News
പാപ്പയുടെ മാപ്പില്‍ 'നിക്കരാഗ്വ മന്ത്രി'യുടെ പൗരോഹിത്യ വിലക്ക് പിന്‍വലിച്ചു
സ്വന്തം ലേഖകന്‍ 22-02-2019 - Friday
മനാഗ്വേ: കാനോനിക നിയമം ലംഘിച്ച് മന്ത്രി പദം സ്വീകരിച്ചതിലൂടെ വൈദിക വൃത്തിയിൽനിന്ന് നീക്കിയ നിക്കരാഗ്വ വൈദികന്റെ പൗരോഹിത്യ ശുശ്രൂഷയിലെ വിലക്കുകൾ പിൻവലിച്ച് ഫ്രാൻസിസ് പാപ്പ. സാൻഡിനിസ്ത ഗവൺമെന്റിലെ മന്ത്രി സഭയിലെ അംഗത്വം സ്വീകരിച്ച് ഏറെ വിവാദത്തിന് വഴി തെളിയിച്ച ഫാ. ഏണസ്റ്റോ കാർഡെനല്‍ എന്ന വൈദികനാണ് അജപാലക ദൗത്യം തുടരാനുള്ള അധികാരം തിരിച്ചുനൽകിയിരിക്കുന്നത്. വൈദികന്റെ മേല്‍ ചുമത്തപ്പെട്ടിട്ടുള്ള എല്ലാ കൃറ്റകൃത്യങ്ങൾക്കും പാപമോചനം നൽകുന്നതായും പൗരോഹിത്യവരം തിരിച്ചുനൽകണമെന്ന് നിക്കരാഗ്വയിലെ പൊന്തിഫിക്കൽ പ്രതിനിധിവഴി സമർപ്പിച്ച നിവേദനം അംഗീകരിക്കുന്നതായും ഫ്രാൻസിസ് പാപ്പ പ്രസ്താവനയിലൂടെ ആഗോള സമൂഹത്തെ അറിയിച്ചു.
കവിയും വിമോചന ദൈവശാസ്ത്ര പ്രവർത്തകനും എഴുത്തുകാരനുമായി അറിയപ്പെടുന്ന ഏണസ്റ്റോ സേച്ഛാധിപത്യത്തിനെതിരായുള്ള നിരവധി വിപ്ലവങ്ങളിൽ സജീവമായിരുന്നു. ഈ പശ്ചാത്തലമാണ് രാഷ്ട്രീയത്തിൽ സജീവമാകാന്‍ കാരണമായത്. പിന്നീട് സാൻഡിനിസ്ത സഖ്യത്തിൽ പ്രവേശിച്ച് സാംസ്ക്കാരിക മന്ത്രിയാകുകയായിരിന്നു.
1979 മുതൽ 1987 വരെയാണ് അദ്ദേഹം മന്ത്രി പദവി തുടര്‍ന്നത്. വൈദിക ജീവിതത്തില്‍ നിന്നു തെന്നിമാറി രാഷ്ട്രീയ പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിന്ന ഏണസ്റ്റോയുടെ നിലപാടില്‍ വിശുദ്ധ ജോൺ പോൾ രണ്ടാമൻ അസംതൃപ്തനായിരുന്നു. പല പൊതുവേദികളിലും പരസ്യമായി തന്നെ ഏണസ്റ്റോക്കു പാപ്പ താക്കീത് നൽകി. തുടര്‍ന്നാണ് പൗരോഹിത്യ പദവി വിലക്കിയത്.
ഇപ്പോള്‍ 94 വയസുള്ള ഫാ. ഏണസ്റ്റോ വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് നിക്കരാഗ്വയിലെ ആശുപത്രിയിൽ ചികിത്സയിലാണെങ്കിലും മൂന്നര പതിറ്റാണ്ടിനുശേഷം പൗരോഹിത്യ ശുശ്രൂഷ പദവി തിരിച്ചുകിട്ടിയതിൽ ആഹ്ലാദത്തിലാണ്. ഫാ. ഏണസ്റ്റോയ്ക്ക് പൗരോഹിത്യം തിരിച്ചുനൽകുന്നതായി ഫ്രാൻസിസ് പാപ്പ സാക്ഷ്യപ്പെടുത്തുന്ന പ്രസ്താവനയിൽ ആർച്ച്ബിഷപ്പ് വാൾഡ്മർ സ്റ്റാനിസ്ലോയും നിക്കരാഗ്വയിലെ അപ്പസ്തോലിക് ന്യൂണ്‍ഷോയും ഒപ്പുവെച്ചിട്ടുണ്ട്.
