News - 2024

ചൈന തടങ്കലിലാക്കിയ ബിഷപ്പും വൈദികനും മോചിതരായി

സ്വന്തം ലേഖകന്‍ 02-12-2018 - Sunday

സേജിയാങ്ങ്, ചൈന: ചൈനയിലെ സേജിയാങ്ങ്‌ പ്രവിശ്യയില്‍ നിന്നും ചൈനീസ് അധികാരികള്‍ അന്യായമായി കൂട്ടിക്കൊണ്ട് പോയി തടവില്‍ പാര്‍പ്പിച്ചിരുന്ന ബിഷപ്പ് പീറ്റര്‍ ഷാവോ സൂമിനെയും ചൈന ലിഷൂയിയിലെ ഫാ. ലു ഡാന്‍ഹുവായേയും മോചിപ്പിച്ചു. ബിഷപ്പ് ഷാവോ നവംബര്‍ 23-നും, ഫാ. ഡാന്‍ഹുവാ നവംബര്‍ 22-നുമാണ് മോചിപ്പിക്കപ്പെട്ടത്. ചൈനീസ് സര്‍ക്കാര്‍ അംഗീകൃത സഭയായ പാട്രിയോട്ടിക് അസോസിയേഷനില്‍ അംഗത്വമെടുത്തില്ല എന്ന കാരണത്താലാണ് ഇരുവരെയും ഭരണകൂടം തടങ്കലിലാക്കിയത്.

നവംബര്‍ 9-നാണ് ബിഷപ്പ് ഷാവോയെ കസ്റ്റഡിയില്‍ എടുക്കുന്നത്. 11 മാസങ്ങള്‍ക്ക് ശേഷമാണ് ഫാ. ഡാന്‍ഹുവാ മോചിതനായിരിക്കുന്നത്. 2016-ല്‍ ബിഷപ്പ് ഷാവോ തന്നെയാണ് ഫാ. ഡാന്‍ഹുവാക്ക് തിരുപ്പട്ടം നല്‍കിയത്. യാതൊരു കാരണവും കൂടാതെ സംസാരിക്കാം എന്ന് പറഞ്ഞുകൊണ്ടാണ് അധികാരികള്‍ ബിഷപ്പ് ഷാവോയെ കൂട്ടിക്കൊണ്ട് പോയത്. പിന്നീട് അന്യായമായി അദ്ദേഹത്തെ തടങ്കലില്‍ വെക്കുകയായിരുന്നു. ക്വിന്റിഗാന്‍ കത്തോലിക്കാ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കവേയാണ് ഫാ. ഡാന്‍ഹുവായെ പിടിച്ചുകൊണ്ട് പോയത്. വെന്‍സുവിനു സമീപമുള്ള ലിഷൂയി രൂപതയിലെ ഏക പുരോഹിതനാണ് അദ്ദേഹം.

തങ്ങളുടെ മോചനം സാധ്യമായെങ്കിലും ചൈനയിലെ മതപീഡനം ശക്തമായി തന്നെ തുടരുകയാണെന്ന് ബിഷപ്പ് ഷാവോ പറഞ്ഞു. സര്‍ക്കാര്‍ അധികാരികള്‍ വിവിധ ഇടവകകളില്‍ പോയി സര്‍ക്കാര്‍ അംഗീകൃത സഭയില്‍ ചേരുവാന്‍ വിശ്വാസികളെ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് മെത്രാന്‍ കൂട്ടിച്ചേര്‍ത്തു. മെത്രാന്‍മാരുടെ നിയമനം സംബന്ധിച്ച ‘സിനോ-വത്തിക്കാന്‍ പ്രോവിഷണല്‍ എഗ്രിമെന്റ്’ ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണെന്നും, അതുകൊണ്ട് പാപ്പയെ അംഗീകരിക്കുന്ന ചൈനയിലെ യഥാര്‍ത്ഥ കത്തോലിക്കാ സഭക്ക് യാതൊരു ഗുണവും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Related Articles »