Life In Christ

ആത്മാക്കളുടെ സൗഖ്യത്തിനായി സമര്‍പ്പിത ജീവിതം തെരഞ്ഞെടുത്ത മുന്‍ സ്പാനിഷ് ഡോക്ടറുടെ ജീവിതസാക്ഷ്യം ശ്രദ്ധ നേടുന്നു

പ്രവാചകശബ്ദം 03-12-2022 - Saturday

മാഡ്രിഡ്: വൈദ്യ ചികിത്സാ രംഗത്ത് തിളങ്ങിനില്‍ക്കവേ തന്റെ കരിയര്‍ ഉപേക്ഷിച്ച് കര്‍ത്താവിന്റെ മണവാട്ടിയായ മുന്‍ സ്പാനിഷ് ഡോക്ടറുടെ ജീവിതകഥ വാര്‍ത്തകളില്‍ ഇടം നേടുന്നു. ഉന്നതമായ കരിയര്‍ ഉപേക്ഷിച്ച് ആത്മാക്കളുടെ സൗഖ്യത്തിനായി സമര്‍പ്പിത ജീവിതത്തിന് 'യെസ്' പറഞ്ഞ കര്‍മ്മലീത്താ സന്യാസിനി അകീകോ ടമൂരയുടെ ജീവിതകഥയാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. തന്റെ തൊഴില്‍ ജീവിതത്തില്‍ ഏറെ സന്തോഷവതിയായിരുന്നെങ്കിലും ദൈവവിളി സ്വീകരിക്കുവാന്‍ അകീകോ തീരുമാനിക്കുകയായിരുന്നു.

മാഡ്രിഡില്‍ ജനിച്ച അകീകോ തന്റെ അഞ്ചാമത്തെ വയസ്സിലാണ് മാമോദീസ മുങ്ങിയത്. മരണകിടക്കയില്‍വെച്ച് അമ്മൂമ്മ തന്റെ പിതാവിനോടു പറഞ്ഞ ആഗ്രഹം പാലിക്കുവാന്‍ അകീകോ നവാര സര്‍വ്വകലാശാലയില്‍ മെഡിസിനു ചേര്‍ന്നു. സ്പെയിനിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഫൈനല്‍ പരീക്ഷയായ എം.ഐ.ആര്‍ പരീക്ഷക്കായി തയ്യാറെടുക്കവേ തീക്ഷ്ണതയുള്ള പ്രാര്‍ത്ഥനാകൂട്ടായ്മയിലെ അംഗങ്ങളോടൊപ്പം ഒരു വീട്ടില്‍ ഒരുമിച്ച് താമസിച്ചതാണ് ആത്മീയ ജീവിതവുമായുള്ള അവളുടെ ആദ്യ ബന്ധത്തിന് തുടക്കമായത്. അപ്പോഴൊന്നും താനൊരു കന്യാസ്ത്രീയാകുമെന്ന് ചിന്തിക്കുക പോലും ചെയ്തിരുന്നില്ലായെന്ന് അകീകോ പറയുന്നു.

പഠനം വിജയകരമായി പൂര്‍ത്തിയാക്കി തൊറാസിക് സര്‍ജനായി മാഡ്രിഡില്‍ സേവനം തുടങ്ങിയ അകീകോ തന്റെ ജീവിതം ദൈവത്തിന്റെ ഹിതപ്രകാരം മുന്നോട്ടു പോകണമെന്ന് അതിയായി ആഗ്രഹിച്ചിരിന്നു. ഇതേ തുടര്‍ന്നു ദൈവം എന്താണ് തന്നില്‍ നിന്നും ആഗ്രഹിക്കുന്നത് എന്ന് വെളിപ്പെടുത്തി ലഭിക്കുവാന്‍ പ്രാര്‍ത്ഥന തുടങ്ങുകയായിരുന്നു. ഇതിനിടെ താന്‍ മരണത്തില്‍ നിന്നും രക്ഷപ്പെടുത്തിയ രോഗികളെ കുറിച്ചുള്ള ചിന്തയാല്‍ മെഡിക്കല്‍ രംഗം തന്നെയാണ് തന്റെ നിയോഗമെന്നും അവള്‍ കരുതി. ഒരു പെസഹ വ്യാഴാഴ്ച ജപമാലയും ചൊല്ലി വണ്ടി ഓടിച്ചു കൊണ്ടിരിക്കെ ''നീ എന്നില്‍ നിന്നും എന്താണ് ആഗ്രഹിക്കുന്നത്?'' എന്നു ദൈവത്തോട് ചോദിക്കുകയായിരിന്നുവെന്ന് അകീകോ പറയുന്നു.

പെട്ടെന്ന് ആ നിമിഷമാണ് കര്‍മ്മലീത്താ സമൂഹത്തെകുറിച്ചുള്ള ചിന്ത അവളില്‍ വരുന്നത്. ഒരു ചെറുപക്ഷിയേപ്പോലെ ദൈവത്തിനായി സ്തുതിഗീതങ്ങള്‍ പാടുവാന്‍ കഴിയുമെന്നും, ദൈവം സദാ തന്റെ കൂടെ ഉണ്ടായിരിക്കുമെന്നുമുള്ള ചിന്ത അവളുടെ ഉള്ളില്‍ സമാധാനം സംജാതമാക്കി. എന്തെന്നില്ലാത്ത സന്തോഷവും ആത്മസംപ്തൃതിയും അവള്‍ അനുഭവിച്ചറിഞ്ഞു. വൈകിയില്ല. 2012 ഏപ്രില്‍ മാസത്തിലാണ് തന്റെ തീരുമാനത്തേക്കുറിച്ച് അകീകോ തന്റെ കുടുംബത്തോട് പറയുന്നത്. അതേ വര്‍ഷം ഓഗസ്റ്റില്‍ അവള്‍ ഗുയിപുസ്കോവയിലെ സാറുറ്റ്സിലെ ഗുഡ് ഷെപ്പേര്‍ഡ് മഠത്തില്‍ ചേര്‍ന്നു.

വര്‍ഷം 10 പിന്നിട്ടെങ്കിലും ഏറെ ശ്രദ്ധ നേടി പ്രശസ്തമായ ഡോക്ടര്‍ പദവി ഈശോയ്ക്ക് മുന്നില്‍ ഉപേക്ഷിച്ച് സമര്‍പ്പിത ജീവിതത്തിന്റെ സൗരഭ്യം അനേകര്‍ക്ക് പകരുകയാണ് ഈ യുവസന്യാസിനി. നമ്മുടെ ജീവിതത്തില്‍ പ്രവേശിക്കുവാന്‍ ദൈവത്തെ അനുവദിച്ചാല്‍, ജീവിതത്തില്‍ അത്ഭുതങ്ങള്‍ ഉണ്ടാകുമെന്ന്‍ സിസ്റ്റര്‍ അകീകോ അടിവരയിടുന്നു. എല്ലാ പ്രഭാതത്തിലും താന്‍ ഒരു കര്‍മ്മലീത്താ സന്യാസിനിയാണെന്നും സന്തോഷവതിയും സ്വതന്ത്രയുമാണെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. മുന്നോട്ടുള്ള തന്റെ ജീവിതം മുഴുവന്‍ അനേകര്‍ക്ക് മുന്നില്‍ ഈശോയേ പകര്‍ന്നു കൊടുക്കാനുള്ള പദ്ധതികളുമായി മുന്നോട്ടുപോകുകയാണ് സിസ്റ്റര്‍ അകീകോ ടമൂര.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »