News

കേരളത്തിലെ കത്തോലിക്ക കരിസ്‌മാറ്റിക്ക് ധ്യാനവിവരങ്ങൾ ഇനി വിരൽതുമ്പിൽ

സ്വന്തം ലേഖകന്‍ 22-02-2019 - Friday

താമരശ്ശേരി: കേരളത്തിലെ മുഴുവൻ ധ്യാനകേന്ദ്രങ്ങളിലും നടക്കുന്ന കരിസ്‌മാറ്റിക്ക് ധ്യാനങ്ങളുടെ വിവരങ്ങൾ അറിയാൻ കഴിയുന്ന വെബ്സൈറ്റ് യുഎഇ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന INFO CATHOLIC എന്ന ഓൺലൈൻ കൂട്ടായ്മ പുറത്തിറക്കി. http://www.charismaticretreats.com എന്നതാണ് വെബ്സൈറ്റ് വിലാസം. താമരശ്ശേരി രൂപതാ കാര്യാലയത്തിൽവെച്ച് ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ആണ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത്. കേരളത്തിന് പുറത്തു പഠിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും അവധിയോടനുബന്ധിച്ചു ധ്യാനത്തിൽ പങ്കെടുക്കുന്നതിന് അനുയോജ്യമായ തീയതിയും സ്ഥലവും കണ്ടുപിടിക്കുന്ന ഫിൽറ്റർ സൗകര്യമാണ് ഈ ഈ വെബ്സൈറ്റിന്റെ പ്രത്യേകത.

ഇടവകയിലെ മറ്റും ധ്യാനങ്ങൾ സംഘടിപ്പിക്കുന്നതിന് ബന്ധപ്പെടേണ്ട ധ്യാന കേന്ദ്രങ്ങളുടെയും ധ്യാന ടീമുകളുടെയും നമ്പറുകൾ, വിവിധ രൂപതകളിലെ വിവാഹ ഒരുക്ക കോഴ്‌സുകളുടെ വിവരങ്ങൾ, പള്ളികളുടെയും ആരാധന ചാപ്പലുകളുടെയും വിവരങ്ങൾ, മലയാളത്തിലും തമിഴിലുമുള്ള ലേഖനങ്ങൾ എന്നിവയും ഈ വെബ്സൈറ്റിൻറെ ഭാഗമാണ്. കെസിബിസി കരിസ്മാറ്റിക് കമ്മീഷന്റെയും മിഷനറീസ് ഓഫ് ഫെയ്ത്ത് വൈദികരുടെയും നിർദേശത്തോടെയും സഹകരണത്തോടെയാണ് ഈ വെബ്സൈറ്റ് പൂർത്തിയാക്കിയിരിക്കുന്നത്.

രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം ലോകം മുഴുവൻ അലയടിച്ച കത്തോലിക്കാ കരിസ്‌മാറ്റിക്ക് നവീകരണത്തിന്റെ ഭാഗമായി കേരളസഭയിൽ ഒരുപാടു മാനസാന്തരങ്ങളും ദൈവവിളികളും ഉണ്ടായിട്ടുണ്ട്. അൽമായ മുന്നേറ്റങ്ങളും വ്യക്തിഗത ദൈവവിളി അനുഭവങ്ങളും കേരളകത്തോലിക്കാ സഭയ്ക്ക് ഒരുപാട് വൈദികരെയും സിസ്റ്റേഴ്സിനെയും പ്രേഷിതരെയും മിഷനറികളെയും സമ്മാനിച്ചിട്ടുണ്ട്.

കരിസ്‌മാറ്റിക്ക് ധ്യാനങ്ങൾ പല കുടുംബങ്ങളിലും ഉണ്ടാക്കിയ സമാധാന അന്തരീക്ഷം മദ്യപാനവും അക്ഷരതയും നിറഞ്ഞിരുന്ന സമൂഹത്തെ നവീകരിക്കുന്നതിന് ഒരളവുവരെ സഹായിച്ചിട്ടുണ്ട്. കാലം മാറിയപ്പോഴും ദൈവവിളി തിരിച്ചറിഞ്ഞ പലരും വിശുദ്ധിയിൽ കൂടുതൽ നിലനിൽക്കുന്നതിനും ആഴത്തിലുള്ള പഠനത്തിനുമായി ശ്രമിച്ചു കൊണ്ടേയിരിക്കുന്നുണ്ട്. അത്തരത്തിലുള്ള കൂടുതൽ ആളുകളുടെ അന്വേഷണത്തിൻറെയും കൂടിച്ചേരലുകളുടെയും ബാക്കിപത്രമാണ് കേരളത്തിൽ ഇന്നുള്ള ധ്യാനകേന്ദ്രങ്ങളും അൽമായ പ്രേഷിത മുന്നേറ്റങ്ങളും.

