News - 2024

വൈദികർ വിവാഹം ചെയ്യുന്നതിനോട് എതിർപ്പ്; ബ്രഹ്മചര്യം സഭയ്ക്കുള്ള സമ്മാനമാണെന്നു പാപ്പ

സ്വന്തം ലേഖകന്‍ 29-01-2019 - Tuesday

വത്തിക്കാൻ സിറ്റി: ലത്തീൻ സഭയിൽ വൈദികരാകുന്നവർ വിവാഹം ചെയ്യുന്നതിനോട് തനിക്ക് എതിർപ്പാണെന്ന് വ്യക്തമാക്കി ഫ്രാൻസിസ് മാർപാപ്പ. ഏതാനും ചില പൗരസ്ത്യ സഭകളിൽ ഉള്ളതു പോലെ ലത്തീൻ സഭയിലും വിവാഹിതരായവരെ പൗരോഹിത്യം സ്വീകരിക്കാൻ അനുവദിക്കുമോ എന്നുള്ള ചോദ്യത്തിന് ഉത്തരമായാണ് ഫ്രാൻസിസ് മാർപാപ്പ തന്റെ നിലപാട് വ്യക്തമാക്കിയത്. ലോക യുവജന സംഗമത്തിനുശേഷം പനാമയിൽ നിന്ന് വത്തിക്കാനിലേക്ക് മടങ്ങവേ വിമാനത്തിൽ വച്ചാണ് മാധ്യമപ്രവർത്തകയിൽ നിന്നും ഇപ്രകാരം ഒരു ചോദ്യമുയർന്നത്.

'പൗരോഹിത്യ ബ്രഹ്മചര്യം മാറ്റുന്നതിനെക്കാൾ എന്റെ ജീവൻ നൽകാൻ ഞാൻ തയ്യാറാണ്' എന്ന പോൾ ആറാമൻ മാർപാപ്പ പറഞ്ഞ വാചകമാണ് ഇക്കാര്യത്തെപ്പറ്റി ചിന്തിക്കുമ്പോൾ തന്റെ മനസ്സിലേക്കു വരുന്നതെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. താൻ അതിന് അനുമതി നൽകുകയില്ല എന്നും, ഇങ്ങനെയൊരു തീരുമാനം എടുത്തിട്ട് ദൈവത്തിന് മുമ്പിൽ നിൽക്കാൻ തനിക്ക് സാധിക്കുമെന്ന് തോന്നില്ലായെന്നും മാർപാപ്പ കൂട്ടിച്ചേർത്തു. ഏതാണ്ട് ഒരു മണിക്കൂറോളം മാധ്യമപ്രവർത്തകരും മാർപാപ്പയുമായുള്ള സംഭാഷണം നീണ്ടുനിന്നു.

'വിശ്വാസം തെളിയിക്കപ്പെട്ടിട്ടുള്ള വിവാഹിതരായവരേയും പുരോഹിതഗണത്തിലേക്ക് പരിഗണിക്കണമെന്നതിനെകുറിച്ച് പരിശുദ്ധാത്മാവ് എന്താണ് ആവശ്യപ്പെടുന്നതെന്ന് തിരുസഭ ചിന്തിക്കണ'മെന്ന ഫ്രാന്‍സിസ് പാപ്പായുടെ വാക്കുകൾ ഏറെ ചർച്ചക്ക് വഴി തെളിയിച്ചിരുന്നു. പിന്നീട് വൈദിക ബ്രഹ്മചര്യത്തിന്റെ ആവശ്യകതയെ ചൂണ്ടിക്കാട്ടി വിവിധ പ്രസ്താവനകൾ പാപ്പ നടത്തിയിട്ടുണ്ട്.


Related Articles »