News - 2024

വാഴ്ത്തപ്പെട്ട ഹെന്റി ന്യൂമാന്റെ രണ്ടാമത്തെ അത്ഭുതത്തിനും അംഗീകാരം; വിശുദ്ധ പദവിയിലേക്ക്

സ്വന്തം ലേഖകന്‍ 30-11-2018 - Friday

ഷിക്കാഗോ: വാഴ്ത്തപ്പെട്ട ജോൺ ഹെന്റി ന്യൂമാന്റെ രണ്ടാമത്തെ അത്ഭുതവും വത്തിക്കാൻ അംഗീകരിച്ച സാഹചര്യത്തിൽ അടുത്ത വർഷം അദ്ദേഹത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തിയേക്കുമെന്ന് അനൌദ്യോഗിക റിപ്പോർട്ടുകൾ. ഗർഭധാരണത്തോടനുബന്ധിച്ച് ജീവൻ ഭീഷണിയിലായ ഒരു സ്ത്രീക്ക് ലഭിച്ച, വൈദ്യശാസ്ത്രത്തിനു പോലും വിശദീകരിക്കുവാൻ കഴിയുന്നില്ലെന്ന് ഡോക്ടർമാർ പോലും വിധിയെഴുതിയ അത്ഭുത രോഗശാന്തി വാഴ്ത്തപ്പെട്ട ന്യൂമാന്റെ മാധ്യസ്ഥതയാൽ നടന്നതാണെന്ന് ഷിക്കാഗോ രൂപതാധികാരികളും, വിശുദ്ധീകരണ തിരുസംഘവും അടങ്ങുന്ന പാനൽ അംഗീകരിച്ചതോടെ 2019 ഈസ്റ്ററിനു ശേഷം വാഴ്ത്തപ്പെട്ട ന്യൂമാൻ വിശുദ്ധ പദവിയിലേക്കുയർത്തപ്പെടാൻ സാധ്യതയുണ്ടെന്നാണ് നിരീക്ഷണം.

ഷിക്കാഗോ അതിരൂപതയാണ് ഈ സ്ത്രീക്ക് ലഭിച്ച രോഗശാന്തിയെക്കുറിച്ച് അന്വേഷിച്ചത്. മെത്രാൻ സമിതിയുടെ അംഗീകാരവും, ഫ്രാൻസിസ് പാപ്പായുടെ ഔദ്യോഗിക പ്രഖ്യാപനവും മാത്രമേ ഇനി ബാക്കിയുള്ളൂവെന്ന് നാമകരണ തിരുസംഘത്തിന്റെ തലവനായ ഫാ. ഇഗ്നേഷ്യസ് ഹാരിസൺ പറഞ്ഞു. അടുത്ത വർഷം വാഴ്ത്തപ്പെട്ട കർദ്ദിനാൾ ന്യൂമാനെ വിശുദ്ധനായി പ്രഖ്യാപിക്കുമെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1845-ല്‍ തന്റെ നാല്‍പ്പത്തിനാലാം വയസ്സിലാണ് ആംഗ്ലിക്കന്‍ വൈദികനായിരിന്ന വാഴ്ത്തപ്പെട്ട ഹെന്റി ന്യൂമാന്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ചത്. അനേകം പേരെ ആംഗ്ലിക്കന്‍ വിശ്വാസത്തില്‍ നിന്നും കത്തോലിക്കാ വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുള്ള വ്യക്തിയായിരിന്നു വാഴ്ത്തപ്പെട്ട ജോൺ ഹെന്റി ന്യൂമാൻ. ചർച്ച് ഓഫ് ഇംഗ്ളണ്ടിനെ അതിന്റെ തായ് വേരായ കത്തോലിക്ക വിശ്വാസത്തിലേക്ക് തിരികെ കൊണ്ടു വരുന്നതിനായിട്ടാണ് അദ്ദേഹം ഓക്സ്ഫോർഡ് പ്രസ്ഥാനം തന്നെ ആരംഭിച്ചത്. 1847-ല്‍ വൈദികനായ അദ്ദേഹത്തെ ലിയോ പതിമൂന്നാമൻ പാപ്പായാണ് കർദ്ദിനാളാക്കി ഉയര്‍ത്തിയത്.

ബർമിംഗ്ഹാം ഒറേറ്ററി സ്ഥാപിച്ചതിനു ശേഷം 1890-ൽ തന്റെ 89-മത്തെ വയസ്സില്‍ നിത്യതയിലേക്ക് യാത്രയായി. അദ്ദേഹത്തിന്റെ അഗാധമായ ദൈവശാസ്ത്രപരമായ രചനകൾ പരിഗണിച്ചു വേദപാരംഗനായി പ്രഖ്യാപിക്കണമെന്ന ആവശ്യം നേരത്തെ മുതല്‍ സജീവമാണ്. കർദ്ദിനാൾ ന്യൂമാന്റെ മധ്യസ്ഥതയാൽ നടന്ന ആദ്യത്തെ അത്ഭുതമായ ഡീക്കൻ സള്ളിവന്റെ രോഗശാന്തിയെ വത്തിക്കാൻ അംഗീകരിച്ചതിനെ തുടർന്ന്, 2010-ൽ ബെനഡിക്ട് പതിനാറാമൻ പാപ്പായാണ് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.


Related Articles »