News - 2024

‘നിങ്ങള്‍ ഒറ്റക്കല്ല, നിങ്ങളെ മറന്നിട്ടില്ല’: ധൈര്യം പകര്‍ന്ന് ഹോളി ലാന്‍ഡ് മെത്രാന്‍ സംഘം

സ്വന്തം ലേഖകന്‍ 19-01-2019 - Saturday

ജെറുസലേം: “ക്രിസ്ത്യന്‍സ് ഇന്‍ ഇസ്രായേല്‍: വെല്ലുവിളികളും അവസരങ്ങളും” എന്ന പ്രമേയത്തിന്‍ കീഴില്‍ ഇസ്രായേലിലേയും, പലസ്തീനിലേയും ക്രൈസ്തവര്‍ക്കു പിന്തുണയുമായി ‘ഹോളി ലാന്‍ഡ് കോര്‍ഡിനേഷന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള മെത്രാന്‍ സംഘത്തിന്റെ ഈ വര്‍ഷത്തെ വാര്‍ഷിക വിശുദ്ധ നാട് സന്ദര്‍ശനത്തിന് പരിസമാപ്തി. ‘നിങ്ങള്‍ ഒറ്റക്കല്ല, നിങ്ങളെ മറന്നിട്ടില്ല’ എന്ന് ഇസ്രായേലിലേയും, പാലസ്തീനിലേയും ക്രൈസ്തവരെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ഇരുപതു വര്‍ഷമായി ഹോളി ലാന്‍ഡ് കോ-ഓര്‍ഡിനേഷന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ മെത്രാന്‍ സംഘം വിശുദ്ധ നാട് സന്ദര്‍ശിച്ചു വരുന്നുണ്ട്.

ജനുവരി 11 മുതല്‍ 17 വരെയാണ് ഇത്തവണത്തെ സന്ദര്‍ശനം നടന്നത്. വിശുദ്ധ നാട്ടിലെ ക്രൈസ്തവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുവാനാണ് തങ്ങള്‍ ഇവിടെ വന്നിരിക്കുന്നതെന്ന് ഹോളി ലാന്‍ഡ് കോ-ഓര്‍ഡിനേഷന്‍ ഗ്രൂപ്പിന്റെ ചെയര്‍മാനായ ബിഷപ്പ് ഡെക്ക്ലാന്‍ ലാന്‍ പറഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിശുദ്ധ നാട്ടില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും, രാഷ്ട്രീയമായ പ്രശ്നങ്ങള്‍ക്ക് പുറമേ, അറബ്-ക്രിസ്ത്യന്‍- യഹൂദ സമുദായങ്ങള്‍ക്കിടയിലെ പരസ്പര വിശ്വാസമില്ലായ്മയും ഒരു വലിയ വെല്ലുവിളിയാണെന്നും, 60 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 86 ശതമാനമായിരുന്ന വിശുദ്ധ നാട്ടിലെ ക്രിസ്ത്യന്‍ ജനസംഖ്യ ഇപ്പോള്‍ 12 ശതമാനമായി ചുരുങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവിധ നേതാക്കളുമായുള്ള കൂടിക്കാഴ്ചയും, ക്രിസ്ത്യന്‍ സ്കൂള്‍ ആശുപത്രി സന്ദര്‍ശനവും പരിപാടിയുടെ ഭാഗമായിട്ടുണ്ടായിരുന്നു. പ്രധാനമായും ഹായിഫാ നഗരത്തെ കേന്ദ്രീകരിച്ചായിരുന്നു ഈ വര്‍ഷത്തെ സന്ദര്‍ശന പരിപാടി നടന്നത്. വിശുദ്ധ നാട്ടിലെത്തിയ മെത്രാന്‍ സംഘം സന്ദര്‍ശനത്തിന്റെ ഭാഗമായി സബാബ്ദേയിലെ ചര്‍ച്ച് ഓഫ് വിസിറ്റേഷന്‍ ഇടവകയിലെ വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തി. തിരുപ്പിറവി ദേവാലയത്തിലെ വിശുദ്ധ ജെറോമിന്റെ ഗുഹയില്‍വെച്ചാണ് വിശുദ്ധ കുര്‍ബാന അര്‍പ്പണം നടന്നത്.


Related Articles »