India - 2024

"മാര്‍പാപ്പയെ വരവേറ്റ യുഎഇ നിലപാട് അഭിനന്ദനാര്‍ഹം, ഭാരത സന്ദര്‍ശനം നീട്ടുന്നത് വേദനാജനകം"

സ്വന്തം ലേഖകന്‍ 06-02-2019 - Wednesday

ചങ്ങനാശേരി: കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് യു.എ.ഇ. ഭരണാധികാരികള്‍ നല്‍കിയ സ്വീകരണം അത്യന്തം ശ്രേഷ്ടവും മാതൃകാപരവുമാണെന്ന് ചങ്ങനാശേരി അതിരൂപതാ പബ്ലിക്ക് റിലേഷന്‍സ്-ജാഗ്രതാ സമിതി. ഇസ്ലാമിക രാജ്യമായ യു.എ.ഇ. ഇക്കാര്യത്തില്‍ സ്വീകരിച്ച നിലപാട് ചരിത്രപ്രാധാന്യമുള്ളതാണെന്നും, മാര്‍പാപ്പയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് പൊതുഅവധിയും ദിവ്യബലിയില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് സൗജന്യഭക്ഷണവും യാത്രാസൗകര്യവും ക്രമീകരിച്ചത് വളരെ അഭിനന്ദനാര്‍ഹവുമാണന്നും സമിതി അഭിപ്രായപ്പെട്ടു.

ഭാരത സന്ദര്‍ശനത്തിന് മാര്‍പാപ്പാ താല്പര്യം പ്രകടിപ്പിച്ചെങ്കിലും അഞ്ചു വര്‍ഷമായിട്ടും അതിനുള്ള സൗകര്യം ഒരുക്കുവാന്‍ ഇന്ത്യാ ഗവണ്‍മെന്റിന് സാധിക്കാതിരുന്നത് ഭാരതത്തിലെ ക്രൈസ്തവ സമൂഹത്തിനും പൊതുസമൂഹത്തിനും വേദനയുളവാക്കുന്ന കാര്യമാണെന്നും സമിതി വിലയിരുത്തി. അതിരൂപതാകേന്ദ്രത്തില്‍ കൂടിയ യോഗത്തില്‍ പി. ആര്‍. ഒ അഡ്വ. ജോജി ചിറയില്‍ അദ്ധ്യക്ഷത വഹിച്ചു. ജാഗ്രതാ സമിതി കോഡിനേറ്റര്‍ ഫാ. ആന്റണി തലച്ചല്ലൂര്‍, ജോബി പ്രാക്കുഴി, കെ.വി. സെബാസ്റ്റ്യന്‍, കുര്യച്ചന്‍ പുതുക്കാട്ടില്‍, അഡ്വ. ജോര്‍ജ്ജ് വര്‍ഗ്ഗീസ് കോടിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


Related Articles »