News - 2024

മതനിന്ദ ആരോപണം: പാക്കിസ്ഥാനില്‍ ക്രൈസ്തവ സഹോദരങ്ങള്‍ക്ക് വധശിക്ഷ

സ്വന്തം ലേഖകന്‍ 18-12-2018 - Tuesday

ലാഹോര്‍: മതനിന്ദ ആരോപിച്ച് പാക്കിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന രണ്ടു ക്രൈസ്തവ സഹോദരങ്ങള്‍ക്ക് പാക് കോടതി വധശിക്ഷ വിധിച്ചു. ലാഹോര്‍ സ്വദേശികളായ ഖൈസര്‍ അയൂബ്, അമൂണ്‍ അയൂബ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. ഖൈസറിന്റെയും അമൂണിന്റെയും ഉടമസ്ഥതയിലുള്ള വെബ്‌സൈറ്റില്‍ മതത്തെ നിന്ദിക്കുന്ന പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടുവെന്ന ആരോപണം 2011ലാണ് ചിലര്‍ ഉയര്‍ത്തിക്കൊണ്ടു വന്നത്. അതേസമയം 2009 മുതല്‍ വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നില്ലെന്നാണ് സഹോദരങ്ങള്‍ പറയുന്നത്. 2015ല്‍ ഇവര്‍ അറസ്റ്റിലാകുകയായിരിന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി ഝലം ജില്ലാ ജയിലില്‍ കഴിയുന്ന ഇവരെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് വധശിക്ഷ വിധിച്ചുകൊണ്ട് അഡീഷണല്‍ സെഷന്‍സ് ജഡ്ജി വിധി പ്രഖ്യാപനം നടത്തുന്നത്.

ഇതിനെതിരെ ലാഹോര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്ന് മതപീഡനത്തിന് ഇരയാകുന്നവര്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയായ സെന്റര്‍ ഫോര്‍ ലീഗല്‍ അസിസ്റ്റന്‍സ് ആന്‍ഡ് സെന്റില്‍മെന്റ് വ്യക്തമാക്കി. പാക്കിസ്ഥാനിലെ മതനിന്ദാ നിയമം ക്രിസ്ത്യാനികളെ അടിച്ചമര്‍ത്തുവാനുള്ള ഉപകരണമായി മാറിയിരിക്കുന്നുവെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ സംഭവം. കഴിഞ്ഞ 30 വര്‍ഷങ്ങള്‍ക്കുള്ളില്‍ 1,500-ലധികം ആളുകള്‍ ഈ നിയമത്തിനിരയായിട്ടുണ്ട്. നിയമത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും പാക്കിസ്ഥാന്‍ മൗനം പാലിക്കുകയാണ്. മതനിന്ദക്കുറ്റത്തിനു വധശിക്ഷ വിധിക്കപ്പെട്ട കത്തോലിക്ക വീട്ടമ്മ ആസിയാ ബീബിയെ പാക് സുപ്രീംകോടതി ഒക്ടോബര്‍ അവസാനം കുറ്റവിമുക്തയാക്കിയെങ്കിലും ഭീഷണിയെ തുടര്‍ന്നു ഇപ്പോഴും രഹസ്യ കേന്ദ്രത്തില്‍ തുടരുകയാണ്.


Related Articles »