News - 2024

അമേരിക്കന്‍ സമൂഹത്തിനു ഉണര്‍വേകുന്നത് നിങ്ങളാണ്: പ്രോലൈഫ് യുവജനങ്ങളോട് അപ്പസ്തോലിക പ്രതിനിധി

സ്വന്തം ലേഖകന്‍ 21-01-2019 - Monday

വാഷിംഗ്‌ടണ്‍ ഡി.സി: ഭ്രൂണഹത്യക്കെതിരെ ഇക്കഴിഞ്ഞ ജനുവരി 18 വെള്ളിയാഴ്ച അമേരിക്കയില്‍ നടന്ന മാര്‍ച്ച് ഫോര്‍ ലൈഫ് വാര്‍ഷിക റാലിയുടെ മുന്നോടിയായി അര്‍പ്പിച്ച ‘മാസ്സ് ഫോര്‍ ലൈഫ്’ കുർബാനയില്‍ പങ്കെടുത്ത യുവജനങ്ങള്‍ക്ക് പാപ്പായുടെ അമേരിക്കയിലെ പ്രത്യേക പ്രതിനിധിയായ ക്രിസ്റ്റോഫെ പിയറെ മെത്രാപ്പോലീത്ത നന്ദി അറിയിച്ചു. അമേരിക്കന്‍ സമൂഹത്തിന്റെ പുതിയ ഉണര്‍വില്‍ ശക്തമായ സംഭാവനകള്‍ ചെയ്യുന്നത് യുവജനങ്ങളാണെന്ന് കാപ്പിറ്റോള്‍ വണ്‍ അരീനയില്‍ തടിച്ചു കൂടിയ പതിനായിരങ്ങളെ സാക്ഷിയാക്കി മെത്രാപ്പോലീത്ത പറഞ്ഞു.

"വിശുദ്ധ കുർബാനയിലും, ഇതിനു ശേഷം വാഷിംഗ്‌ടണിന്റെ തെരുവില്‍ നടക്കുന്ന മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയിലും കത്തോലിക്കാ വിശ്വാസത്തിനു സാക്ഷ്യം വഹിക്കുവാന്‍ എത്തിയിരിക്കുന്ന നിങ്ങള്‍ക്ക് നന്ദി". വിശാലമായ ഈ രാജ്യത്തിന്റെ ഭാവി യുവജനങ്ങളായ നിങ്ങളുടെ കൈകളിലാണെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേര്‍ത്തു. ഫ്രാന്‍സിസ് പാപ്പയുടെ ലഘു സന്ദേശം പിയറി മെത്ത്രാപ്പോലീത്ത വായിക്കുകയുണ്ടായി. ഓരോരുത്തരും ഒരു സഹോദരനോ, സഹോദരിയോ ആയിരിക്കുന്ന ഒരു നല്ല സമൂഹം നിര്‍മ്മിക്കേണ്ടതിന് ഓരോ മനുഷ്യ ജീവന്റേയും ജീവിതാന്തസ്സിനെ ബഹുമാനിക്കേണ്ടത് അത്യാവശ്യമാണെന്ന് തന്റെ സന്ദേശത്തിലൂടെ പാപ്പാ പറഞ്ഞു. പാപ്പായുടെ ഓരോ വാക്കുകളും ആരവങ്ങളോടെയാണ് ആളുകള്‍ ഏറ്റെടുത്തത്.

രാവിലെ 9 മണിക്ക്  ആരംഭിച്ച ജപമാലക്ക് ശേഷം വിശുദ്ധ കുര്‍ബാന ആരംഭിച്ചു. പിയറെ മെത്രാപ്പോലീത്ത തന്നെയായിരുന്നു വിശുദ്ധ കുർബാനക്കും നേതൃത്വം നല്‍കിയത്. സഹായക മെത്രാന്‍മാരായ മാരിയോ ഡോര്‍സണ്‍ വില്ലെ, റോയി കാംബെല്‍ തുടങ്ങിയവര്‍ രൂപതയെ പ്രതിനിധീകരിച്ച് കുർബാനയില്‍ പങ്കെടുത്തു. അമേരിക്കന്‍ മെത്രാന്‍ സമിതി പ്രസിഡന്റായ കര്‍ദ്ദിനാള്‍ ഡാനിയല്‍ ഡിനാര്‍ദോ, ഓസ്ട്രേലിയയിലെ സിഡ്നിയിലെ മെത്രാപ്പോലീത്ത അന്തോണി ഫിഷര്‍ തുടങ്ങിയ പ്രമുഖരും സന്നിഹിതരായിരുന്നു. 

ഏതാണ്ട് പതിനെണ്ണായിരത്തോളം പ്രോലൈഫ് പ്രവര്‍ത്തകര്‍ വിശുദ്ധ കുർബാനയില്‍ പങ്കെടുത്തു. പങ്കെടുത്തവരില്‍ ഭൂരിഭാഗവും മുപ്പതിന് താഴെ പ്രായമുള്ളവരായിരുന്നുവെന്നതു ശ്രദ്ധേയമാണ്. റാലിയില്‍ പങ്കെടുക്കുന്നവര്‍ക്ക് കുമ്പസാരിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു.

More Archives >>

Page 1 of 408