India - 2019

ഈ സമര്‍പ്പിത 'ചൈതന്യം' എച്ച്‌ഐവി ബാധിതരായ കുട്ടികള്‍ക്ക് 'ഇന്‍സ്പയര്‍'

സിജോ പൈനാടത്ത്‌ 01-12-2018 - Saturday

കൊച്ചി: മരിച്ചുപോകുമെന്നു പലരും ഓര്‍മിപ്പിച്ചിടത്തുനിന്നു എച്ച്‌ഐവി ബാധിതരായ കുട്ടികളില്‍ പ്രത്യാശയുടെയും ആത്മവിശ്വാസത്തിന്റെയും വിത്തു പാകി പുതുജീവിതം സമ്മാനിച്ച് ഒരു സമര്‍പ്പിത. സിഎംസി സന്യാസിനി സമൂഹത്തിലെ ഇടുക്കി കാര്‍മല്‍ഗിരി പ്രോവിന്‍സ് അംഗമായ സിസ്റ്റര്‍ ചൈതന്യയാണ് എച്ച്‌ഐവി ബാധിതരായ കുട്ടികള്‍ക്കിടയില്‍ മുഴുവന്‍ സമയ സേവനത്തിലൂടെ പ്രത്യാശയുടെ സമര്‍പ്പിത ചൈതന്യമാകുന്നത്.

ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപന ജോലി 2009ല്‍ ഉപേക്ഷിച്ചാണു സിസ്റ്റര്‍ ചൈതന്യ എച്ച്‌ഐവിക്കും എയ്ഡ്‌സിനുമെതിരേ പോരാടാന്‍, അതിന്റെ പിടിയിലമര്‍ന്ന കുഞ്ഞുങ്ങള്‍ക്കു പ്രതീക്ഷ പകരാന്‍ ഇറങ്ങിപ്പുറപ്പെടുന്നത്. നെടുങ്കണ്ടം സിഎംസി മഠാംഗമായ സിസ്റ്റര്‍ ചൈതന്യ കൂന്പന്‍പാറ ഫാത്തിമമാതാ ജിഎച്ച്എസ്എസിലെ അധ്യാപികയായിരുന്നു. എച്ച്‌ഐവി ബാധിതരായ കുട്ടികളെ സ്‌കൂളില്‍ നിന്നു പുറത്താക്കുന്നതുള്‍പ്പെടെ അവരെ ഒറ്റപ്പെടുത്തുന്നതിന്റെ പത്രവാര്‍ത്തകള്‍ സിസ്റ്റര്‍ ചൈതന്യയെ അസ്വസ്ഥയാക്കി. 2011 ല്‍ കട്ടപ്പനയില്‍ എച്ച്‌ഐവി ബാധിതരായ കുട്ടികളുടെ ഒത്തുകൂടലിലൂടെയാണ് ഈ രംഗത്തേക്ക് ആദ്യചുവടു വയ്ക്കുന്നത്. സായൂജ്യ എന്ന സന്നദ്ധസംഘടനയിലൂടെ ഇടുക്കി ജില്ലയിലെ എച്ച്‌ഐവി കുട്ടികള്‍ക്കിടയില്‍ ബോധവത്കരണവും ക്യാന്പുകളും നടത്തി.

2013 ല്‍ ഇന്‍സ്പയര്‍ എന്ന പേരില്‍ എച്ച്‌ഐവി പ്രതിരോധ, ബോധവത്കരണ പരിപാടികള്‍ സംസ്ഥാനതലത്തിലേക്കു വ്യാപിപ്പിച്ചു. കൊച്ചിയിലെ ചാവറ കള്‍ച്ചറല്‍ സെന്റര്‍ കേന്ദ്രമാക്കി ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ പിന്നീടു ചാവറ ഇന്‍സ്പയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയായി വളര്‍ന്നു. പ്രഫ.എം.കെ.സാനു, തിരക്കഥാകൃത്ത് ജോണ്‍ പോള്‍, ഫാ. റോബി കണ്ണന്‍ചിറ തുടങ്ങിയവരുടെ മാര്‍ഗനിര്‍ദേശങ്ങളോടെയാണ് ഇന്‍സ്പയര്‍ പ്രവര്‍ത്തിക്കുന്നത്. സിസ്റ്റര്‍ ചൈതന്യയ്ക്കൊപ്പം സിസ്റ്റര്‍ ലിറ്റില്‍ തെരേസും ചാവറ ഇന്‍സ്പയറിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍മാരാണ്.

കേരളത്തില്‍ ആകെയുള്ള ആയിരത്തോളം എച്ച്‌ഐവി ബാധിതരായ കുട്ടികളില്‍ 250 ഓളം പേര്‍ ഇന്ന് ഇന്‍സ്പയറിന്റെ ഭാഗമാണ്. സംസ്ഥാനത്തെ നാലു മേഖലകളിലായി ഇവര്‍ക്ക് ആവശ്യമായ പഠന സഹായം, സ്വയം തൊഴില്‍ സംരംഭത്തിലേക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍, ഭവനനിര്‍മാണ, കൗണ്‍സലിംഗ് സഹായങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ക്കു സിസ്റ്റര്‍ ചൈതന്യയും ഇന്‍സ്പയറും നേതൃത്വം നല്‍കുന്നു. സുമനസുകളുടെ സഹായത്തോടെ 250 എച്ച്‌ഐവി കുട്ടികള്‍ക്ക് പഠനത്തിനു പ്രതിമാസം 1000, 500 രൂപയുടെ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നുണ്ട്. സിസ്റ്റര്‍ ചൈതന്യ എച്ച്‌ഐവി ബാധിതരായ കുട്ടികളുടെ വീടുകളില്‍ നിരന്തരം സന്ദര്‍ശനം നടത്തിവരുന്നുണ്ട്. എച്ച്‌ഐവി കുട്ടികള്‍ക്കാവശ്യമായ മെഡിക്കല്‍ സഹായവും ഇവര്‍ നല്‍കുന്നു.

എച്ച്‌ഐവി ബാധിതയായി ജനിക്കുന്ന കുഞ്ഞിനു പത്തു വര്‍ഷമാണു ജീവിതമുള്ളതെന്ന തെറ്റായ പ്രചാരണത്തിനും പഠനത്തിനും തിരുത്തു നല്‍കാന്‍ ഇന്‍സ്പയറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു സാധിച്ചുവെന്നു സിസ്റ്റര്‍ ചൈതന്യ പറയുന്നു. ജന്മനാ എച്ച്‌ഐവി ബാധിതയായി 26 ാം വയസിലും പൂര്‍ണ ആരോഗ്യത്തോടെ കഴിയുന്ന പെണ്‍കുട്ടി ഇന്‍സ്പയറിന്റെ സന്നദ്ധപ്രവര്‍ത്തകയായി തങ്ങള്‍ക്കൊപ്പമുണ്ടെന്നും അവര്‍ പറഞ്ഞു. ലോക എയ്ഡ്‌സ് ദിനമായ ഇന്ന് സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ പുതിയ ബോധവത്കരണ പരിപാടിക്കു തുടക്കം കുറിക്കുകയാണ് സിസ്റ്റര്‍ ചൈതന്യയും ചാവറ ഇന്‍സ്പയറും.

< Courtesy: Deepika >


Related Articles »