India - 2025
എല്ലാം മറന്നു സ്നേഹിക്കുന്ന ദൈവ സ്നേഹമാണ് ക്രിസ്തുവിന്‍റേത്: ഡോ. ജോസഫ് മെത്രാപ്പോലീത്ത
സ്വന്തം ലേഖകന്‍ 11-02-2019 - Monday
മാരാമണ്‍: പ്രാര്‍ത്ഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍ ഏഷ്യയിലെ ഏറ്റവും വലിയ ആത്മീയ സംഗമമായ മാരാമണ്‍ കണ്‍വെന്‍ഷന് തുടക്കമായി. മാർത്തോമ്മ സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്തയാണ് 124ാം കൺവെൻഷൻ ഉദ്ഘാടനം ചെയ്തത്. എല്ലാം മറന്നു സ്നേഹിക്കുന്ന ദൈവസ്നേഹമാണ് ക്രിസ്തുവിലൂടെ ലഭിച്ചിരിക്കുന്നതെന്നും അന്യന്റേത് തട്ടിയെടുക്കുന്ന സ്നേഹവും ഇങ്ങോട്ടു സ്നേഹിച്ചാൽ മാത്രം തിരിച്ചു സ്നേഹിക്കുന്നതും ദൈവസ്നേഹമല്ലായെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ദൈവത്തിന്റെ പ്രകാശം മറ്റുള്ളവർക്കു പകർന്നു കൊടുക്കാൻ വേണ്ടിയാണ് മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത്. ജീവിതത്തിന്റെ ധന്യത, മനോഹാരിത എല്ലാം നഷ്ടപ്പെടുത്തി മനുഷ്യൻ അപകടരമായ അവസ്ഥയിൽ എത്തിയിരിക്കുന്നു. മതപരിവർത്തനത്തിനു വേണ്ടിയല്ല, വിശ്വാസ സമൂഹത്തിനു വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്നതിനു വേണ്ടിയുള്ളതാണ് മാരാമൺ കൺവൻഷനെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. യുയാക്കിം മാർ കൂറിലോസ് അധ്യക്ഷനായിരുന്നു. തിങ്കൾ മുതൽ ശനി വരെ രാവിലെ 10നും ഉച്ചയ്ക്ക് 2നും വൈകിട്ട് 5നും യോഗങ്ങൾ നടക്കും. കൺവൻഷൻ അടുത്ത ഞായറാഴ്ച സമാപിക്കും.
