Life In Christ - 2025

റഷ്യന്‍ സഭ വളര്‍ച്ചയുടെ നിറവില്‍: ഓരോ വര്‍ഷവും ആരംഭിക്കുന്നത് ആയിരം ദേവാലയങ്ങള്‍

സ്വന്തം ലേഖകന്‍ 29-01-2019 - Tuesday

മോസ്കോ: നിരീശ്വര രാജ്യമായിരിന്ന കമ്മ്യൂണിസ്റ്റ് റഷ്യയില്‍ ക്രൈസ്തവ സമൂഹം ശക്തമായ വളര്‍ച്ചയുടെ പാതയില്‍. നിലവില്‍ റഷ്യയില്‍ മുപ്പത്തിഎണ്ണായിരത്തിലധികം ഇടവകകളുണ്ടെന്ന് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാ പാത്രിയാര്‍ക്കല്‍ പ്രസ്സ് സെക്രട്ടറി ഫാ. അലെക്സാണ്ടര്‍ വോള്‍കോവ് അറിയിച്ചു. പാത്രിയാര്‍ക്കീസ് കിറില്‍ റഷ്യന്‍ സഭാ പിതാവായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ പത്താം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് വിളിച്ചു കൂട്ടിയ പ്രസ് കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

2009-ല്‍ പാത്രിയാര്‍ക്കീസ് കിറില്‍ പദവിയിലേറുമ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ പതിനായിരത്തിലധികം ഇടവകകളാണ് 2019 ആയപ്പോഴേക്കും വര്‍ദ്ധിച്ചതെന്ന് ഫാ. വോള്‍കോവ് പറഞ്ഞു. വര്‍ഷം തോറും ആയിരത്തിലധികം പുതിയ ഇടവകകളാണ് റഷ്യയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ദിവസം രണ്ടു മുതല്‍ മൂന്നു വരെ പുതിയ ഇടവകകളാണ് റഷ്യയില്‍ രൂപം കൊള്ളുന്നതെന്ന്‍ ഫാ. അലെക്സാണ്ടര്‍ പറയുന്നു. കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ക്കിടയില്‍ മെത്രാന്‍മാരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. പത്തുവര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്നതിനേക്കാള്‍ 182 മെത്രാന്‍മാരാണ് ഇപ്പോള്‍ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയില്‍ കൂടിയിട്ടുള്ളത്.

കഴിഞ്ഞ ദശകത്തെ അപേക്ഷിച്ച് റഷ്യന്‍ സമൂഹത്തിന് ക്രിസ്തീയ ജീവിതത്തോടുള്ള ആഭിമുഖ്യം ഇരട്ടിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. റഷ്യയിലെ ക്രൈസ്തവ സമൂഹം ഓരോ ദിവസവും വളരുകയാണെന്നും ഈ സ്ഥിതി തുടരുകയാണെങ്കില്‍ വിപ്ലവത്തിന് മുന്‍പുണ്ടായിരുന്നതിന് സമാനമാകുമെന്നും വൊളോകോലാംസ്കിലെ മെത്രാപ്പോലീത്തയായിരുന്നു ഹിലാരിയോണ്‍ നേരത്തെ പറഞ്ഞിരിന്നു. ഒരുകാലത്ത് ലോകത്തെ ഏറ്റവും വലിയ നിരീശ്വര രാജ്യമായിരിന്ന കമ്മ്യൂണിസ്റ്റ് റഷ്യ ഇന്നു ക്രൈസ്തവ വിശ്വാസത്തിന്റെ ശക്തമായ വിളനിലമാണ്. ബോള്‍ഷേവിക് വിപ്ലവകാലത്ത് അനേകം ക്രൈസ്തവരുടെ രക്തം റഷ്യന്‍ മണ്ണില്‍ വീണെങ്കിലും ഇതിന്റെ ഫലമെന്നോണമാണ് ഇന്നു റഷ്യ വിശ്വാസ ജീവിതത്തില്‍ മുന്നേറുന്നത്.


Related Articles »