News - 2024

ന്യൂനപക്ഷങ്ങളെ കരുണയോടെയും സമഭാവനയോടെയും ഉൾകൊള്ളണം: ഗോവൻ ആർച്ച് ബിഷപ്പ്

സ്വന്തം ലേഖകന്‍ 03-01-2019 - Thursday

ന്യൂഡൽഹി: ന്യൂനപക്ഷങ്ങളെ കരുണയോടെയും സമഭാവനയോടെയും ഭരണകൂടം ഉൾകൊള്ളണമെന്ന് ഗോവ ആർച്ച് ബിഷപ്പ് ഫിലിപ്പ് നേരി. ഭാരതത്തിൽ വർദ്ധിച്ചു വരുന്ന വിവേചനങ്ങളിൽ തുറന്ന അതൃപ്തി പ്രകടിപ്പിച്ചു മാധ്യമ ശ്രദ്ധ നേടിയ ആര്‍ച്ച് ബിഷപ്പ്- ഗവർണർ, മുഖ്യമന്ത്രി, മറ്റു മന്ത്രിമാരും രാഷ്ട്രീയ നേതാക്കൾക്കുമായി വർഷം തോറും സംഘടിപ്പിച്ചു വരുന്ന ക്രിസ്തുമസ് വിരുന്നിലാണ് ഇക്കാര്യം പ്രസ്താവിച്ചത്. കൂടുതൽ സ്വീകാര്യതയോടെ എല്ലാ ജനവിഭാഗങ്ങളെയും ഉൾകൊള്ളണമെന്ന ആശയം അദ്ദേഹം മുന്നോട്ട് വച്ചു.

ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്നതിനു പകരം അവരെ തുറന്ന മനസ്സോടെ സ്വീകരിക്കുകയും സ്നേഹിക്കുകയും വേണം. സംസ്ഥാനത്തെ മുപ്പത് ശതമാനവും കത്തോലിക്കർ ഉൾപ്പെടുന്ന ഗോവൻ സഭ ഈ വർഷം പാവപ്പെട്ടവർക്കും നിസ്സഹായർക്കുമായി മാറ്റിവച്ചിരിക്കുകയാണ്. വികസനത്തിന്റെ പേരിൽ സ്വദേശത്തു നിന്നും പോകാൻ ജനങ്ങൾ നിർബന്ധിതരാകുന്നു. പാവപ്പെട്ടവരുടെ അവകാശലംഘനം ചോദ്യം ചെയ്യാൻ ആരുമില്ലെന്ന ധൈര്യമാണ് ഇതിനു പിന്നിലെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു.

ഒരു പോലെ ഭക്ഷിക്കാനും താമസിക്കാനും വസ്ത്രം ധരിക്കാനും ആരാധിക്കാനും നിർബന്ധിക്കപ്പെടുന്ന പ്രവണത വർദ്ധിച്ചു വരികയാണ്. സ്വതന്ത്രരായി ജീവിക്കാനുള്ള അവകാശത്തിനു മേൽ കടന്നുകയറ്റം നടക്കുമ്പോഴും ജനാധിപത്യം നോക്കുകുത്തിയായി മാറുന്നു. ചുരുക്കത്തിൽ നിയമത്തെ ആരും തന്നെ ബഹുമാനിക്കുന്നില്ലായെന്നും ഈ സ്ഥിതിക്ക് മാറ്റം വേണമെന്നും ആര്‍ച്ച് ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ രാജ്യത്തെ ജനാധിപത്യം അപകടത്തിലാണെന്ന ആർച്ച് ബിഷപ്പ് ഫിലിപ്പ് നേരിയുടെ പ്രസ്താവന ആഗോള ശ്രദ്ധ പിടിച്ചുപറ്റിയിരിന്നു.


Related Articles »