News - 2025
കർദ്ദിനാൾ ഫിലിപ്പ് നേരി ഏഷ്യൻ ബിഷപ്പ്സ് കോൺഫറൻസിന്റെ പ്രസിഡന്‍റ്
പ്രവാചകശബ്ദം 23-02-2024 - Friday
ബാങ്കോക്ക്: ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്‌സ് കോൺഫറൻസ് പ്രസിഡന്റായി ഗോവ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഫിലിപ്പ് നേരി ഫെറാവൊ തെരഞ്ഞെടുക്കപ്പെട്ടു. ഫിലിപ്പീൻസിലെ കലൂക്കാൻ ബിഷപ്പ് പാബ്ലോ വിർജീലിയോ സയങ്കോ ഡേ വിഡിനെ വൈസ് പ്രസിഡൻ്റായും തെരഞ്ഞെടുക്കപ്പെട്ടു. ടോക്കിയോ ആർച്ച് ബിഷപ്പ് ടാർസിഷ്യോ ഇസാവോ കികുചി ജനറല്‍ സെക്രട്ടറിയായി തുടരും. നിലവിലെ പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് കർദിനാൾ ചാൾസ് മോംഗ് ബൊയുടെ കാലാവധി കഴിയുമ്പോഴായിരിക്കും കർദ്ദിനാൾ ഫിലിപ്പ് നേരി ഫെറാവൊ ചുമതലയേൽക്കുക.
വത്തിക്കാനിലെ സുവിശേഷവത്ക്കരണത്തിനു വേണ്ടിയുള്ള ഡിക്കാസ്റ്ററിയിൽ ആഗോള സുവിശേഷവത്ക്കരണ സംബന്ധിയായ മൗലിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന സമിതിയിലെ അംഗം കൂടിയാണ് കർദ്ദിനാൾ ഫിലിപ്പ് നേരി. 2022 ഓഗസ്റ്റ് 27-ന് ഫ്രാൻസിസ് മാർപാപ്പയാണ് ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് നേരി ഫെറോയെ കർദ്ദിനാളായി ഉയർത്തിയത്. ഏഷ്യയിലെ 19 മെത്രാന്‍ സമിതികള്‍ക്കും എട്ട് അസോസിയേറ്റ് സമിതികള്‍ക്കുമാണ് കോണ്‍ഫറന്‍സില്‍ അംഗത്വമുള്ളത്.