India - 2025
ആരാണ് പാപ്പയുടെ ഈ സന്തത സഹചാരി?
സ്വന്തം ലേഖകന്‍ 04-02-2019 - Monday
ഫ്രാന്‍സിസ് പാപ്പയുടെ ചരിത്രപ്രാധാന്യമേറിയ യുഎഇ അപ്പസ്തോലിക സന്ദര്‍ശനം ആവേശഭരിതമായി തുടരുമ്പോള്‍ ഇപ്പോള്‍ മാധ്യമ ശ്രദ്ധയാകര്‍ഷിക്കുന്നത് പാപ്പയുടെ സന്തത സഹചാരിയായ വ്യക്തിയെ കുറിച്ചാണ്. ആരാണ് സദാസമയം പാപ്പയ്ക്കൊപ്പം നീങ്ങുന്ന ആ ഭാഗ്യവാനായ വ്യക്തി? ഉത്തരമിതാണ്. മാര്‍പാപ്പയുടെ വ്യക്തിഗത സെക്രട്ടറിമാരില്‍ ഒരാളായ മോണ്‍സിഞ്ഞോര്‍ യൊവാന്നിസ് ലാഹ്സി ഗയിഡ്.
അറബി, ഇംഗ്ലിഷ്, ഇറ്റാലിയന്‍, ഫ്രഞ്ച്, സ്പാനിഷ് തുടങ്ങി വിവിധ ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യുന്ന ഇദ്ദേഹം 2007 മുതല്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റില്‍ ശുശ്രൂഷ ചെയ്തു വരികയാണ്. അറബിഭാഷയിലുള്ള വത്തിക്കാന്‍റെ ഔദ്യോഗിക സംവാദങ്ങള്‍ക്കും, നയതന്ത്രപരമായ ഇടപെടലുകള്‍ക്കും, മറ്റ് ആശയവിനിമയങ്ങള്‍ക്കുമെല്ലാം മോണ്‍സിഞ്ഞോര്‍ യൊവാന്നിസാണ് പാപ്പയെ സഹായിക്കുന്നത്.
ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്റോയിലെ ഒരു സാധാരണ കത്തോലിക്കാ കുടുംബത്തില്‍ ജനിച്ച മോണ്‍സിഞ്ഞോര്‍ യൊവാന്നിസ് കോപ്റ്റിക് സെമിനാരിയില്‍ നിന്നാണ് പഠനത്തിന് ശേഷം പൗരോഹിത്യം സ്വീകരിച്ചത്. തുടര്‍ന്ന് റോമിലെ പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയില്‍നിന്നും കാനോന നിയമത്തില്‍ ഡോക്ടര്‍ ബിരുദം കരസ്ഥമാക്കി. 2007-ല്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റില്‍ ശുശ്രൂഷ ആരംഭിച്ച അദ്ദേഹം 2010-ല്‍ മുന്‍പാപ്പാ ബെനഡിക്ട് പതിനാറാമന്‍ നടത്തിയ ലെബനോന്‍ അപ്പസ്തോലിക യാത്രയില്‍ സഹായദൂതനായി വര്‍ത്തിച്ചിരിന്നു. പിന്നീട് 2014-ല്‍ ഫ്രാന്‍സിസ് പാപ്പ തന്‍റെ വ്യക്തിഗത സെക്രട്ടറിമാരില്‍ രണ്ടാമനായി അദ്ദേഹത്തെ നിയമിക്കുകയായിരിന്നു.
