News

പുതുവര്‍ഷം ഇറാഖി ക്രിസ്ത്യന്‍ സമൂഹത്തിന്റെ പുനര്‍ജന്മത്തിന്റെ വര്‍ഷം

സ്വന്തം ലേഖകന്‍ 12-01-2019 - Saturday

മൊസൂള്‍, ഇറാഖ്: പുതുവര്‍ഷം ഇറാഖി ജനതയെ സംബന്ധിച്ചിടത്തോളം പുനര്‍ജ്ജന്മത്തിന്റെ വര്‍ഷമായിരിക്കുമെന്ന്‍ വടക്കന്‍ മൊസൂളിലെ നിനവേയിലെ കരാംലെസിലെ കല്‍ദായ പുരോഹിതന്‍ ഫാ. പോള്‍ താബിത്. ഏഷ്യാ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പീഡന ഭൂമിയായ മൊസൂളിലെ ക്രിസ്തുമസ് ആഘോഷങ്ങളെക്കുറിച്ച് വിവരിക്കുകയായിരുന്നു അദ്ദേഹം. ലോകരക്ഷകനായ ക്രിസ്തുവിന്റെ ജന്മദിനം ഇറാഖിന്റെ പുതിയൊരു തുടക്കത്തിന് കാരണമാകട്ടെയെന്ന ശുഭാപ്തി വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

അജപാലകപരവും, സാമൂഹികവുമായ വെല്ലുവിളികളുടേയും, തിരിച്ചുവന്ന അഭയാര്‍ത്ഥികളുടേയും പുനര്‍ജന്മത്തിന്റെ വര്‍ഷമായിരിക്കും 2019. ജനങ്ങള്‍ക്ക് ജീവിത മാര്‍ഗ്ഗം ഉണ്ടാക്കികൊടുക്കേണ്ടതുണ്ട്. തങ്ങളുടെ പ്രശ്നങ്ങള്‍ക്കപ്പുറം ചിന്തിക്കുവാന്‍ അവരെ സഹായിക്കുകയും ചെയ്യുക വഴി ക്രിസ്ത്യന്‍ സമൂഹത്തിന്റെ പുനരധിവാസത്തിനായിരിക്കണം കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടത്. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ പതനത്തിനു ശേഷം മേഖല പതിയെപ്പതിയെ സമാധാനത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

നിലവിലെ സാഹചര്യം ശുഭകരമായിക്കൊണ്ടിരിക്കുകയാണ്. പുതിയ മെത്രാന്റെ നിയമനം അജപാലകപരവും, ആത്മീയവുമായ പുനര്‍ജന്മത്തെയാണ്‌ സൂചിപ്പിക്കുന്നത്. ഭീകരതയുടേയും, അക്രമത്തിന്റേയും കാലം കഴിഞ്ഞ് സാധാരണനിലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന മൊസൂളില്‍ ഒരു കുര്‍ബാന അര്‍പ്പിക്കുവാന്‍ താന്‍ ആഗ്രഹിക്കുന്നതായും ഫാ. താബിത് പറഞ്ഞു. ഇസ്ളാമിക തീവ്രവാദികളുടെ കടുത്ത അടിച്ചമര്‍ത്തലിനെ അതിജീവിച്ചു വിശ്വാസ തീക്ഷ്ണതയാല്‍ മുന്നേറുന്ന മുന്നേറുന്ന ക്രൈസ്തവ സമൂഹമാണ് ഇന്നു ഇറാഖിലേത്.

2003-ല്‍ ഏതാണ്ട് 15 ദശലക്ഷത്തോളം ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്ന ഇറാഖില്‍ ഇസ്ളാമിക തീവ്രവാദികളുടെ ആക്രമണത്തെ തുടര്‍ന്നു ഇപ്പോള്‍ 2 ലക്ഷത്തില്‍ താഴെ ക്രൈസ്തവര്‍ മാത്രമേയുള്ളൂ. ആക്രമണങ്ങളും പീഡനങ്ങളും പതിവായപ്പോള്‍ ഇറാഖിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷകണക്കിന് ക്രൈസ്തവരാണ് പലായനം ചെയ്തത്. ശേഷിക്കുന്ന സമൂഹം തങ്ങള്‍ ആയിരിക്കുന്ന അവസ്ഥയില്‍ നിന്നു ക്രിസ്തുവിനെ പ്രഘോഷിക്കുകയാണ്.


Related Articles »