്രാര്‍ത്ഥനകളും, ഒറ്റക്കോ കൂട്ടമായോ ചൊല്ലാവുന്നതാണെന്ന്‍ സംഘാടകര്‍ അറിയിച്ചു. സംസ്ഥാനത്തുടനീളമുള്ള ഇടവകകളില്‍ നിന്നുള്ള വിശ്വാസികള്‍ സമര്‍പ്പണ ചടങ്ങില്‍ പങ്കാളികളാകും.


Related Articles »