News - 2024

2019 പ്രത്യേക മിഷ്ണറി വർഷമായി ആചരിക്കുവാൻ പ്യൂർട്ടോ റിക്കോ

ബാബു ജോസഫ് 04-01-2019 - Friday

സാൻ ജുവാൻ: അറ്റ്‌ലാന്റിക് തീരപ്രദേശ അമേരിക്കൻ ടെറിറ്റോറിയൽ ദ്വീപായ പ്യൂർട്ടോ റിക്കോയിൽ മിഷ്ണറി പ്രവർത്തനങ്ങൾക്ക് ശക്തി പകരുവാൻ 2019 പ്രത്യേക മിഷ്ണറി വർഷമായി ആചരിക്കും. ഈശോ സ്നാപക യോഹന്നാനിൽ നിന്നും മാമ്മോദീസ സ്വീകരിച്ചതിന്റെ അനുസ്മരണ ദിനമായ ജനുവരി പതിമൂന്ന് മുതൽ ആഗോള മിഷൻ ഞായർ ദിനത്തിന്റെ തലേന്ന് ഒക്ടോബർ പത്തൊൻപതുവരെയാണ് പ്യൂർട്ടോ റിക്കോ ദ്വീപില്‍ മിഷ്ണറി വർഷം ആചരിക്കാൻ മെത്രാന്മാർ നിർദ്ദേശം നല്‍കിയിരിക്കുന്നത്.

മിഷൻ ദൗത്യത്തിനായി മാമ്മോദീസ വ്രതം നവീകരിക്കുക, മിഷൻ പ്രവർത്തനങ്ങൾ നവീകരിക്കുക, സുവിശേഷ പ്രഘോഷണത്തിന് പുതിയ മേച്ചിൽപ്പുറങ്ങൾ തേടുക, സഭയുടെ മുഖ്യ ദൗത്യമായി മിഷൻ പ്രവർത്തനം ഏറ്റെടുക്കുക എന്നിവയാണ് മിഷ്ണറി വർഷാചരണത്തിന്റെ ലക്ഷ്യങ്ങൾ. അതിനായി മെത്രാന്മാർ മൂന്ന് വിളികൾ നിർദ്ദേശിച്ചിട്ടുണ്ട്. വ്യക്തിപരവും ഇടയ ദൗത്യപ്രകാരവും നവീകരണം നടത്തുക, ദിവ്യകാരുണ്യ സന്നിധിയിലേക്കുള്ള വിളി, മിഷൻ പ്രവർത്തനങ്ങൾ തീക്ഷ്ണതയോടെ നിർവഹിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുക എന്നിവയിലൂടെ മികച്ച പ്രേഷിത വർഷം കാഴ്ചവെയ്ക്കാനാണ് സഭയുടെ പദ്ധതി.

ഓരോരുത്തരുടേയും നവീകരണത്തിലൂടെ സമൂഹത്തിൽ വിശ്വാസത്തിന് സാക്ഷ്യം നല്‍കാന്‍ എല്ലാവരും തയ്യാറാകണമെന്നും ആത്മാവിനാൽ പ്രേരിതരായി സഭയിൽ ചരിത്രപരമായ നിമിഷങ്ങൾക്ക് നേതൃത്വം നല്കാൻ ഇടയന്മാര്‍ക്ക് സാധിക്കട്ടെയെന്നും വെളിപാട് 2:29 വചനത്തെ ആസ്പദമാക്കി മെത്രാന്മാര്‍ പ്രസ്താവനയിൽ വ്യക്തമാക്കി.

പ്യൂർട്ടോ റിക്കോയിലെ പോൺസ് രൂപതയിൽ 2023 ൽ നടക്കാനിരിക്കുന്ന ആറാമത് അമേരിക്കൻ മിഷ്ണറി കോൺഗ്രസിന്റെ പ്രഖ്യാപനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ദിവ്യബലിയിലായിരിക്കും പ്രത്യേക മിഷ്ണറി വർഷത്തിന്റെ സമാപനം. 2019 ഒക്ടോബർ മിഷ്ണറി മാസമായി ആചരിക്കണമെന്ന ഫ്രാൻസിസ് പാപ്പയുടെ നിർദ്ദേശത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് പ്യൂർട്ടോ റിക്കോ സഭ മിഷ്ണറി വർഷത്തിന് ആഹ്വാനം നല്കിയിരിക്കുന്നത്. മുപ്പത്തിമൂന്ന് ലക്ഷം ജനസംഖ്യയുള്ള പ്യൂർട്ടോ റിക്കോയുടെ എണ്‍പത്തിയഞ്ച് ശതമാനവും കത്തോലിക്കരാണ്.


Related Articles »