India - 2025
ദൈവവചനത്തിന്റെ ശക്തിയില്‍ നവസമൂഹത്തെ സൃഷ്ടിച്ചെടുക്കണം: ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്‌കോപ്പ
സ്വന്തം ലേഖകന്‍ 16-02-2019 - Saturday
മാരാമണ്‍: അസഹിഷ്ണുതയും ഭിന്നതയും വര്‍ധിച്ചുവരുന്ന കാലഘട്ടത്തില്‍ ദൈവവചനത്തിന്റെ ശക്തിയില്‍ നവസമൂഹത്തെ സൃഷ്ടിച്ചെടുക്കണമെന്നു മാര്‍ത്തോമ്മാ സഭ മുംബൈ ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്‌കോപ്പ. മാരാമണ്‍ കണ്‍വന്‍ഷനില്‍ ഇന്നലെ രാവിലെ നടന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദൈവികചിന്തയും മനുഷ്യതവും സമൂഹത്തില്‍നിന്ന് അകന്നു പൊയ്‌ക്കൊണ്ടിരിക്കുന്നു. ദൈവത്തിങ്കലേക്കുള്ള അളവുകോലാണ് അയല്‍ക്കാരനിലേക്കുള്ള ദൂരമെന്ന് എപ്പിസ്‌കോപ്പ ചൂണ്ടിക്കാട്ടി.
പുരുഷ മേധാവിത്വം ഉള്ളതിനാല്‍ സ്ത്രീകള്‍ക്കു മുഖ്യധാരയിലെത്താനാകുന്നില്ലെന്നതാണു പരിഭവം. എന്നാല്‍, ദൈവരാജ്യ സങ്കല്പത്തില്‍ സൃഷ്ടി മുഴുവന്‍ സമമാണെന്നു വിശ്വാസസമൂഹം തിരിച്ചറിയണം. സമൂഹത്തിലെ പീഡനം അനുഭവിക്കുന്നവരെയും ഭിന്നലിംഗക്കാരെയും അംഗീകരിക്കാതെ സഭകള്‍ മുന്നോട്ടു പോകാനാകില്ല. പീഡിതരെയും ആലംബഹീനരെയും തേടി കണ്ടെത്തുന്നതാണ് ക്രിസ്തീയത. മനുഷ്യത്വത്തില്‍ ജീവിക്കാന്‍ എല്ലാവര്‍ക്കും അവസരം ഉണ്ടാക്കുകയെന്ന ദൗത്യമാണ് ക്രിസ്തീയ സഭാംഗങ്ങള്‍ ആദ്യം ചെയ്യേണ്ടതെന്നും എപ്പിസ്‌കോപ്പ പറഞ്ഞു. ഇന്നലത്തെ യോഗത്തില്‍ യുയാക്കിം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പ അധ്യക്ഷതവഹിച്ചു. ഉച്ചകഴിഞ്ഞു നടന്ന യോഗത്തില്‍ ഡോ.ദാനിയേല്‍ ഹോയും വൈകുന്നേരം ആര്‍ച്ച്ബിഷപ് ജോണ്‍ ടക്കര്‍ മുഗാബെയും പ്രസംഗിച്ചു.
