India - 2025

മഞ്ഞനിക്കരയിലേക്ക് തീര്‍ത്ഥാടക സംഘങ്ങള്‍

സ്വന്തം ലേഖകന്‍ 09-02-2019 - Saturday

പത്തനംതിട്ട: മഞ്ഞനിക്കരയില്‍ പരിശുദ്ധ ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ 87ാമത് ഓര്‍മപ്പെരുന്നാളില്‍ പങ്കെടുക്കാനായി നാടിന്റെ നാനാഭാഗങ്ങളില്‍നിന്നു കാല്‍നട തീര്‍ത്ഥാടക സംഘങ്ങളുടെ നിലക്കാത്ത പ്രവാഹം. ദിവസങ്ങള്‍ക്കു മുന്‍പേ യാത്ര ആരംഭിച്ച വടക്ക്, ഹൈറേഞ്ച് മേഖലകളില്‍നിന്നുള്ള തീര്‍ത്ഥാടകരാണ് ഏറ്റവുമധികം ദൂരം താണ്ടി കബറിങ്കലെത്തിയത്. ഇവരോടൊപ്പം കിഴക്ക്, തെക്ക് മേഖലകളില്‍നിന്നുള്ളവരും വിവിധ ഇടവകകളുടെ നേതൃത്വത്തിലും പദയാത്രകളെത്തി.

ക്‌നാനായ അതിഭദ്രാസനാധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, കുര്യാക്കോസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത എന്നിവര്‍ ചേര്‍ന്നു തീര്‍ത്ഥാടകസംഘങ്ങളെ സ്വീകരിച്ചു. സന്ധ്യാനമസ്‌കാരത്തിനു ശ്രേഷ്ഠ കാതോലിക്ക തോമസ് പ്രഥമന്‍ ബാവയും സഭയിലെ മെത്രാപ്പോലീത്തമാരും നേതൃത്വം നല്‍കി. തുടര്‍ന്നു നടന്ന തീര്‍ത്ഥാടക സമാപന സമ്മേളനം പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധി സ്വീഡന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ബെന്യാമിന്‍ അത്താസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ശ്രേഷ്ഠ കാതോലിക്ക ബാവ അധ്യക്ഷത വഹിച്ചു.


Related Articles »