നൂറിലധികം ധ്യാനകേന്ദ്രങ്ങളും അതിലേറെ മിനിസ്ട്രികളും ഇന്ന് കേരളത്തിലുണ്ട്. കത്തോലിക്കാസഭയിലെ ഭൂരിഭാഗം പള്ളികളും സ്ഥാപനങ്ങളും ഇന്ന് തിരുനാളുകളോടും ആഘോഷങ്ങളോടുമൊപ്പം ധ്യാനങ്ങളും സംഘടിപ്പിക്കാറുണ്ട്. വർഷത്തിലൊരിക്കലെങ്കിലും ഒരു ധ്യാനത്തിൽ പങ്കെടുക്കാൻ ശരാശരി കത്തോലിക്കരും ശ്രമിക്കാറുമുണ്ട്.

സാധാരണയായി ഒരു ധ്യാനത്തിന് പങ്കെടുക്കാൻ ആളുകൾ കൂടുതൽ ശ്രമിക്കാറുള്ളത് അവധിക്കാലങ്ങളിലാണ്. ചുരുങ്ങിയ നാളുകൾക്കിടയിൽ പറ്റിയ ഒരു ധ്യാനം കണ്ടുപിടിക്കാൻ കുറെയധികം ഫോൺകോൾകളും അന്വേഷണങ്ങളും വേണ്ടി വരാറുണ്ട്. ഇത്തരം ബുദ്ധിമുട്ടുകളെ ലഘൂകരിക്കുകയാണ് കരിസ്‌മാറ്റിക്ക് റിട്രീറ്റ്‌സ് ഡോട്ട് കോം. മാധ്യമസുവിശേഷവത്കരണം വളരെ അത്യാവശ്യമായ ഈ കാലഘട്ടത്തിന്റെ പ്രത്യേകത മനസ്സിലാക്കി ലോകസുവിശേഷവത്കരണത്തിൽ നവമാധ്യമസാധ്യതകളെ ഉപയോഗപ്പെടുത്തുന്നതിനായി 2013-ൽ രൂപപ്പെട്ട സമാന ചിന്താഗതിയുള്ള സുഹൃത്തുക്കളുടെ ഒരു ഓൺലൈൻ കൂട്ടായ്മയാണ് ഇൻഫോ കാത്തോലിക്. സെറാഫിൻ ചിൽഡ്രൻസ് മാഗസിനുവേണ്ടി പുറത്തിറക്കിയ സെറാഫിൻ റിട്രീറ്റ് ഫൈൻഡർ എന്ന മൊബൈൽ ആപ്ലിക്കേഷനായിരുന്നു ആദ്യത്തെ സംരംഭം.

തുടർന്ന് കത്തോലിക്കാ അധ്യാത്മകതയെ പരിപോഷിപ്പിക്കുന്ന ലേഖനങ്ങളും മാഗസിനുകളും വായിക്കാൻ കഴിയുന്ന INFO CATHOLIC എന്ന ഒരു ആൻഡ്രോയിഡ് മൊബൈൽ ആപ്ലിക്കേഷനും വികസിപ്പിച്ചുണ്ട്. സെറാഫിൻ മാഗസിനുവേണ്ടി സെറാഫിൻ ഓൺലൈൻ എന്ന കുട്ടികളുടെ തമിഴ് വെബ്സൈറ്റും ഇൻഫോ കാത്തലിക്ക് പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യ, യുഎ ഇ, അമേരിക്ക രാജ്യങ്ങളില്‍ നിന്നുള്ള ബോർഡ് ഓഫ് ഡയറക്ടർസ് ആഷ്‌ബിൻ തോമസ്, ഫാ ജോസ് മൈക്കിൾ MF എന്നിവരുടെ നേതൃത്വത്തിലാണ് INFO CATHOLIC പ്രവർത്തിക്കുന്നത്.


Related Articles »