News - 2024

മോസ്കോയിലെ ആദ്യത്തെ അര്‍മേനിയന്‍ കത്തോലിക്ക ദേവാലയത്തിന് സര്‍ക്കാര്‍ സ്ഥലം

സ്വന്തം ലേഖകന്‍ 19-01-2019 - Saturday

മോസ്കോ: കത്തോലിക്കാ സഭയുടെ പൗരസ്ത്യ വ്യക്തി സഭകളിലൊന്നായ അര്‍മേനിയന്‍ കത്തോലിക്കാ സഭയുടെ മോസ്കോയിലെ ആദ്യ ദേവാലയ നിര്‍മ്മാണത്തിന് വേണ്ട സ്ഥലം മോസ്കോ ഗവണ്‍മെന്റ് വിട്ടുനല്‍കി. 75,400 ചതുരശ്ര അടി (0.7 ഹെക്ടര്‍) സ്ഥലമാണ് ദേവാലയനിര്‍മ്മാണത്തിനായി നല്‍കിയിരിക്കുന്നത്. അര്‍മേനിയ, ജോര്‍ജ്ജിയ, റഷ്യ, കിഴക്കന്‍ യൂറോപ്പ് മേഖലയിലെ അര്‍മേനിയന്‍ സഭാ പിതാവായ റഫായേല്‍ മിനാസ്സിയാന്‍ മെത്രാപ്പോലീത്ത ഇക്കഴിഞ്ഞ ജനുവരി 11-ലെ മോസ്കോ സന്ദര്‍ശനം നടത്തിയതിനു പിന്നാലെയാണ് തീരുമാനം. മോസ്കോ ഗവണ്‍മെന്റ് തന്നെയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്.

സന്ദര്‍ശനത്തിന്റെ ഭാഗമായി മിനാസ്സിയാന്‍ മെത്രാപ്പോലീത്ത മോസ്കോ പാത്രിയാര്‍ക്കേറ്റിന്റെ എക്സ്റ്റേണല്‍ ചര്‍ച്ച് റിലേഷന്‍ വിഭാഗത്തിന്റെ ചെയര്‍മാനായ ഹിലാരിയോണ്‍ അല്‍ഫെയേവ് മെത്രാനുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം റഷ്യയില്‍ ഒരു ലക്ഷത്തോളം അര്‍മേനിയന്‍ കത്തോലിക്കാ കുടുംബങ്ങളും തലസ്ഥാനമായ മോസ്ക്കോയില്‍ ഏതാണ്ട് അഞ്ഞൂറോളം അര്‍മേനിയന്‍ കുടുംബങ്ങളുമാണ് മോസ്കോയിലുള്ളത്. ദേവാലയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ മോസ്കോയിലെ ആദ്യത്തെ അര്‍മേനിയന്‍ കത്തോലിക്കാ ദേവാലയമായിരിക്കും ഇത്. റഷ്യയും അര്‍മേനിയന്‍ കത്തോലിക്കാ സഭയും തമ്മിലുള്ള ചരിത്രത്തിലെ ഒരു സുപ്രധാന വഴിത്തിരിവായാണ് ദേവാലയത്തെ ഏറെ നോക്കികാണുന്നത്.

More Archives >>

Page 1 of 407