News
ഫ്രാൻസിൽ കത്തോലിക്ക ദേവാലയങ്ങൾക്കു നേരെ വ്യാപക ആക്രമണം
സ്വന്തം ലേഖകന്‍ 15-02-2019 - Friday
പാരീസ്: ഫ്രാൻസിന്റെ വിവിധ സ്ഥലങ്ങളിൽ കത്തോലിക്ക ദേവാലയങ്ങൾക്കും, ആശ്രമങ്ങൾക്കും നേരെ വ്യാപക ആക്രമണം. ഫെബ്രുവരി മാസം മാത്രം ഏതാണ്ട് പത്തോളം ആക്രമണ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഫ്രാൻസിലെ മെയ്സൺ ലാഫിറ്റി പ്രവിശ്യയിലെ വിശുദ്ധ നിക്കോളാസിന്റെ നാമധേയത്തിലുള്ള ദേവാലയത്തിലെ സക്രാരി നശിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. തിരുവോസ്തികള്‍ ഛിന്നിചിതറിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. ഈ പ്രദേശത്ത് മാത്രം പല ദേവാലയങ്ങൾ ഏതാനും ദിവസങ്ങളുടെ ഇടവേളകളിൽ ആക്രമണത്തിന് വിധേയമായിട്ടുണ്ടെന്ന് പ്രാദേശിക വൈദികൻ വെളിപ്പെടുത്തി.
ടാൻ എന്ന നഗരത്തിലെ ദേവാലയത്തിന് ഫെബ്രുവരി അഞ്ചാം തീയതി രണ്ടു കൗമാരപ്രായക്കാർ തീ കൊളുത്തിയിരുന്നു. അഗ്നിബാധയിൽ ദേവാലയത്തിന്റെ പകുതി നശിപ്പിക്കപ്പെട്ടു. വർഷങ്ങളായി ഫ്രാൻസിൽ കത്തോലിക്കാ ദേവാലയങ്ങൾക്കെതിരെ വ്യാപകമായ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയായിട്ടാണ് ഈ വർഷവും ആക്രമണ പരമ്പര നടന്നതായി വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞവർഷം ഫ്രാൻസിലെ ബ്രിട്ടണി പ്രവിശ്യയിൽ ദേവാലയത്തിന് തീകൊളുത്താൻ ശ്രമിച്ച രണ്ട് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2018-ല്‍ തന്നെയാണ് 6 ദേവാലയങ്ങളിൽ മോഷണം നടത്തിയ റൊമാനിയൻ അഭയാർത്ഥി സംഘത്തിനെയും പോലീസ് പിടികൂടിയത്.