India

അഗസ്റ്റിന്‍ ജോണ്‍ ഊക്കനച്ചന്റെ ധന്യപദവി പ്രഖ്യാപനം

സ്വന്തം ലേഖകന്‍ 27-12-2018 - Thursday

ചൊവ്വന്നൂര്‍: ചാരിറ്റി സന്ന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനും തൃശൂര്‍ അതിരൂപതയിലെ ശ്രേഷ്ഠവൈദികനുമായിരുന്ന അഗസ്റ്റിന്‍ ജോണ്‍ ഊക്കനച്ചന്റെ ധന്യപദവി പ്രഖ്യാപനം കബറിടം സ്ഥിതി ചെയ്യുന്ന ചൊവ്വന്നൂര്‍ സെന്റ് തോമസ് പള്ളിയില്‍ നടന്നു. ഊക്കനച്ചനെ ധന്യപദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള ഡിക്രി തൃശൂര്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് വായിച്ചു. നാമകരണ പരിപാടികളുടെ സംക്ഷിപ്ത വിവരണം റവ. ഡോ. പോള്‍ പുളിക്കന്‍ നിര്‍വഹിച്ചു.

കൃതജ്ഞതാബലിക്കു മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, ബിഷപ് മാര്‍ പാസ്റ്റര്‍ നീലങ്കാവില്‍, റവ. ഡോ. പോള്‍ പുളിക്കന്‍, ഫാ. ജോയ് അടമ്പുകുളം, ഫാ. അനീഷ് നെല്ലിക്കല്‍, ഫാ. ടൈസണ്‍ മണ്ടുംപാല എന്നിവര്‍ സഹകാര്‍മികരായി. മാര്‍ ടോണി നീലങ്കാവില്‍ അനുസ്മരണസന്ദേശം നല്‍കി. തുടര്‍ന്നു കബറിടത്തില്‍ മധ്യസ്ഥ പ്രാര്‍ത്ഥന നടന്നു. കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റി സുപ്പീരിയര്‍ ജനറല്‍ മദര്‍ ലുസീന സ്വാഗതവും പള്ളി വികാരി ഫാ. അനീഷ് നെല്ലിക്കല്‍ നന്ദിയും പറഞ്ഞു.

ധന്യന്‍ അഗസ്റ്റിന്‍ ജോണ്‍ ഊക്കനച്ചനെക്കുറിച്ച് ഡോ. ബില്‍ജു വാഴപ്പുള്ളി രചിച്ച പുസ്തകം മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മോണ്‍. തോമസ് കാക്കശേരിക്കു നല്‍കി പ്രകാശനം ചെയ്തു. സിസ്റ്റര്‍ ലോറന്‍സ് സിഎസ്സി രചിച്ച 'ഒരു സ്‌നേഹസംസ്‌കാരം' എന്ന പുസ്തകം മാര്‍ ടോണി നീലങ്കാവില്‍ ഫാ. ബെന്നി കിടങ്ങനു നല്‍കിയും, സിസ്റ്റര്‍ നൈസി സിഎസ്സി രചിച്ച സ്‌നേഹദ്യുതി എന്ന പുസ്തകം മാര്‍ പാസ്റ്റര്‍ നീലങ്കാവില്‍, മോണ്‍. ആന്റോ തച്ചിലിനു നല്‍കിയും പ്രകാശനം ചെയ്തു. ചൊവ്വന്നൂര്‍ പള്ളിയില്‍ നിര്‍മിക്കുന്ന ഊക്കന്‍ മെമ്മോറിയല്‍ പാര്‍ക്കിന്റെ ശിലാ വെഞ്ചരിപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിര്‍വഹിച്ചു. ചടങ്ങില്‍ ആയിരകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.


Related Articles »