News
കളിയാരവങ്ങൾ മുഴങ്ങിയ സഈദ് സ്റ്റേഡിയത്തില്‍ നാളെ ദൈവവചനം ഉയരും
സ്വന്തം ലേഖകന്‍ 04-02-2019 - Monday
അബുദാബി: ഫിഫ വേൾഡ് കപ്പ്, ക്ലബ് വേൾഡ് കപ്പ്, എഫ്എഫ്സി ഏഷ്യ കപ്പ്, വേൾഡ് യൂത്ത് ചാംപ്യൻഷിപ് തുടങ്ങി അനേകം രാജ്യാന്തര മത്സരങ്ങള്‍ക്കും പരിപാടികൾക്കും സാക്ഷ്യം വഹിച്ച സഈദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ നാളെ കര്‍ത്താവിന്റെ വചനം മുഴങ്ങും. അറേബ്യന്‍ ക്രൈസ്തവ സമൂഹം ഏറെ പ്രതീക്ഷയോടെ കാത്തിരിന്ന പാപ്പയുടെ വിശുദ്ധ കുര്‍ബാന അര്‍പ്പണം നാളെയാണ് സ്റ്റേഡിയത്തില്‍ നടക്കുക. 1,35,000 വിശ്വാസികളാണ് പാപ്പ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നത്. ലക്ഷക്കണക്കിന് ആളുകൾ ടെലിവിഷനിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും തൽസമയം പരിപാടിയുടെ ഭാഗമാകും.
യുഎഇയ്ക്ക് സഹിഷ്ണുതയുടെ പാഠങ്ങൾ പകർന്നു നൽകിയ രാഷ്ട്രപിതാവ് ഷെയ്ഖ് സഈദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ നാമത്തിലുള്ള സ്റ്റേഡിയത്തിൽ സമാധാനത്തിന്റെ ആഗോള വക്താവ് ലോക സമാധാനത്തിനായി പ്രാര്‍ത്ഥിക്കും. വെള്ളിയാഴ്ച എഫ്എഫ്സി ഏഷ്യ കപ്പ് മത്സര ഫൈനൽ നടന്നശേഷം യുദ്ധകാലാടിസ്ഥാനത്തിലാണ് പാപ്പയുടെ ബലിയര്‍പ്പണത്തിനും ശുശ്രൂഷകള്‍ക്കുമുള്ള ക്രമീകരണങ്ങള്‍ സ്റ്റേഡിയത്തില്‍ പുരോഗമിക്കുന്നത്. അതേസമയം പാപ്പയുടെ യുഎഇ സന്ദര്‍ശനത്തിന്റെ ഭാഗമായി വന്‍ സുരക്ഷയാണ് അറേബ്യന്‍ മേഖലയില്‍ ഉടനീളം ഒരുക്കിയിരിക്കുന്നത്.
സ്റ്റേഡിയത്തിന്റെ സുരക്ഷ വിലയിരുത്താൻ സായുധ സേനയുടെ ഹെലികോപ്റ്ററുകള്‍ സ്റ്റേഡിയത്തിനു മുകളിൽ വട്ടമിട്ടു പറക്കുന്നുണ്ട്. വിവിധ എമിറേറ്റ്സുകളിൽനിന്നായി ഗ്രാൻഡ് മോസ്ക്, എയർപോർട്ട് റോഡ് തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് കാൽനടയായി ആളുകളെ സ്റ്റേഡിയത്തിലെത്തിക്കാനാണ് പദ്ധതി. ഇതിനായി പ്രത്യേക നടപ്പാത ഒരുക്കുന്നുണ്ട്. സ്റ്റേഡിയത്തിന് പുറത്തുള്ളവർക്ക് കാണാൻ കൂറ്റൻ സ്ക്രീനുകളും തയാറാക്കിയിട്ടുണ്ട്. നിരവധി സ്പോര്‍ട്ട്സ് മത്സരങ്ങള്‍ക്കായും, ഇതര പരിപാടികള്‍ക്കായും സ്റ്റേഡിയം സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും ഒന്നര ലക്ഷത്തോളം പേരെ ഒന്നിച്ച് ഉൾക്കൊള്ളുന്നത് ഇതാദ്യമാണ്.
