News - 2024

കാലിത്തൊഴുത്തിലെ യേശുവിന്റെ ജനനം ചിത്രീകരിച്ച് മക്ഡൊണാൾഡ്സ്

സ്വന്തം ലേഖകന്‍ 12-12-2018 - Wednesday

ടെന്നസി: കാലിത്തൊഴുത്തിലെ യേശുവിന്റെ ജനനം തങ്ങളുടെ ചുവരിൽ ചിത്രീകരിച്ച് ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ ശൃംഖലയായ മക്ഡൊണാൾഡ്സ്. സാന്താക്ലോസിനും ക്രിസ്മസ് ട്രീക്കും പ്രാധാന്യം നല്‍കി രക്ഷകന്റെ ജനനത്തിന്റെ യഥാര്‍ത്ഥ സ്മരണ ക്രിസ്തുമസ് നാളുകളില്‍ നഷ്ട്ടപ്പെടുമ്പോള്‍ യേശുവിന്റെ ജനനത്തിനു പ്രാധാന്യം നല്‍കി ശ്രദ്ധയാകര്‍ഷിക്കുന്നത് അമേരിക്കയിലെ ടെന്നസി സംസ്ഥാനത്തെ മക്ഡൊണാൾഡ്സ് ഫാസ്റ്റ് ഫുഡ് ശ്രംഖലയുടെ ഭാഗമായ ഒരു സ്ഥാപനമാണ്. യേശുവിന്റെ കാലിത്തൊഴുത്തിലെ ജനനത്തെയാണ് സ്ഥാപനത്തിന്റെ ഉടമസ്ഥരായ ടോണി വൂൾഫും, ടിനാ വൂൾഫും കടയുടെ മുൻപിലെ ജനാലയിൽ ചിത്രീകരിച്ചിരിക്കുന്നത്.

'റിജോയ്സ്' എന്ന വാക്കും 'ഹിസ് നെയിം ഈസ് ജീസസ്' എന്ന വാക്കും ക്രിസ്തുമസ് ആഘോഷത്തിന്റെ ആത്മാവിനെ വിവരിക്കുന്ന തരത്തിൽ ചിത്രീകരണത്തിന് സമീപത്തായി അവർ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം മക്ഡൊണാൾഡ്സ് സ്ഥാപനത്തിന്റെ മുൻപിലെ ഈ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. പ്രശസ്തമായ ഒരു ഫാസ്റ്റ് ഫുഡ് ശ്രംഖലയുടെ മുൻപിൽ ഇത്തരത്തിലുള്ള ഒരു ക്രിസ്തുമസ് ചിത്രീകരണം മതേതര ലോകത്ത് യേശുവിന്റെ വെളിച്ചം വീശുവാൻ സഹായകമാണെന്നാണ് ക്രൈസ്തവ വിശ്വാസികൾ ഒന്നടങ്കം പറയുന്നത്.


Related Articles »