News

വാൽത്താംസ്‌റ്റോയിൽ ഒരുമിച്ചു പിറന്നത് മൂന്നു മിഷനുകൾ

ഫാ. ബിജു കുന്നയ്ക്കാട്ട് 07-12-2018 - Friday

ലണ്ടൻ: വാൽത്താംസ്‌റ്റോ ഔർ ലേഡി ആൻഡ് സെൻ്റ് ജോർജ്ജ് ദൈവാലയത്തിൽ തിങ്ങിനിറഞ്ഞ വിശ്വാസസമൂഹത്തെ സാക്ഷിയാക്കി കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയ്ക്ക് പുതിയ മൂന്നു മിഷനുകൾ കൂടി പ്രഖ്യാപിച്ചു. 'ഈസ്റ്ഹാമിൽ സെന്റ് മോനിക്ക' മിഷനും ഡെൻഹാമിൽ 'പരി. ജപമാലരാഞ്ജി' മിഷനും വാൽത്താംസ്‌റ്റോയിൽ 'സെന്റ് മേരീസ് & ബ്ലെസ്സഡ് കുഞ്ഞച്ചൻ' മിഷനുമാണ് ഇന്നലെ രൂപം കൊണ്ടത്. റെവ. ഫാ. ജോസ് അന്ത്യാംകുളം, റെവ. ഫാ. സെബാസ്റ്യൻ ചാമകാലാ എന്നിവർ പുതിയ മിഷൻ ഡിറക്ടർമാരായും നിയമിക്കപ്പെട്ടു. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, റെവ. ഫാ. നൈൽ ഹാരിങ്ടൺ, റെവ. ഫാ. നിക്സൺ ഗോമസ്, റെവ. ഫാ. ഷിജോ ആലപ്പാട്ട്‌, റെവ. ഫാ. ബിനോയി നിലയാറ്റിങ്കൽ, റെവ. ഫാ. തോമസ് മടുക്കമൂട്ടിൽ, റെവ. ഫാ. സെബാസ്റ്റ്യൻ ചാമക്കാല, റെവ. ഫാ. ജോസ് അന്തിയാംകുളം തുടങ്ങിയവർ സഹകാർമികരായിരുന്നു.

വൈകിട്ട് ആറു മണിക്ക് ആരംഭിച്ച തിരുക്കർമ്മങ്ങളുടെ തുടക്കത്തിൽ റെവ. ഫാ. ജോസ് അന്തിയാംകുളം സ്വാഗതമാശംസിച്ചു. തുടർന്ന് നടന്ന മിഷൻ മിഷൻ നിയമന വിജ്ഞാപന വായനക്ക് റെവ. ഫാ. സെബാസ്റ്റ്യൻ ചാമക്കാലാ, റെവ. ഫാ. ഷിജോ ആലപ്പാട്ട് എന്നിവർ നേതൃത്വം നൽകി. തുടർന്ന് തിരി തെളിച്ചു മിഷന്റെ ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ടു. വി. കുർബാനയ്ക്ക് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി മുഖ്യകാർമ്മികത്വം വഹിച്ചു. കുർബാനയുടെ സമാപനത്തിൽ നിത്യസഹായമാതാവിനോടുള്ള നൊവേനയും എണ്ണ നേർച്ചയും ആരാധനയും നടത്തപ്പെട്ടു. പരിപാടികളിൽ പങ്കെടുത്തവർക്കായി സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു. മിഷൻ ഉദ്ഘാടനത്തിന്റെ തത്സമയസംപ്രേക്ഷണം ലഭ്യമാക്കിയിരുന്നു. ദേവാലയം തിങ്ങിനിറഞ്ഞു വിശ്വാസികൾ തിരുക്കർമ്മങ്ങളിൽ പങ്കുചേരാനെത്തി.

അയർലൻഡിലെ സീറോ മലബാർ സഭയുടെ പ്രവർത്തങ്ങൾക്കുള്ള ഡബ്ലിൻ അതിരൂപതയുടെ അഗീകാരമായി ലഭിച്ച സെൻ്റ് തോമസ് പാസ്റ്ററൽ സെന്‍റെറിന്‍റെ ഉദ്ഘാടനം കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഇന്ന് നിർവ്വഹിക്കും. റിയാൾട്ടോ സൗത്ത് സർക്കുലർ റോഡിലുള്ള Church of our Lady of the Holy Rosary of Fatima പള്ളിയോട് ചേർന്നാണ് സെന്‍റ് തോമസ് പാസ്റ്ററൽ സെന്‍റർ പ്രവർത്തിക്കുന്നത്. വൈകുന്നേരം 4ന് സീറോ മലബാർ മേജർ ആർച്ച് ബിഷപ് മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയെ തുടർന്നു അഭിവന്ദ്യ പിതാക്കന്മാർക്ക് സ്വീകരണം നൽകും. തുടർന്ന് സെന്‍റ് തോമസ് പാസ്റ്ററൽ സെന്‍ററിന്‍റെ ഉദ്ഘടനവും വെഞ്ചെരിപ്പ് കർമ്മവും കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച്ബിഷപ്പ് ഡെർമട്ട് മാർട്ടിൻ, മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവർ ചേര്‍ന്ന് നിർവഹിക്കും. ഉദ്ഘടനത്തിനും കൂദാശ കർമങ്ങളിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാർ സഭ അയർലൻഡ് കോഓർഡിനേറ്റർ മോൺ. ആന്‍റണി പെരുമായൻ അറിയിച്ചു.


Related Articles »