India - 2025
ക്രൈസ്തവര്‍ക്ക് നേരെയുള്ള സര്‍ക്കാരിന്റെ ധാര്‍ഷ്ഠ്യം വിലപ്പോകില്ല: ലെയ്റ്റി കൗണ്‍സില്‍
സ്വന്തം ലേഖകന്‍ 19-02-2019 - Tuesday
കോട്ടയം: രാജ്യത്തിന്റെ ഭരണഘടന നല്‍കുന്ന അവകാശങ്ങളും നിലവിലുള്ള നിയമങ്ങളും ചര്‍ച്ച് ബില്ലിലൂടെ അട്ടിമറിച്ചു ക്രൈസ്തവ സമൂഹത്തെ വിരട്ടി വരുതിയിലാക്കാമെന്നും സഭാസ്ഥാപനങ്ങളുടെ നിയന്ത്രണം കൈവശപ്പെടുത്താമെന്നുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ ധാര്‍ഷ്ഠ്യവും അതിമോഹവും വിലപ്പോകില്ലെന്നു സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ.വി.സി. സെബാസ്റ്റ്യന്‍. സഭാവിരുദ്ധ ശക്തികള്‍ക്കു സഭയ്ക്കുള്ളിലേക്കു കടന്നുവരാനുള്ള വാതില്‍ തുറന്നു കൊടുക്കുന്നതാണ് നിര്‍ദിഷ്ട ചര്‍ച്ച് ബില്‍. ക്രൈസ്തവ സഭാവിഭാഗങ്ങളിലെ സ്വത്തുവകകള്‍ കൈകാര്യം ചെയ്യുന്നതു ശരിയായ രീതിയിലല്ലെന്ന ധാരണപരത്തി അവഹേളിക്കുകയെന്ന ഗൂഢ ഉദ്ദേശ്യവും ഇതിനു പിന്നിലുണ്ട്.
രാജ്യത്തു നിലവിലുള്ള നിയമ വ്യവസ്ഥകള്‍ക്കും ഇന്ത്യന്‍ ഭരണഘടനയുടെ 26ാം ആര്‍ട്ടിക്കിളിനും വിധേയമായി ഭാരതത്തിലുടനീളം െ്രെകസ്തവ സ്ഥാപനങ്ങളും സഭാസംവിധാനങ്ങളും സജീവ സാന്നിധ്യമായി പ്രവര്‍ത്തിക്കുന്‌പോള്‍ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത നിയമ നിര്‍മാണത്തിന് കേരളം മുതിരുന്നത്. 2009 ല്‍ അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ ചെയര്‍മാനായി അവതരിപ്പിച്ച കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍ ട്രസ്റ്റ് ബില്‍ 2009ന്റ ഛായം പൂശിയുള്ള നടത്തിപ്പു പ്രക്രിയയാണ് സംസ്ഥാന സര്‍ക്കാര്‍ പത്തു വര്‍ഷങ്ങള്‍ക്കുശേഷം ചര്‍ച്ച് ബില്‍ 2019ലൂടെ ലക്ഷ്യമിടുന്നത്.
ചര്‍ച്ച് ബില്ലിലെ എട്ട്, ഒന്പത് വകുപ്പുകളില്‍ പറഞ്ഞിരിക്കുന്ന ചര്‍ച്ച് െ്രെടബ്യൂണല്‍ രൂപീകരണം ഭരണഘടന ലംഘനവും ഭാവിയില്‍ വന്‍ പ്രത്യാഘാതം സൃഷ്ടിക്കുന്നതുമാണ്. വസ്തുവകകളെക്കുറിച്ചു തര്‍ക്കമുണ്ടായാല്‍ പരിഹരിക്കാന്‍ രാജ്യത്തു നിലവില്‍ നിയമങ്ങളുണ്ടെന്നിരിക്കെ പ്രശ്‌നപരിഹാരത്തിനു പ്രത്യേക ട്രൈബ്യൂണല്‍ സ്ഥാപിക്കുക എന്ന നിര്‍ദേശത്തിനു പിന്നില്‍ ദുരുദ്ദേശ്യമുണ്ട്. 2009ലെ ഇടതുപക്ഷ സര്‍ക്കാര്‍ അവതരിപ്പിച്ച് അവസാനം ഉപേക്ഷിക്കേണ്ടിവന്ന ചര്‍ച്ച് ബില്‍ വീണ്ടും പൊടിതട്ടിയെടുത്തു പുതിയ രീതിയില്‍ അവതരിപ്പിക്കുകയും സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ഭരണത്തിലുള്ളവരുടെ അറിവോടെ കരട് ബില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരിക്കുമ്പോള്‍ നിര്‍ദിഷ്ട ചര്‍ച്ച് ബില്ലിനെക്കുറിച്ച് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്പ് ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാരും പരസ്യമായി നിലപാടു വ്യക്തമാക്കണമെന്നും ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ആവശ്യപ്പെട്ടു.
