News - 2024

കൊട്ടിയൂര്‍: വിധിയെ സ്വാഗതം ചെയ്തു മാനന്തവാടി രൂപതയും കെ‌സി‌ബി‌സിയും

സ്വന്തം ലേഖകന്‍ 16-02-2019 - Saturday

തലശ്ശേരി: കൊട്ടിയൂര്‍ പീഡനക്കേസിലെ കോടതി വിധിയെ സ്വാഗതം ചെയ്തു കെ‌സി‌ബി‌സി ജാഗ്രത സമിതിയും മാനന്തവാടി രൂപതയും. ചൂഷണത്തിനിരയായ പെണ്‍കുട്ടിക്കൊപ്പമാണ് സഭ നില്‍ക്കുന്നതെന്നും ഫാ.റോബിന്‍ വടക്കുംചേരി കുറ്റം ചെയ്തുവെന്ന് ബോധ്യപ്പെട്ടപ്പോള്‍ തന്നെ അദ്ദേഹത്തെ ഔദ്യോഗിക ഉത്തരവാദിത്വങ്ങളില്‍ നിന്നും നീക്കുകയും പൗരോഹിത്യ കടമകളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നുവെന്നും മാനന്തവാടി രൂപത വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് ഗൂഢാലോചനാക്കുറ്റം ആരോപിച്ച് സമര്‍പ്പിത വൈദിക ജീവിതം നയിക്കുന്നവരെ മനുഷ്യത്വരഹിതമായി പൊതുസമൂഹത്തില്‍ തേജോവധം ചെയ്ത മാധ്യമവിചാരണ അതിരുകടന്നതായിരുന്നു. വയനാട് ശിശുക്ഷേമ സമിതിയുടെ ചെയര്‍മാനായിരുന്ന ഫാ. തോമസ് ജോസഫ് തേരകം, അംഗമായിരുന്ന സി. ബെറ്റി ജോസ് എന്നിവരെ ശരിയായ അന്വേഷണം നടത്താതെയും അര്‍ഹമായിരുന്ന നിയമപരിരക്ഷ നല്‍കാതെയും ശിശുക്ഷേമസമിതി പിരിച്ചുവിട്ടത് സ്വാഭാവികനീതിയുടെ നിഷേധമായിരുന്നുവെന്നും രൂപത വിലയിരുത്തി.

വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കെ‌സി‌ബി‌സി ജാഗ്രത സമിതിയും അഭിപ്രായപ്പെട്ടു. സമര്‍പ്പിത ജീവിതം നയിക്കുന്നവരിലുണ്ടാകുന്ന ഇത്തരം വീഴ്ചകള്‍ ദുഃഖകരവും ഗുരുതരവുമാണ്. ഇത്തരം സംഭവങ്ങള്‍ ആവ്ര്‍ത്തിക്കുന്നില്ലായെന്ന് ഉറപ്പ് വരുത്താന്‍ കൂടുതല്‍ ജാഗ്രതയും കരുതലും പുലര്‍ത്തൂം. നിരപരാധികളെ കുറ്റവിമുക്തമാക്കിയ നടപടിയും ശ്രദ്ധാര്‍ഹമാണ്. കുട്ടികളുടെയും ദുര്‍ബലരുടെയും സുരക്ഷക്കും സംരക്ഷണത്തിനുമായി സഭ നടത്തിക്കൊണ്ടിരിക്കുന്ന പരിശ്രമങ്ങള്‍ കാര്യക്ഷമമാക്കാന്‍ എല്ലാവരിലും ജാഗ്രതയുണ്ടാകണമെന്നും കെ‌സി‌ബി‌സി ജാഗ്രത കമ്മീഷന്‍ പിഒസിയില്‍ ചേര്‍ന്ന യോഗത്തില്‍ അഭിപ്രായപ്പെട്ടു.


Related Articles »