News - 2025

ജര്‍മ്മന്‍ മിഷ്ണറിയുടെ പ്രതിമ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികള്‍

സ്വന്തം ലേഖകന്‍ 19-02-2019 - Tuesday

റാഞ്ചി: ജാർഖണ്ഡിൽ വിവിധ സന്നദ്ധ സേവന പ്രവർത്തനങ്ങളിലൂടെ അനേകര്‍ക്ക് പുതുജീവിതം സമ്മാനിച്ച ജർമ്മനിയിൽ നിന്ന് എത്തിയ ജസ്യൂട്ട് മിഷ്ണറിയുടെ പ്രതിമ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബി‌ജെ‌പി പ്രവര്‍ത്തകരായ തീവ്ര ഹിന്ദുത്വവാദികള്‍ രംഗത്ത്. റാഞ്ചിയിൽ നിന്ന് ഇരുപതു കിലോമീറ്ററുകളോളം അകലെയുള്ള സര്‍വഡ എന്ന സ്ഥലത്തെ അമലോത്ഭവ മാതാവിന്റെ നാമധേയത്തിലുള്ള ദേവാലയത്തിനു മുൻപിലെ ഫാ. ജോൺ ബാപ്റ്റിസ്റ്റ് ഹോഫ്മാന്റെ പ്രതിമ നീക്കം ചെയ്യണമെന്നാണ് തീവ്ര ഹിന്ദുത്വവാദികള്‍ ആവശ്യപ്പെടുന്നത്. ദേശീയ മാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ഒരു ആദിവാസി നേതാവിന്, ഫാ. ജോണിന്റെ പ്രതിമ സ്ഥലത്ത് സ്ഥിതി ചെയ്യുന്നത് നിന്ദാപരമാണെന്നാണ് തീവ്ര ഹൈന്ദവ വിഭാഗങ്ങൾ ആരോപിക്കുന്നത്. എന്നാൽ അവരുടെ ഉദ്ദേശം പ്രാദേശിക ജനവിഭാഗങ്ങളിൽ ഭിന്നിപ്പുണ്ടാക്കി വരുന്ന തെരഞ്ഞെടുപ്പിൽ വോട്ട് നേടാനാണെന്നു ഗ്ലോബൽ കൗൺസിൽ ഓഫ് ഇന്ത്യൻ ക്രിസ്ത്യൻസ് എന്ന സംഘടനയുടെ അധ്യക്ഷൻ സാജൻ ജോർജ് പറഞ്ഞു. ഇത്തരത്തിലുള്ള സംഘർഷങ്ങൾ ഇതിനു മുൻപും തീവ്ര ഹൈന്ദവ വിഭാഗങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. തീവ്ര ആശയക്കാരുടെ തുടർച്ചയായ മേൽനോട്ടത്തിലാണ് ക്രൈസ്തവർ ജീവിക്കുന്നതെന്നും, തിരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കി, ക്രൈസ്തവ വിരുദ്ധ വികാരം പ്രദേശത്ത് നിരന്തരം സൃഷ്ടിക്കാൻ അവർ ശ്രമിക്കാറുണ്ടെന്നും സാജൻ ജോർജ്ജ് പറയുന്നു.

പ്രദേശത്തെ ആദിവാസികൾക്കായി ഭൂമിയുടെ മേലുള്ള അവകാശത്തിനുവേണ്ടി ശക്തമായ പോരാട്ടം നയിച്ച മിഷ്ണറിയാണ് ഫാ. ജോൺ ബാപ്റ്റിസ്റ്റ് ഹോഫ്മാൻ. ഖണ്ഡി സര്‍വഡ മേഖലയിലാണ് അദ്ദേഹം തന്റെ സേവനത്തിലൂടെ ആയിരങ്ങള്‍ക്കു പുതുജീവിതം സമ്മാനിച്ചത്. അടുത്തിടെ ലോകത്ത് ക്രൈസ്തവര്‍ ഏറ്റവും കൂടുതല്‍ പീഡനവും വിവേചനവും അനുഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഭാരതത്തെ ഉള്‍പ്പെടുത്തിക്കൊണ്ട് ഓപ്പണ്‍ ഡോര്‍സ് സംഘടന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിന്നു. തീവ്ര ഹിന്ദുത്വവാദികള്‍ രാജ്യത്തെ ക്രൈസ്തവര്‍ക്ക് നേരെ കടുത്ത ആക്രമണം അഴിച്ചുവിടുന്നുണ്ടെന്ന പരാമര്‍ശം ഈ റിപ്പോര്‍ട്ടില്‍ ഉണ്ടായിരിന്നു.


Related Articles »