News - 2024

ഏഷ്യന്‍ സഭയുടെ നവീകരണത്തിന് അഞ്ചിന പദ്ധതികളുമായി എഫ്‌എ‌ബി‌സി പ്രസിഡന്‍റ്

സ്വന്തം ലേഖകന്‍ 04-01-2019 - Friday

യംഗൂണ്‍: ഏഷ്യന്‍ സഭയുടെ നവീകരണത്തിന് അഞ്ചിന പദ്ധതികളുമായി ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്സ് കോണ്‍ഫറന്‍സിന്റെ (FABC) പുതിയ പ്രസിഡന്റായ കര്‍ദ്ദിനാള്‍ ചാള്‍സ് മോങ്ങ് ബൊ. വിശ്വാസ പ്രചാരണം, സാമൂഹിക നീതി, അജപാലനം, മതസൗഹാര്‍ദ്ദം, അനുരഞ്ജനം തുടങ്ങിയവക്കായിരിക്കും താന്‍ മുന്‍ഗണന നല്‍കുകയെന്ന്‍ മ്യാന്‍മറിലെ യംഗൂണിലെ കര്‍ദ്ദിനാള്‍ കൂടിയായ അദ്ദേഹം വ്യക്തമാക്കി. തന്റെ ക്രിസ്തുമസ് സന്ദേശത്തിലൂടെയാണ് ഇക്കഴിഞ്ഞ ജനുവരി 1-ന് എഫ്‌എ‌ബി‌സി പ്രസിഡന്റ് എന്ന തന്റെ പുതിയ ദൗത്യമാരംഭിച്ച കര്‍ദ്ദിനാള്‍ ബൊ ഏഷ്യന്‍ സഭക്ക് വേണ്ടിയുള്ള തന്റെ ഭാവി പദ്ധതികളെക്കുറിച്ച് വിവരിച്ചത്.

സാമൂഹിക പുരോഗതിയും, അജപാലന ശുശ്രൂഷക്കും താന്‍ മുന്‍തൂക്കം നല്‍കും. അതുപോലെ തന്നെ 'വിശ്വാസത്തിന്റെ വലിയ കൊയ്ത്ത്' എന്ന വിശുദ്ധ ജോണ്‍ പോള്‍ പാപ്പായുടെ ഏഷ്യന്‍ സഭക്കുള്ള ശ്ലൈഹീക ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളും തന്റെ ശ്രദ്ധയിലുണ്ടായിരിക്കുമെന്നും എഴുപതുകാരനായ കര്‍ദ്ദിനാള്‍ പറഞ്ഞു. തങ്ങളുടെ ചരിത്രപരമായ ഒരു വിളിക്ക് ഉത്തരം നല്‍കുവാന്‍ ഏഷ്യന്‍ ബിഷപ്സ് കോണ്‍ഫറന്‍സിനു ലഭിച്ച അവസരമാണിതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഇക്കഴിഞ്ഞ നവംബര്‍ 16-ന് ബാങ്കോക്കില്‍ വെച്ച് നടന്ന യോഗത്തില്‍ വെച്ചാണ് 19 മെത്രാന്‍ സമിതികളുടെ ഫെഡറേഷനായി 1972ല്‍ സ്ഥാപിതമായ എഫ്‌എ‌ബി‌സിയുടെ പുതിയ പ്രസിഡന്റായി കര്‍ദ്ദിനാള്‍ ചാള്‍സ് മോങ്ങ് ബൊ തിരഞ്ഞെടുക്കപ്പെട്ടത്. മുംബൈ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന്റെ പിന്‍ഗാമിയായിട്ടാണ് അദ്ദേഹം ഈ പദവിയിലെത്തുന്നത്. മ്യാന്‍മറില്‍ ഇപ്പോള്‍ നടന്നുവരുന്ന വംശീയ ലഹളകള്‍ക്കും കൂട്ടക്കൊലകള്‍ക്കും പരിഹാരം കാണുന്നതിനു അഹോരാത്രം പ്രയത്നിക്കുന്ന മെത്രാനാണ് കര്‍ദ്ദിനാള്‍ ചാള്‍സ് മോങ്ങ് ബൊ.


Related Articles »