India - 2025

സമര മാർഗ്ഗങ്ങളിൽ നിന്ന് വൈദികരും അല്‍മായരും പിന്മാറണം: സീറോമലബാർ സഭ

പ്രവാചകശബ്ദം 26-12-2022 - Monday

കാക്കനാട്: ഡിസംബർ 23-24 തീയതികളിൽ എറണാകുളം-അങ്കമാലി അതിരൂപതയുടെ കത്തീഡ്രൽ ദേവാലയമായ സെന്റ് മേരിസ് ബസിലിക്കയിൽ നടന്ന പ്രതിഷേധങ്ങളിൽ സീറോമലബാർ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും, എറണാകുളം-അങ്കമാലി അതിരൂപയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രറേറ്റർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തും ദുഃഖവും വേദനയും രേഖപ്പെടുത്തി പ്രസ്തുത സംഭവങ്ങളെ അപലപിച്ചു. ദേവാലയ വിശുദ്ധിയുടെയും കൗദാശികമായ പാവനതയുടെയും സഭാപരമായ അച്ചടക്കത്തിന്റെയും സകല അതിർവരമ്പുകളും ലംഘിച്ച സംഭവങ്ങളാണ് എറണാകുളം-അങ്കമാലി അതിരൂപതയുടെ ബസിലിക്ക ദേവാലയത്തിനകത്ത് ഡിസംബർ 23-24 തീയതികളിൽ നടന്നത്. ഒരു സമരമാർഗ്ഗമായി വി. കുർബാനയെ ഉപയോഗിച്ച രീതി സമാനതകളില്ലാത്ത അച്ചടക്കലംഘനമാണെന്ന്‍ സീറോ മലബാര്‍ മീഡിയ കമ്മീഷന്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് വി. കുർബാനയെ അവഹേളിക്കുകയും ദേവാലയത്തിന്റെ പവിത്രതയെ കളങ്കപ്പെടുത്തുകയും ചെയ്ത എല്ലാവർക്കുമെതിരെ സഭാപരമായ കർശന നടപടി സ്വീകരിക്കുന്നതാണ്. സീറോമലബാർ സഭാ മെത്രാൻ സിനഡിൻ്റെ തീരുമാനപ്രകാരം, പരിശുദ്ധ സിംഹാസനത്തിന്റെ അംഗീകാരത്തോടെ നിശ്ചയിക്കപ്പെട്ട ഏകീകൃത കുർബാനയർപ്പണരീതിയ്ക്കെതിരായും അതിനോടുള്ള പ്രതിഷേധമായും ഏതാനും വൈദികരും അല്മായരും ചേർന്നു നടത്തിയ നീതികരിക്കാനാവാത്ത സംഭവങ്ങളിൽ സീറോമലബാർ സഭ ഒന്നാകെ അതീവ ദുഃഖത്തിലാണ്. ഏകീകൃത കുർബാനയർപ്പണവുമായി ബന്ധപ്പെട്ട സമരമാർഗ്ഗങ്ങളിൽ നിന്ന് ഇതിന് നേതൃത്വം കൊടുക്കുന്ന വൈദികരും അല്മായരും പിന്മാറണമെന്നും സഭാപരമായ അച്ചടക്കം പാലിക്കണമെന്നും അഭ്യർത്ഥിക്കുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു.


Related Articles »